കാക്കനാട് ജോയിന്റ് ആർടിഒ സി.ഡി.അരുണിനെ കാണാൻ ക്യൂവിൽ നിൽക്കുന്നതിനിടെ എളമക്കര സ്വദേശിയായ വിമുക്ത ഭടൻ നടത്തിയ ആത്മഗതം ഇങ്ങനെയായിരുന്നു – ‘വെടിയും വയ്ക്കണം ഒപ്പം ഠോ എന്നു പറയുകയും വേണം’. വാഹനത്തിന്റെ ഉടമസ്ഥാവകാശം മാറ്റുന്നതിനായി ഓൺലൈനിൽ അപേക്ഷ നൽകിയിരുന്നെങ്കിലും, പോരായ്മകൾ പരിഹരിക്കാൻ ആർടി ഓഫീസിൽ നേരിട്ടെത്തണമെന്ന നിർദേശത്തോടുള്ള കടുത്ത അമർഷമാണ് അദ്ദേഹത്തിന്റെ വാക്കുകളിൽ പ്രകടമായത്.
ഇന്നലെ മാത്രം 105 പേരാണ് ടോക്കൺ എടുത്ത് ജോയിന്റ് ആർടിഒയെ കണ്ടത്. അപേക്ഷകർ ഓഫീസിൽ നേരിട്ടെത്താതെ തന്നെ എല്ലാ കാര്യങ്ങളും ഓൺലൈനിലൂടെ സാധ്യമാക്കുമെന്ന സർക്കാരിന്റെ പ്രഖ്യാപനം ഇപ്പോഴും കടലാസിൽ മാത്രമൊതുങ്ങുകയാണെന്നാണ് പൊതുവിമർശനം.
വർഷങ്ങൾക്കു മുൻപ് നടപ്പാക്കിയ ഡിജിറ്റൽ സംവിധാനങ്ങൾ ജനങ്ങൾക്ക് യാതൊരുവിധ പ്രയോജനവും ചെയ്യുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. പണ്ടത്തെ കാലത്ത് നേരിട്ടെത്തി അപേക്ഷ നൽകിയാൽ തൽക്ഷണം പോരായ്മകൾ പരിഹരിച്ച് മടങ്ങാൻ കഴിയുമായിരുന്നു.
എന്നാൽ, ഇന്നത്തെ സ്ഥിതി തികച്ചും വ്യത്യസ്തമാണ്. ഓൺലൈനായി അപേക്ഷ സമർപ്പിക്കാൻ അക്ഷയ കേന്ദ്രങ്ങളിലോ ഇ-സേവ കേന്ദ്രങ്ങളിലോ മണിക്കൂറുകൾ ക്യൂ നിൽക്കണം.
അതിനുശേഷം അതിന്റെ പ്രിന്റൗട്ടുമായി ആർടി ഓഫീസിലെത്തി വീണ്ടും ക്യൂ നിൽക്കേണ്ട ദുരിതത്തിലാണ് ജനങ്ങൾ.
ആധാർ കാർഡും ഫോൺ നമ്പറുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നങ്ങളാണ് പലരെയും വട്ടം കറക്കുന്നത്.
ഭൂരിഭാഗം നടപടിക്രമങ്ങളും പൂർത്തിയാക്കാൻ ഉദ്യോഗസ്ഥരെ നേരിൽ കാണേണ്ട അവസ്ഥയാണ് ഉള്ളത്.
ജോയിന്റ് ആർടിഒയുടെയും മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർമാരുടെയും മുറികൾക്ക് മുന്നിൽ ദിവസേന നീണ്ട നിരയാണ് കാണാൻ സാധിക്കുന്നത്.
ഡിജിറ്റൽ യുഗത്തിലും കെട്ടുകണക്കിന് പേപ്പറുകളുമായി ഓഫീസുകൾക്ക് മുന്നിൽ വരിനിൽക്കേണ്ടി വരുന്നത് സർക്കാരിന്റെ ഇ-ഗവേണൻസ് സംവിധാനങ്ങൾക്ക് തന്നെ തിരിച്ചടിയാകുന്നുണ്ട്. അതെല്ലാം മാറ്റിവെച്ച് ഉദ്യോഗസ്ഥരെ നേരിൽ കണ്ട് കാര്യങ്ങൾ തീർക്കാമെന്നു വെച്ചാൽ ‘പരിവാഹൻ’ വെബ്സൈറ്റ് വലിയ തടസ്സമായി മാറുന്നു.
ഈ സൈറ്റ് കൃത്യസമയത്ത് തുറന്നു കിട്ടുന്നത് വളരെ അപൂർവ്വമായി മാത്രമാണ്. എന്നാൽ ഇതിൽ ഇവിടത്തെ ഉദ്യോഗസ്ഥരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ലെന്നും, ഇത് കേന്ദ്ര സർക്കാരിന്റെ സൈറ്റാണെന്നും അധികൃതർ വ്യക്തമാക്കുന്നു.
സൈറ്റിന്റെ ഈ മെല്ലെപ്പോക്ക് പരിഹരിക്കാൻ ഒട്ടേറെ തവണ പരാതിപ്പെട്ടിട്ടും യാതൊരുവിധ നടപടിയും സ്വീകരിക്കുന്നില്ലെന്നാണ് പ്രധാന ആക്ഷേപം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

