രാജ്യത്ത് വ്യാപകമായ പരീക്ഷാ ക്രമക്കേടുകൾക്കെതിരെ പ്രതിഷേധിച്ച വിദ്യാർത്ഥിക്ക് നേരെ ഉണ്ടായ പൊലീസ് അതിക്രമത്തിൽ കേന്ദ്രസർക്കാരിനെതിരെ അതിരൂക്ഷ വിമർശനവുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി രംഗത്തെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിച്ഛായ തകർന്നുപോയെന്നും ഇനി അത് തിരിച്ചുപിടിക്കാൻ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഒരു പോഡ്കാസ്റ്റിലൂടെയാണ് രാഹുൽ ഗാന്ധി തന്റെ പ്രതികരണം അറിയിച്ചത്. വിദ്യാർത്ഥികളെ മർദ്ദിക്കാൻ പൊലീസ് സേനയ്ക്ക് അനുമതി നൽകിയത് ആഭ്യന്തരമന്ത്രിയാണോ എന്ന് രാഹുൽ ഗാന്ധി ചോദ്യം ചെയ്തു.
ഒന്നുകിൽ വിദ്യാർത്ഥികൾക്ക് നേരെ നടന്ന പൊലീസ് നർബാധനത്തിൽ ആഭ്യന്തരമന്ത്രി അമിത് ഷാ കുറ്റക്കാരനാണ്, അല്ലെങ്കിൽ അദ്ദേഹം തികഞ്ഞ പരാജയമാണ്. അതിനാൽ അമിത് ഷാ തന്റെ പദവി രാജിവെക്കുകയാണ് വേണ്ടതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
രാജ്യത്തെ യുവജനങ്ങളുടെ ശബ്ദം പൊലീസിനെ ഉപയോഗിച്ച് അടിച്ചമർത്താൻ കഴിയില്ലെന്നും, കുറ്റക്കാരായവർക്ക് അർഹമായ ശിക്ഷ ഉറപ്പാക്കുന്നത് വരെ വിദ്യാർത്ഥികൾക്കൊപ്പം ശക്തമായി നിലകൊള്ളുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, വിഷയത്തിൽ പാർലമെന്റിൽ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കി.
സഭയിൽ പ്രതിഷേധം കടുക്കുന്നതിനിടയിലും ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്നും സഭയിലെത്തിയില്ല. വിദ്യാർത്ഥികൾക്ക് എതിരെയുണ്ടായ പൊലീസ് നടപടിയിൽ അമിത് ഷാ മറുപടി നൽകണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ അംഗങ്ങൾ ലോക്സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു.
രാജ്യസഭയിൽ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖർഗെയെ സംസാരിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടും പ്രതിപക്ഷം ബഹളം വെച്ചു. ഇതിനെത്തുടർന്ന് ലോക്സഭ രണ്ട് മണിവെരെയും രാജ്യസഭ പന്ത്രണ്ട് മണിവെരെയും നടപടികൾ നിർത്തിവെച്ചു.
ഇന്ന് പാർലമെന്റ് സമ്മേളനം ആരംഭിക്കുന്നതിന് മുൻപ് മന്ദിരത്തിന്റെ കവാടത്തിൽ ഭരണ-പ്രതിപക്ഷാംഗങ്ങൾ തമ്മിൽ ഉന്തുംതള്ളുമുണ്ടായി. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ എൻഡിഎ അംഗങ്ങളും, ആഭ്യന്തരമന്ത്രി അമിത് ഷാക്കെതിരെ പ്രതിപക്ഷവും മുദ്രാവാക്യങ്ങളുമായി മുഖാമുഖം എത്തിയത് സംഘർഷാവസ്ഥ സൃഷ്ടിച്ചു.
തുടർന്ന് ഇരു വിഭാഗങ്ങൾക്കും ഇടയിൽ സുരക്ഷാ ഉദ്യോഗസ്ഥർ വലയം തീർക്കുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

