കൊല്ലം നീണ്ടകരയിലുണ്ടായ ബോട്ട് ദുരന്തത്തിൽ അച്ഛനെയും ഭർത്താവിനെയും നഷ്ടപ്പെട്ട എസ്.രേഷ്മ, കടലിൽ കാണാതായ മകൻ ഗൗതം കൃഷ്ണയ്ക്കായുള്ള കാത്തിരിപ്പ് തുടരുകയാണ്.
അപകടം നടന്ന് ഇന്ന് 13 ദിവസം പിന്നിടുമ്പോഴും ബന്ധുക്കളുടെ നിർബന്ധം വകവെയ്ക്കാതെ അരിയാഹാരം കഴിക്കാൻ ഇവർ തയ്യാറായിട്ടില്ല. മുഖ്യമന്ത്രിയും മന്ത്രിമാരും രാഷ്ട്രീയ നേതാക്കളും അടക്കം നിരവധി പ്രമുഖർ വീട്ടിലെത്തി ആശ്വസിപ്പിച്ചു മടങ്ങിയെങ്കിലും, അവരോടൊക്കെ സംസാരിക്കുമ്പോൾ രേഷ്മയുടെ വാക്കുകൾ നിരന്തരം കണ്ണീരിൽ മുറിയുകയാണ്.
മകനായുള്ള തിരച്ചിൽ നിലവിൽ നടക്കുന്നുണ്ടെന്നും നേവിയും കോസ്റ്റ് ഗാർഡും ഉൾപ്പെടെയുള്ള സേനകൾ തെരച്ചിലിൽ സജീവമാണെന്നും അറിയാൻ സാധിച്ചതായി രേഷ്മ വ്യക്തമാക്കുന്നു. എങ്കിലും തന്റെ മകനെ ജീവനോടെയോ അല്ലാതെയോ തിരികെ കിട്ടണമെന്നും അതാണ് സർക്കാർ തനിക്ക് ചെയ്തുതരേണ്ട
ഏറ്റവും വലിയ സഹായമെന്നുമാണ് ഈ അമ്മയുടെ അപേക്ഷ. ജില്ലാ കലക്ടർ ദിവസവും നേരിട്ടെത്തി വിവരങ്ങൾ ധരിപ്പിക്കുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
എന്നാൽ, ദുരന്തത്തിന്റെ ആദ്യ ഘട്ടങ്ങളിൽ സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായ അലംഭാവത്തിൽ രേഷ്മ തുടക്കത്തിൽ ശക്തമായ നീരസം പ്രകടിപ്പിച്ചിരുന്നു. വള്ളം മറിഞ്ഞ ആദ്യ മണിക്കൂറുകളിലും തുടർന്നുള്ള മൂന്ന് ദിവസങ്ങളിലും കാര്യക്ഷമമായ തിരച്ചിൽ നടക്കാതിരുന്നതാണ് അന്ന് പോലീസിനെ സമീപിക്കുന്നതിനും പരാതി ഉന്നയിക്കുന്നതിനും കാരണമായതെന്ന് അവർ വ്യക്തമാക്കി.
വീട് വിറ്റുകിട്ടിയ പണം കൊണ്ടാണ് ഈ വള്ളം വാങ്ങിയത്. എന്നാൽ ഇന്നത്തെ അവസ്ഥയിൽ കിടക്കാൻ ഒരു തുണ്ട് ഭൂമിയോ വീടോ പോലുമില്ലാത്ത അവസ്ഥയിലാണ് രേഷ്മ.
അച്ഛനെയും ഭർത്താവിനെയും ഒരുപോലെ നഷ്ടപ്പെട്ടതോടൊപ്പം മകനെക്കുറിച്ചുള്ള യാതൊരു വിവരവും ലഭിക്കാത്തത് ഈ കുടുംബത്തെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഇനിയുള്ള കാലം എങ്ങനെ ജീവിക്കണമെന്നറിയാതെ പകച്ചുനിൽക്കുന്ന ഇവർ, ഇളയ മകന് ജോലിയും നിലവിലുള്ള ബാധ്യതകൾ തീർക്കാൻ സാമ്പത്തിക സഹായവും നൽകണമെന്ന് ഫിഷറീസ് മന്ത്രിയോട് അഭ്യർത്ഥിച്ചിട്ടുണ്ട്.
സർക്കാർ തങ്ങളെ കൈവിടില്ലെന്നാണ് ഇവർ അടിയുമായി വിശ്വസിക്കുന്നത്. ഭാവിയിൽ ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ സർക്കാരിന്റെ ഭാഗത്തുനിന്ന് കൃത്യമായ ഇടപെടലുകൾ ഉണ്ടാകണമെന്നും രേഷ്മ ഓർമ്മിപ്പിക്കുന്നു.
കടലിൽ പോകുന്ന മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാൻ അടിയന്തര ഘട്ടങ്ങളിൽ ഉടനടി ഇടപെടാൻതക്കവണ്ണം സർക്കാർ സംവിധാനങ്ങൾ സജ്ജമായിരിക്കണം. അപകടം നടന്ന് ആദ്യ മണിക്കൂറുകൾ നഷ്ടപ്പെട്ടാൽ പിന്നീട് എന്തു ചെയ്തിട്ടും ആ കുടുംബത്തിന്റെ തീരാദുഃഖത്തിന് പരിഹാരമാകില്ലെന്നും ഈ മാതാവ് കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

