കൊച്ചി: എസ്എൻഡിപി യോഗം മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ അന്വേഷണ പുരോഗതി കോടതിയെ അറിയിക്കുന്നതിനായി വിജിലൻസ് എസ്പി ഇന്ന് നേരിട്ട് ഹൈക്കോടതിയിൽ ഹാജരാകും. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ അടക്കമുള്ളവരാണ് കേസിൽ പ്രതികളായിട്ടുള്ളത്.
നേരത്തെ, 17 കേസുകളിൽ കുറ്റപത്രം തയ്യാറായിട്ടുണ്ടെന്നും സമാന സ്വഭാവമുള്ള ആരോപണങ്ങളുള്ള കേസുകൾ ഏകോപിപ്പിച്ചു കുറ്റപത്രം സമർപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്നും വിജിലൻസ് കോടതിയെ അറിയിച്ചിരുന്നു. എന്നാൽ കേസ് അന്വേഷണം വൈകുന്നതിലും വിചാരണ നടപടികൾ ആരംഭിക്കാത്തതിലും ഹൈക്കോടതി കടുത്ത അതൃപ്തിയാണ് രേഖപ്പെടുത്തിയത്.
കോടതിയിൽ സമർപ്പിച്ച റിപ്പോർട്ട് അപൂർണമാണെന്നും കുറ്റപത്രം നൽകുന്നതിൽ അകാരണമായ താമസം നേരിടുന്നുവെന്നും വിമർശിച്ചാണ് എസ്പി ശശിധരനോട് നേരിട്ട് ഹാജരാകാൻ കോടതി നിർദ്ദേശം നൽകിയത്. മൈക്രോഫിനാൻസ് തട്ടിപ്പുമായി ബന്ധപ്പെട്ട് 2016 ലാണ് വിജിലൻസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുന്നത്.
വെള്ളാപ്പള്ളി നടേശൻ, യോഗം പ്രസിഡന്റ് എം എൻ സോമൻ ഉൾപ്പെടെയുള്ള പ്രതികൾ അന്വേഷണ നടപടികളിൽ നിന്നും ഒഴിവാകാൻ ശ്രമം നടത്തിയെങ്കിലും, മുഴുവൻ പ്രതികളും വിചാരണ നേരിടണമെന്ന് ഹൈക്കോടതി ഉത്തരവിടുകയായിരുന്നു. കൂടാതെ കുറ്റപത്രം സമർപ്പിക്കാൻ വിജിലൻസിന് കർശന നിർദ്ദേശവും നൽകിയിരുന്നു.
കേസ് അനന്തമായി നീട്ടിക്കൊണ്ടുപോകാൻ അനുവദിക്കില്ലെന്നും, പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ച് റിപ്പോർട്ട് സമർപ്പിക്കണമെന്നും 2024ൽ കോടതി ഉത്തരവിട്ടിരുന്നെങ്കിലും തുടർനടടികളിൽ കാലതാമസം നേരിടുകയായിരുന്നു. ഇതിനുശേഷമാണ് എസ്പി ശശിധരന്റെ നേതൃത്വത്തിലുള്ള പുതിയ സംഘം കേസിന്റെ അന്വേഷണം ഏറ്റെടുത്ത് മുന്നോട്ട് കൊണ്ടുപോയത്.
നിലവിൽ ഈ അന്വേഷണ സംഘം രണ്ട് കേസുകളിൽ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

