രാജ്യത്ത് സ്വർണവായ്പ വിതരണത്തിൽ വൻ കുതിച്ചുചാട്ടം രേഖപ്പെടുത്തിയതായി ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. ആകെ സ്വർണവായ്പയുടെ ഭൂരിഭാഗവും സ്വന്തമാക്കിയിരിക്കുന്നത് കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളാണ്.
കേന്ദ്രധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി പാർലമെന്റിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഈ നിർണായക വിവരങ്ങളുള്ളത്. കണക്കുകൾ പ്രകാരം, മാർച്ച് 31 വരെയുള്ള കണക്കുകൾ അനുസരിച്ച് രാജ്യത്തെ പൊതുമേഖലാ ബാങ്കുകൾ ആകെ 11.31 ലക്ഷം കോടി രൂപയുടെ സ്വർണവായ്പയാണ് വിതരണം ചെയ്തിട്ടുള്ളത്.
ഇതിൽ 9 ലക്ഷം കോടി രൂപയും അതായത് ആകെ വായ്പയുടെ 80 ശതമാനവും അഞ്ച് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവയാണ് എന്നത് ശ്രദ്ധേയമാണ്. സംസ്ഥാനങ്ങളുടെ കണക്കുകൾ പരിശോധിക്കുമ്പോൾ, 4.11 ലക്ഷം കോടി രൂപയുടെ വായ്പ സ്വീകരിച്ച തമിഴ്നാടാണ് രാജ്യത്ത് ഒന്നാം സ്ഥാനത്തുള്ളത്.
2.22 ലക്ഷം കോടി രൂപയുമായി ആന്ധ്രപ്രദേശും, 98,962 കോടി രൂപയുമായി കർണാടകയും, 92,394 കോടി രൂപയുമായി തെലങ്കാനയും തൊട്ടുപിന്നിലുണ്ട്. 83,657 കോടി രൂപയുടെ വായ്പയുമായി കേരളം അഞ്ചാം സ്ഥാനത്താണ് നിലയുറപ്പിച്ചിട്ടുള്ളത്.
സ്വർണവിലയിലുണ്ടായ വൻ വർധനവാണ് രാജ്യത്ത് സ്വർണപ്പണയ വായ്പകൾ ഉയരാനുള്ള പ്രധാന കാരണങ്ങളിലൊന്ന്. വായ്പകളുടെ അളവ് വർധിച്ചെങ്കിലും ലോൺ-ടു-വാല്യു അനുപാതവും കിട്ടാക്കടങ്ങളും ഗണ്യമായി കുറഞ്ഞിട്ടുണ്ട് എന്നതാണ് മറ്റൊരു പ്രത്യേകത.
സ്വർണവായ്പയെടുത്ത് തിരിച്ചടവ് മുടക്കുന്നവരുടെ എണ്ണത്തിൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ വലിയ ഇടിവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. പൊതുമേഖലാ ബാങ്കുകളിലെ കിട്ടാക്കടം 2025 മാർച്ചിൽ 1.9 ശതമാനമായിരുന്നത് (അതായത് 1000 പേരിൽ ശരാശരി 1.9 പേർ തിരിച്ചടയ്ക്കാത്തത്) 2026 മാർച്ചിൽ 1.2 ആയി കുറഞ്ഞു.
ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളിലും സമാനമായ സ്ഥിതിയാണ്. 2025ൽ ആയിരത്തിൽ 23 പേരായിരുന്ന തിരിച്ചടവ് വീഴ്ച വരുത്തിയവരുടെ എണ്ണം ഈ വർഷം 8 ആയി ചുരുങ്ങി.
സ്വർണവിലയിലെ കയറ്റിറക്കങ്ങളിൽ നിന്നും സാമ്പത്തിക സ്ഥാപനങ്ങൾക്ക് സുരക്ഷയൊരുക്കാൻ ഈ മാറ്റങ്ങൾ സഹായിച്ചതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. ഗ്രാമീണ മേഖലകളിലുള്ളവർക്കും ചെറുകിട
സംരംഭകർക്കും വളരെ എളുപ്പത്തിൽ വായ്പകൾ ലഭ്യമാകുന്നതിലേക്ക് സ്വർണവായ്പകൾ വഴിതെളിച്ചിട്ടുണ്ട്. ഇത് കൂടുതൽ ജനങ്ങളെ ഔദ്യോഗിക ബാങ്കിങ് സംവിധാനത്തിലേക്ക് ആകർഷിക്കുന്നതിനും കാരണമായി.
ഉപഭോക്താക്കളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി റിസർവ് ബാങ്ക് ഈ കാലയളവിൽ കർശനമായ നിയന്ത്രണങ്ങളും ചട്ടങ്ങളും നടപ്പിലാക്കിയിട്ടുണ്ട്. തിരിച്ചടവ് മുടങ്ങിയ വായ്പകൾ ലേല നടപടികളിലേക്ക് കടക്കുന്നതിന് മുൻപ് ഉപഭോക്താക്കൾക്ക് പര്യാപ്തമായ സമയം നൽകണമെന്നും, നോട്ടിസ് അയച്ച് ഒരു മാസം പിന്നിട്ട
ശേഷം മാത്രമേ ലേലം ആരംഭിക്കാവൂ എന്നും സാമ്പത്തിക സ്ഥാപനങ്ങൾക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

