തിരുവനന്തപുരം: പ്രശസ്തമായ ശ്രീ പത്മനാഭ സ്വാമി ക്ഷേത്രം മുൻനിർത്തി തപാൽ വകുപ്പ് തയ്യാറാക്കിയ പ്രത്യേക കവറും തപാൽ മുദ്രയും കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ പ്രകാശനം ചെയ്തു. കേരളം ഐക്യം, സൗഹാർദം, ആത്മീയത, പുരാതനമായ സാംസ്കാരിക പാരമ്പര്യങ്ങൾ എന്നിവയ്ക്കായി നിലകൊള്ളുന്ന നാടാണെന്ന് ചടങ്ങിൽ സംസാരിച്ച ഗവർണർ വ്യക്തമാക്കി.
കേരളത്തിന്റെ ഈ സാംസ്കാരിക പൈതൃകം ലോകത്തിന് മുന്നിൽ എത്തിക്കാനും പ്രദർശിപ്പിക്കാനും തപാൽ വകുപ്പ് സഹായിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചടങ്ങിന്റെ ഭാഗമായി സംസ്ഥാന മൃഗമായ ആന, സംസ്ഥാന പക്ഷിയായ മലമുഴക്കി വേഴാമ്പൽ എന്നിവയുടെ ചിത്രങ്ങളടങ്ങിയ തപാൽ കാർഡുകളും അധികൃതർ പുറത്തിറക്കി.
‘ഹർ ഘർ തിരംഗ’ കാമ്പെയ്ന്റെ ഭാഗമായി ചടങ്ങിൽ സംബന്ധിച്ച വിശിഷ്ടാതിഥികൾ ത്രിവർണ പതാക പ്രദർശിപ്പിക്കുകയും ചെയ്തു. കേരള സർക്കിൾ ചീഫ് പോസ്റ്റ് മാസ്റ്റർ ജനറൽ അമിതാഭ് സിങ് ചടങ്ങിന് സ്വാഗതം ആശംസിച്ചു.
നഗരസഭ ഡെപ്യൂട്ടി മേയർ ജി.എസ്.ആശാനാഥ്, ക്ഷേത്ര ഭരണസമിതി അംഗങ്ങളായ ആദിത്യ വർമ്മ, കരമന ജയൻ, അഡ്വ എ. വേലപ്പൻ നായർ, ഫോർട്ട് വാർഡ് കൗൺസിലർ എസ്.ഹരികുമാർ, പോസ്റ്റൽ സർവീസസ് ഡയറക്ടർ എൻ.ആർ.ഗിരി തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

