ഡൽഹിയിൽ സംഘടിപ്പിക്കുന്ന കേന്ദ്രവിരുദ്ധ സമരത്തിൽ പങ്കെടുക്കാനായി സിപിഐ ബുക്ക് ചെയ്തിരുന്ന പ്രത്യേക ട്രെയിൻ അധികൃതർ റദ്ദാക്കി. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ആണ് വാർത്താസമ്മേളനത്തിൽ ഇക്കാര്യം വെളിപ്പെടുത്തിയത്.
കേരളത്തിന് പുറമെ തമിഴ്നാട്, തെലങ്കാന, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിലും സമാനമായ രീതിയിൽ ട്രെയിൻ റദ്ദാക്കലുകൾ നടന്നിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. സെപ്റ്റംബർ 1-ാം തീയതി ഡൽഹിയിൽ വെച്ച് നടക്കാനിരിക്കുന്ന സമരത്തിൽ അണിനിരക്കാൻ പ്രവർത്തകരെ തലസ്ഥാനത്ത് എത്തിക്കാനായി 22 ബോഗികളുള്ള പ്രത്യേക ട്രെയിൻ ആയിരുന്നു പാർട്ടി മുൻകൂട്ടി ബുക്ക് ചെയ്തിരുന്നത്.
ട്രെയിനിന്റെ സ്റ്റോപ്പുകൾ സംബന്ധിച്ചുള്ള വിവരങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ ചർച്ച ചെയ്യാൻ വിവിധ പാർട്ടി നേതാക്കൾ കഴിഞ്ഞ ദിവസങ്ങളിൽ റെയിൽവേയുമായി നിരന്തരം ബന്ധപ്പെട്ടിരുന്നു. ഇതിനിടയിലാണ് മുൻകൂറായി പാർട്ടി അടച്ച 10 ലക്ഷം രൂപ ഐആർസിടിസിയുടെ ഏജൻസി മുഖേന പാർട്ടിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് തിരിച്ചെത്തിയത്.
എന്നാൽ പണം മടക്കി നൽകിയതല്ലാതെ ട്രെയിൻ റദ്ദാക്കാനുള്ള യഥാർത്ഥ കാരണം എന്താണെന്ന് ഇതുവരെ ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്ന് ബിനോയ് വിശ്വം കുറ്റപ്പെടുത്തി. കഴിഞ്ഞ മൂന്ന് ദിവസമായി ബന്ധപ്പെട്ട
ആരും ഫോൺ കോളുകളോട് പ്രതികരിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേന്ദ്രവിരുദ്ധ സമരത്തെ അട്ടിമറിക്കാനുള്ള ബോധപൂർവ്വമായ നീക്കമാണിതെന്ന് സംശയിക്കുന്നതായും എന്നാൽ ഇത്തരം നടപടികൾ കൊണ്ടുമാത്രം പാർട്ടി പിന്നോട്ടില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
സാധ്യമായ മറ്റ് എല്ലാ മാർഗ്ഗങ്ങളിലൂടെയും സിപിഐ പ്രവർത്തകർ ഡൽഹിയിൽ എത്തിച്ചേരുമെന്നും അദ്ദേഹം പറഞ്ഞു. റെയിൽവേയുടെ ഈ ഏകപക്ഷീയമായ നടപടിയിൽ പ്രതിഷേധിച്ച് നാളെ വൈകുന്നേരം സംസ്ഥാനത്തെ എല്ലാ ജില്ലകളിലെയും പ്രധാന റെയിൽവേ സ്റ്റേഷനുകളിലേക്ക് പ്രവർത്തകർ പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുമെന്നും ബിനോയ് വിശ്വം അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

