രാജ്യത്തെ സ്വകാര്യ ആശുപത്രികളിലെ അമിത ചികിത്സാ നിരക്കുകൾക്ക് നിയന്ത്രണമേർപ്പെടുത്താൻ പാർലമെന്ററി സമിതി രംഗത്ത്. ആശുപത്രികളിലെ മുറി വാടകയിൽ അടിയന്തര ഇടപെടൽ നടത്തണമെന്നും ബില്ലിങ് നടപടികളിൽ പൂർണ്ണ സുതാര്യത ഉറപ്പാക്കണമെന്നും സമിതി ശുപാർശ ചെയ്തു.
ചികിത്സയ്ക്കായി എത്തുന്ന രോഗികളെ അഡ്മിറ്റ് ചെയ്യുന്നതിന് മുൻപ് തന്നെ കൃത്യമായ നിരക്കുകൾ ആശുപത്രി അധികൃതർ വ്യക്തമാക്കണമെന്നാണ് നിർദ്ദേശം. ചില ആരോഗ്യ സ്ഥാപനങ്ങൾ ഈടാക്കുന്ന ഉയർന്ന തുക പലപ്പോഴും ഇൻഷുറൻസ് കമ്പനികളുമായുള്ള തർക്കങ്ങൾക്ക് കാരണമാകുന്നുണ്ട്.
ഇത് രോഗികൾക്കുള്ള ഇൻഷുറൻസ് പരിരക്ഷ വൈകുന്നതിനും ഇടയാക്കുന്നതായി ആരോഗ്യ, കുടുംബകാര്യ സ്റ്റാൻഡിങ് കമ്മിറ്റിയുടെ റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. ഈ തർക്കങ്ങൾ വേഗത്തിൽ പരിഹരിക്കുന്നതിനായി പ്രത്യേക ഓംബുഡ്സ്മാൻ സംവിധാനം ഏർപ്പെടുത്തണമെന്നും സമിതി ആവശ്യപ്പെട്ടു.
രാജ്യത്തുടനീളമുള്ള സ്വകാര്യ ആശുപത്രികളിൽ മുറി വാടക ഈടാക്കുന്നതിൽ വലിയ അസമത്വമുള്ളതായി പാർലമെന്റിൽ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഒരേ പ്രദേശത്തുള്ള ആശുപത്രികളിൽ പോലും നിരക്കുകളിൽ വലിയ വ്യത്യാസമാണുള്ളത്.
ഇതിന് അടിയന്തരമായി പരിഹാരം കാണേണ്ടതുണ്ട്. സമീപപ്രദേശങ്ങളിലെ ത്രീ സ്റ്റാർ ഹോട്ടലുകളേക്കാൾ കൂടുതൽ മുറി വാടക ആശുപത്രികൾ ഈടാക്കാൻ പാടില്ലെന്നാണ് സമിതി സർക്കാരിന് നൽകിയിരിക്കുന്ന പ്രധാന ശുപാർശ.
മെട്രോപൊളിറ്റൻ നഗരങ്ങളിലെ ആശുപത്രികളിലാണ് ഈ പരിഷ്കരണം അടിയന്തരമായി നടപ്പിലാക്കേണ്ടത്. എന്നാൽ ഡോക്ടർമാരുടെ ഫീസ്, നഴ്സിങ് ചാർജ്, ഭക്ഷണം, ലോൺഡ്രി തുടങ്ങിയ മറ്റ് ചെലവുകൾ ആശുപത്രികൾക്ക് യഥാവിധി ഈടാക്കാവുന്നതാണ്.
പല നഗരങ്ങളിലും ഹോട്ടൽ മുറികളേക്കാൾ കൂടിയ വാടകയാണ് ആശുപത്രികൾ ഈടാക്കുന്നത് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഉദാഹരണത്തിന് മുംബൈയിലെ പ്രമുഖ ആശുപത്രികളിൽ സിംഗിൾ മുറിക്ക് 6000-12,000 രൂപ വരെ ഈടാക്കുമ്പോൾ, അതേ മേഖലയിലെ ത്രീസ്റ്റാർ ഹോട്ടലിൽ 2500-4500 രൂപ നൽകിയാൽ മതിയാകും.
രാജ്യത്തെ ആരോഗ്യ മേഖലയിലെ വാർഷിക പണപ്പെരുപ്പം 10-13 ശതമാനമായി ഉയർന്നത് രോഗികളെയും ഇൻഷുറൻസ് കമ്പനികളെയും ഒരുപോലെ പ്രതിസന്ധിയിലാക്കുന്നുണ്ടെന്നും സമിതി വിലയിരുത്തി. സർക്കാർ, സ്വകാര്യ ആശുപത്രികളിലെ ചികിത്സാ ചെലവുകൾ തമ്മിൽ വലിയ അന്തരമുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
സർക്കാർ ആശുപത്രികളിൽ ഒരു ശരാശരി ചികിത്സയ്ക്ക് 6631 രൂപ ചെലവാകുമ്പോൾ, സ്വകാര്യ ആശുപത്രികളിൽ ഇത് 50,508 രൂപയായി ഉയരുന്നു. ശസ്ത്രക്രിയ, സർജന്റെ ഫീസ്, രോഗനിർണ്ണയം, തുടർന്നുള്ള ചികിത്സകൾ എന്നിവയുടെ ചെലവുകൾ ഏകീകരിക്കുകയും അവ പരസ്യപ്പെടുത്തുകയും വേണം.
സങ്കീർണ്ണവും നീണ്ടുനിൽക്കുന്നതുമായ ചികിത്സകൾക്ക് മുൻപ് ആശുപത്രികൾ രോഗിക്ക് എസ്റ്റിമേറ്റ് അടങ്ങിയ വിശദമായ റിപ്പോർട്ട് നൽകണമെന്നും സമിതി നിർദ്ദേശിച്ചു. പൊതുജനങ്ങളുടെ ആശ്രയത്വം കുറയ്ക്കുന്നതിനായി പൊതുമേഖലാ ആരോഗ്യ സ്ഥാപനങ്ങളിൽ സർക്കാർ നിക്ഷേപം വർദ്ധിപ്പിക്കണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.
സർക്കാരുകൾ ഈ ശുപാർശകൾ അംഗീകരിച്ചാൽ രോഗികൾക്ക് അതൊരു വലിയ ആശ്വാസമായി മാറും. അതേസമയം, ഈ ശുപാർശകൾ നടപ്പിലായാൽ കമ്പനികളുടെ പ്രവർത്തന ലാഭത്തെ ബാധിക്കുമെന്ന ആശങ്ക വിപണിയിൽ പ്രതിഫലിച്ചു.
ഇത് ആരോഗ്യ രംഗത്തെ പ്രമുഖ കമ്പനികളുടെ ഓഹരികളിൽ ഇടിവിന് കാരണമായി. അപ്പോളോ ഹോസ്പിറ്റൽ, മാക്സ് ഹെൽത്ത് കെയർ, ഫോർടിസ് തുടങ്ങിയ കമ്പനികളുടെ ഓഹരികളാണ് ഇന്ന് നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചത്.
പാർലമെന്ററി സമിതിയുടെ റിപ്പോർട്ടിനൊപ്പം വിപണിയെ ബാധിച്ച പൊതുവായ മാന്ദ്യവും ഓഹരികളുടെ തിരിച്ചടിക്ക് കാരണമായിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

