പ്രസിദ്ധമായ ഗുരുവായൂർ ശ്രീ കൃഷ്ണക്ഷേത്രത്തിൽ വീണ്ടും വിവാഹങ്ങളുടെ എണ്ണം വർധിക്കുന്നു. ഒരൊറ്റ ദിവസത്തിൽ ഇരുനൂറ്റമ്പതിലധികം വിവാഹങ്ങളാണ് ക്ഷേത്രത്തിൽ നടക്കാനിരിക്കുന്നത്.
വരും ദിവസങ്ങളിൽ വൻ തിരക്ക് അനുഭവപ്പെടാൻ സാധ്യതയുള്ളതിനാൽ ഭക്തർക്കും വിവാഹ സംഘങ്ങൾക്കും സുഗമമായ ദർശനവും ചടങ്ങുകളും ഉറപ്പാക്കുന്നതിനായി ഗുരുവായൂർ ദേവസ്വം വിപുലമായ ക്രമീകരണങ്ങൾ പ്രഖ്യാപിച്ചു. തീരുമാനങ്ങൾ പ്രകാരം ഓഗസ്റ്റ് 23 തീയതിയിൽ 377 വിവാഹങ്ങളും, ഓഗസ്റ്റ് 30 തീയതിയിൽ 295 വിവാഹങ്ങളുമാണ് ഇതിനകം ബുക്ക് ചെയ്യപ്പെട്ടിട്ടുള്ളത്.
ഈ സാഹചര്യത്തിലാണ് ദേവസ്വം അടിയന്തര നടപടികൾ സ്വീകരിച്ചിരിക്കുന്നത്. ക്രമീകരണങ്ങളെക്കുറിച്ച് ഗുരുവായൂർ ദേവസ്വം ചെയർമാൻ എ വി ഗോപിനാഥ് ഔദ്യോഗികമായി വിശദീകരിച്ചു.
കൂടുതൽ വിവാഹങ്ങൾ ഉള്ള ദിവസങ്ങളിൽ ചടങ്ങുകൾ കൃത്യസമയത്ത് പൂർത്തിയാക്കുന്നതിനായി പുലർച്ചെ 4 മണി മുതൽ തന്നെ വിവാഹങ്ങൾ ആരംഭിക്കും. താലികെട്ട് ചടങ്ങുകൾക്കായി ആറ് മണ്ഡപങ്ങളാണ് സജ്ജീകരിച്ചിരിക്കുന്നത്.
ചടങ്ങുകൾ വേഗത്തിൽ നടത്തുന്നതിനായി ക്ഷേത്രം കോയ്മമാരെ മണ്ഡപങ്ങളിലേക്ക് അധികമായി നിയോഗിച്ചിട്ടുണ്ട്. കൂടാതെ, മണ്ഡപത്തിന് സമീപം മംഗളവാദ്യ സംഘങ്ങളുടെ സേവനവും ഉറപ്പാക്കും.
സുഗമമായ നടത്തിപ്പിനായി ഗതാഗതത്തിലും വഴിയിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ക്ഷേത്രത്തിന്റെ കിഴക്കേ നട
പൂർണമായും വൺവേ സംവിധാനത്തിലേക്ക് മാറ്റും. ഭക്തരെ ഒരു ദിശയിലേക്ക് മാത്രം കടത്തിവിട്ടുകൊണ്ട് തിരക്ക് ഫലപ്രദമായി നിയന്ത്രിക്കാനാണ് തീരുമാനം.
വിവാഹ സംഘങ്ങൾ പാലിക്കേണ്ട നിർദ്ദേശങ്ങൾ ഇങ്ങനെയാണ്: വരനും വധുവും അടങ്ങുന്ന സംഘം നേരത്തെ തന്നെ എത്തി മേൽപുത്തൂർ ഓഡിറ്റോറിയത്തിന് സമീപമുള്ള ക്ഷേത്രം തെക്കേ നടയിലെ പുതിയ നടപ്പന്തലിൽ സജ്ജീകരിച്ചിട്ടുള്ള കൗണ്ടറിൽ നിന്നും ടോക്കൺ കൈപ്പറ്റേണ്ടതാണ്.
ഈ പന്തലിൽ വിവാഹ സംഘത്തിന് വിശ്രമിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. താലികെട്ട് ചടങ്ങിനായുള്ള ഊഴമെത്തുമ്പോൾ ഇവരെ മേൽപുത്തൂർ ഓഡിറ്റോറിയത്തിലേക്ക് പ്രവേശിപ്പിക്കും.
തുടർന്ന് കിഴക്കേ നടയിലെ മണ്ഡപത്തിലെത്തി ചടങ്ങുകൾ പൂർത്തിയാക്കാം. വിവാഹം കഴിഞ്ഞയുടൻ തന്നെ സംഘം തെക്കേ നട
വഴി പുറത്തേക്ക് മടങ്ങിപ്പോകേണ്ടതാണ്. കിഴക്കേ നട
വഴി മടങ്ങിപ്പോകാൻ ആരെയും അനുവദിക്കുന്നതല്ല. വധൂവരന്മാർ ഉൾപ്പെടെ ഫോട്ടോഗ്രാഫർമാർ അടക്കം പരമാവധി 24 പേർക്ക് മാത്രമാണ് മണ്ഡപത്തിന് സമീപത്തേക്ക് പ്രവേശനം അനുവദിക്കുക.
അസാധാരണമായ തിരക്ക് മുന്നിൽക്കണ്ടാണ് ഈ കർശന നിയന്ത്രണം. ക്ഷേത്രത്തിലെ ദർശന ക്രമീകരണങ്ങളിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.
ഭക്തജനങ്ങളുടെ അതിപ്രവാഹം ഉണ്ടാകുമെന്നതിനാൽ ക്ഷേത്രത്തിനുള്ളിലെ പ്രദക്ഷിണം, അടി പ്രദക്ഷിണം, ശയനപ്രദക്ഷിണം എന്നിവ ഈ ദിവസങ്ങളിൽ ഉണ്ടായിരിക്കുന്നതല്ല. വിവാഹത്തിനെത്തുന്നവർക്കും ദർശനത്തിനെത്തുന്ന ഭക്തർക്കും ആവശ്യമായ സഹായങ്ങളും കരുതലും നൽകാൻ ദേവസ്വം ജീവനക്കാരും സെക്യൂരിറ്റി വിഭാഗവും പോലീസിന്റെ സേവനവും ലഭ്യമാകും.
ചടങ്ങുകളും ദർശനവും യാതൊരു തടസവുമില്ലാതെ പൂർത്തിയാക്കാൻ എല്ലാ ഭക്തരുടെയും പൂർണ്ണ പിന്തുണയും സഹായവും ദേവസ്വം അഭ്യർത്ഥിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

