കേരളത്തിൽ സ്വർണവില ഇന്നും വർധന രേഖപ്പെടുത്തി. രാജ്യാന്തര വിപണിയിലെ വിലക്കയറ്റമാണ് സംസ്ഥാനത്തെയും ബാധിച്ചത്.
എന്നാൽ, രാജ്യാന്തരവില അഞ്ച് മാസത്തെ ഉയർന്ന നിരക്കിൽ നിന്നും താഴേക്ക് ഇറങ്ങിയത് വിപണിയിൽ ആശയക്കുഴപ്പത്തിന് ഇടയാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് ഇന്നു രാവിലെ ഒരു ഗ്രാം സ്വർണത്തിന് 25 രൂപ വർധിച്ച് 14,220 രൂപയായും, പവന് 200 രൂപ ഉയർന്ന് 1,13,760 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
രാജ്യാന്തര വിപണിയിൽ സ്വർണവില ഔൺസിന് 4,450 ഡോളർ വരെ ഉയർന്ന ശേഷം നിലവിൽ 4,393 ഡോളറിലേക്ക് താഴ്ന്നിരിക്കുകയാണ്. ഈ ഇടിവ് സംഭവിച്ചില്ലായിരുന്നെങ്കിൽ കേരളത്തിൽ ഇന്ന് ഗ്രാമിന് കുറഞ്ഞത് 100 രൂപയുടെയും പവന് 800 രൂപയുടെയും വർധന ഉണ്ടാകുമായിരുന്നു.
അമേരിക്കയിലെ പണപ്പെരുപ്പം കഴിഞ്ഞ മാസം ജൂണിലെ 3.5 ശതമാനത്തിൽ നിന്നും 3.4 ശതമാനമായി കുറഞ്ഞതാണ് തുടക്കത്തിൽ സ്വർണവിലയെ മുന്നോട്ട് നയിച്ചത്. പണപ്പെരുപ്പം ഇല്ലാതാകുന്നത് പലിശ നിരക്ക് വർധിക്കാനുള്ള സാധ്യത ഒഴിവാക്കുകയും, ഡോളറും ബോണ്ട് യീൽഡും താഴാൻ കാരണമാകുകയും ചെയ്തത് സ്വർണത്തിന് അനുകൂലമായി മാറി.
എന്നാൽ, പശ്ചിമേഷ്യയിൽ ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർഷം വീണ്ടും രൂക്ഷമായത് എണ്ണവില ഉയരാൻ കാരണമാകുമെന്ന ആശങ്ക ജനിപ്പിച്ചിട്ടുണ്ട്. എണ്ണവില വർധിക്കുന്നത് പണപ്പെരുപ്പത്തിനും തുടർന്ന് പലിശ നിരക്ക് ഉയരുന്നതിനും വഴിയൊരുക്കും.
ഇത് ഡോളറിന്റെയും ബോണ്ടിന്റെയും മൂല്യം കൂട്ടുകയും ഒടുവിൽ സ്വർണത്തിലുള്ള നിക്ഷേപ താൽപ്പര്യം കുറയ്ക്കുകയും ചെയ്യും. ഈ സാഹചര്യമാണ് നിലവിൽ വിപണിയിൽ ആശയക്കുഴപ്പം സൃഷ്ടിക്കുന്നത്.
വില താഴാനാണ് തീരുമാനമെങ്കിൽ രാജ്യാന്തരവില 3,940 ഡോളറിലേക്ക് വരെ ഇടിയാമെന്ന് വിപണി നിരീക്ഷകർ വിലയിരുത്തുന്നു. അങ്ങനെയെങ്കിൽ കേരളത്തിൽ പവൻവില 1.05 ലക്ഷം രൂപയിലും താഴെയെത്തുകയും, ഏഴായിരത്തിലധികം രൂപയുടെ കുറവുണ്ടാവുകയും ചെയ്യും.
എന്നാൽ മുന്നേറ്റമാണ് ഉണ്ടാകുന്നതെങ്കിൽ രാജ്യാന്തരവില 4,885 ഡോളർ വരെയും, കേരളത്തിൽ പവൻവില 1.20 ലക്ഷം രൂപ കടക്കുകയും ചെയ്തേക്കാം. അതേസമയം, ഇന്ന് കേരളത്തിൽ 18 കാരറ്റ് സ്വർണവില ഗ്രാമിന് 20 രൂപ വർധിച്ച് 11,680 രൂപയായി.
വെള്ളിയുടെ വിലയിൽ മാറ്റമില്ലാതെ ഗ്രാമിന് 255 രൂപയിൽ തുടരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

