രാജ്യം 80–ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കാൻ ഒരുങ്ങവെ, പത്തനംതിട്ട സെൻട്രൽ ജംക്ഷനിലെ മഹാത്മാഗാന്ധി പ്രതിമ കണ്ണടയില്ലാത്ത അവസ്ഥയിൽ.
ആഴ്ചകൾക്കു മുൻപാണ് നഗരമധ്യത്തിൽ സ്ഥിതി ചെയ്യുന്ന ഈ പ്രതിമയുടെ കണ്ണട സാമൂഹിക വിരുദ്ധർ അടിച്ചു മാറ്റിയത്.
പ്രതിമയുടെ സമീപത്ത് രാപ്പകൽ ഭേദമില്ലാതെ പൊലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും കവർച്ച നടന്ന് ആഴ്ചകൾ പിന്നിട്ടിട്ടും പ്രതികളെ കണ്ടെത്താൻ അധികൃതർക്കായിട്ടില്ല. പൊലീസ് സ്റ്റേഷനിൽ നിന്ന് 100 മീറ്ററിൽ താഴെ മാത്രം ദൂരത്തിലാണ് ഈ സംഭവം നടന്നിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.
കണ്ണട നഷ്ടപ്പെട്ടതോടെ ഗാന്ധിജിയുടെ മുഖഭാവത്തിൽ തന്നെ മാറ്റം വന്നിട്ടുണ്ട്.
കണ്ണട എടുത്തുമാറ്റിയതിനു പുറമെ പ്രതിമയുടെ കയ്യിൽ സാമൂഹിക വിരുദ്ധർ മാല ധരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
നേർത്ത ലോഹ ഫ്രെയിമിലുള്ള വൃത്താകൃതിയിലുള്ള കണ്ണടയാണ് പ്രതിമയിൽ സ്ഥാപിച്ചിരുന്നത്. ജൂനിയർ ചേംബർ ഇന്റർനാഷനലിന്റെ നേതൃത്വത്തിൽ സ്ഥാപിച്ചിട്ടുള്ള ഈ ഗാന്ധി പ്രതിമയിൽ ക്വിറ്റ് ഇന്ത്യാ ദിനത്തിൽ ഉൾപ്പെടെ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ പുഷ്പാർച്ചനകൾ നടന്നിരുന്നു.
പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാൽ കുറ്റവാളികളെ എളുപ്പത്തിൽ കണ്ടെത്താൻ സാധിക്കുമെങ്കിലും പൊലീസ് ഈ വിഷയത്തിൽ മൗനം പാലിക്കുകയാണെന്ന ആക്ഷേപമുണ്ട്. സംഭവത്തിന്മേൽ ഇതുവരെ പുതിയ കണ്ണട
സ്ഥാപിക്കാനോ മോഷ്ടാവിനെ കണ്ടെത്താനോ ആരും ഔദ്യോഗികമായി മുന്നോട്ടു വന്നിട്ടില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

