മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിൽ വാഹനാപകടത്തിൽ പരുക്കേറ്റ പത്തൊമ്പതുകാരിയെ സഹായിക്കാനെന്ന വ്യാജേനയെത്തി തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കിയതായി പരാതി. മുംബൈയിൽനിന്ന് ഏകദേശം 150 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന തലാസാരിയിൽ തിങ്കളാഴ്ചയാണ് ഈ ക്രൂരകൃത്യം അരങ്ങേറിയത്.
സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പ്രതികളെ പൊലീസ് ഇതിനകം പിടികൂടിയിട്ടുണ്ട്. എന്നാൽ മറ്റു മൂന്ന് പ്രതികൾ കൂടി പിടിയിലാകാനുണ്ടെന്നും ഇവർക്കായുള്ള അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
സംഭവത്തെക്കുറിച്ച് പൊലീസ് നൽകുന്ന വിവരങ്ങൾ ഇങ്ങനെ: തലാസാരിയിൽ ആൺസുഹൃത്തിനൊപ്പം ഇരുചക്രവാഹനത്തിൽ സഞ്ചരിക്കുകയായിരുന്ന പെൺകുട്ടി, ആംഗാവ് പ്രദേശത്തിന് സമീപം എത്തിയപ്പോൾ നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയായിരുന്നു. അപകടത്തിൽ ഇരുവരുടെയും വാഹനം മറിഞ്ഞ് പരുക്കേറ്റു.
ഈ സമയം സഹായം വാഗ്ദാനം ചെയ്ത് അവിടേക്ക് എത്തിയ സംഘമാണ് ക്രൂരതയ്ക്ക് തുടക്കമിട്ടത്. ആദ്യം പെൺകുട്ടിയുടെ ആൺസുഹൃത്തിനെ ക്രൂരമായി മർദിച്ച് അവശനാക്കിയ ശേഷം, അക്രമികൾ പെൺകുട്ടിയെ ബലമായി വാഹനത്തിൽ കയറ്റി തട്ടിക്കൊണ്ടുപോകുകയായിരുന്നു.
ആളൊഴിഞ്ഞ ഒരു ബംഗ്ലാവിൽ എത്തിച്ചാണ് പെൺകുട്ടിയെ ഇവർ ക്രൂരമായ കൂട്ടബലാത്സംഗത്തിനിരയാക്കിയതെന്ന് തലാസാരി പൊലീസ് ഇൻസ്പെക്ടർ അജയ് ഗോരാഡ് വ്യക്തമാക്കി. പീഡനത്തിന് ശേഷം മോചിതരായ പെൺകുട്ടിയും ആൺസുഹൃത്തും നേരിട്ട് പൊലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകിയതിനെ തുടർന്നാണ് ഞെട്ടിക്കുന്ന വിവരം പുറത്തുവന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

