അർജന്റീന ഫുട്ബോൾ ടീമിനെയും സൂപ്പർ താരം ലയണൽ മെസിയെയും കേരളത്തിലേക്ക് കൊണ്ടുവരുമെന്ന വാഗ്ദാനത്തിലും ഇതുമായി ബന്ധപ്പെട്ട ഇടപാടുകളിലും ദുരൂഹതയേറുന്നു.
ഇതിനിടയിലാണ് സ്പോൺസർ കമ്പനിയെ ലക്ഷ്യമിട്ട് പ്രമുഖ നടൻ ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് പുറത്തുവന്നിരിക്കുന്നത്. സ്പോൺസർ പ്രതിയായ മുട്ടിൽ മരംമുറി കേസ് ഉൾപ്പെടെയുള്ള കാര്യങ്ങൾ സൂചിപ്പിച്ചുകൊണ്ടാണ് അദ്ദേഹത്തിന്റെ പരിഹാസം.
‘പറിക്കാന്‍ മാങ്ങ, മുറിക്കാന്‍ മരം, കളിക്കാന്‍ മെസി, പറ്റിക്കാന്‍ മലയാളി’ എന്നാണ് ജോയ് മാത്യു ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്. മെസിയെ കേരളത്തിൽ എത്തിക്കുമെന്ന് അവകാശപ്പെട്ട് കോടികളുടെ തട്ടിപ്പാണ് നടന്നതെന്ന് സൂചിപ്പിക്കുന്ന സംസ്ഥാന കായിക വകുപ്പിന്റെ റിപ്പോർട്ട് പുറത്തുവന്ന പശ്ചാത്തലത്തിലാണ് ഈ കുറിപ്പ്.
മെസിയെ കേരളത്തിൽ എത്തിക്കുന്നതുമായി ബന്ധപ്പെട്ട് ആരുമായും ഔദ്യോഗികമായി കരാറിൽ ഏർപ്പെട്ടിട്ടുള്ളതിന്റെ രേഖകൾ ഇല്ലെന്നാണ് കായിക വകുപ്പിന്റെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. സ്പോൺസറും സർക്കാറും തമ്മിൽ യാതൊരുവിധ കരാറിലുമെത്തിയിട്ടില്ല.
ചുരുക്കത്തിൽ, ഇത്തരമൊരു നീക്കത്തിന് യാതൊരുവിധ നിയമസാധുതയും ഉണ്ടായിരുന്നില്ലെന്ന ഗുരുതരമായ കണ്ടെത്തലാണ് റിപ്പോർട്ടിലുള്ളത്. അതേസമയം, സ്പോൺസർ പ്രതിയായ മുട്ടിൽ മരംമുറിക്കേസിൽ എറണാകുളം അമ്പലമേട് പോലീസ് എടുത്ത കേസിൽ പ്രതികൾക്ക് ഇന്ന് ജാമ്യമില്ലാ വാറണ്ടും പുറപ്പെടുവിച്ചിരുന്നു.
ഈ പശ്ചാത്തലം കൂടി മുൻനിർത്തിയാണ് ജോയ് മാത്യുവിന്റെ പുതിയ ട്രോൾ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

