സർവീസ് ജീവിതത്തിന് ശേഷം നാടകവേദിയിൽ പുതിയൊരു വഴിതുറന്നിരിക്കുകയാണ് മുൻ ജോയിന്റ് ആർടിഒ സുരേഷ് നടരാജൻ (61). മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ വൈക്കം മുഹമ്മദ് ബഷീറിന്റെ ദേശസഞ്ചാരകാലത്തെ അനുഭവങ്ങൾ പ്രമേയമാക്കിയ ‘ഒരു മനുഷ്യൻ’ എന്ന ചെറുകഥയാണ് തൃക്കുന്നപ്പുഴ കോട്ടേമുറി അക്കരക്കാരന്റെ പറമ്പിൽ സുരേഷ് നടരാജൻ ഏകാംഗ നാടകമായി പ്രേക്ഷകർക്ക് മുന്നിലെത്തിക്കുന്നത്.
ഇതിനോടകം തൃശൂർ, പാലക്കാട്, ആലപ്പുഴ ജില്ലകളിലായി ഏഴ് വേദികളിൽ ബഷീർ കഥാപാത്രമായി അദ്ദേഹം അഭിനയിച്ചുകഴിഞ്ഞു. സർവീസിൽ പ്രവേശിക്കുന്നതിന് മുൻപ് അമച്വർ നാടകങ്ങളിൽ സജീവമായിരുന്ന സുരേഷ്, കൃത്യം മുപ്പതുവർഷത്തെ ദീർഘമായ ഇടവേളയ്ക്ക് ശേഷമാണ് വീണ്ടും അഭിനയരംഗത്തേക്ക് കടന്നുവരുന്നത്.
അരീന തിയറ്റർ സർക്കിൾ കഴിഞ്ഞവർഷം അമ്പലപ്പുഴയിൽ സംഘടിപ്പിച്ച ഏകപാത്ര സൂക്ഷ്മാഭിനയ ശില്പശാലയിലൂടെയാണ് ഈ നാടകം രൂപംകൊണ്ടത്. കേന്ദ്ര സാംസ്കാരിക വകുപ്പിന്റെ സീനിയർ ഫെലോഷിപ്പ് ജേതാവായ ഡോ.
എം പ്രദീപനാണ് പ്രശസ്തമായ ഈ ചെറുകഥയെ ഏകാംഗ നാടകമായി ചിട്ടപ്പെടുത്തിയത്. ഏകദേശം അരമണിക്കൂർ നീളുന്ന ഈ നാടകത്തിൽ വൈക്കം മുഹമ്മദ് ബഷീറിനെ എഴുപത് വയസ്സുകാരനായും നാല്പത് വയസ്സുകാരനായുമാണ് സുരേഷ് വേദിയിൽ അവതരിപ്പിക്കുന്നത്.
ആകാശവാണിയിൽ ബി ഹൈ ഗ്രേഡ് ഡ്രാമ ആർട്ടിസ്റ്റ് കൂടിയാണ് ഇദ്ദേഹം. സ്വന്തം ജില്ലയായ ആലപ്പുഴയിൽ നൂറ് വേദികളിലെങ്കിലും ബഷീർ കഥാപാത്രമായി എത്തണമെന്നാണ് സുരേഷിന്റെ പ്രധാന ആഗ്രഹം.
ഭാര്യ: ഷേർളി, മകൾ: ആദിത്യവർഷ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

