സംവിധായകൻ അമൽ നീരദ് യുവതാരങ്ങളെ അണിനിരത്തി ഒരുക്കുന്ന പുതിയ ചിത്രം ‘ബാച്ച്ലർ പാർട്ടി D’EUX’ റിലീസിനൊരുങ്ങുന്നു. ചിത്രത്തിന്റെ റിലീസ് തീയതി അണിയറപ്രവർത്തകർ ഔദ്യോഗികമായി പുറത്തുവിട്ടു.
നിർമ്മാതാക്കളുടെ അറിയിപ്പ് പ്രകാരം ചിത്രം നവംബർ 19 ന് തിയേറ്ററുകളിലെത്തും. നസ്ലെന്, ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ഷറഫുദ്ധീൻ, ശ്രീനാഥ് ഭാസി, സൗബിന് ഷാഹിര്, രജിഷ വിജയൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
മലയാള സിനിമാലോകത്ത് വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ട അമൽ നീരദ് ചിത്രമായ ‘ബാച്ച്ലർ പാർട്ടി’യുടെ രണ്ടാം ഭാഗമെന്ന ടാഗ്ലൈനോടെ എത്തുന്ന ഈ ചിത്രത്തിനായി വലിയ ആകാംക്ഷയോടെയാണ് സിനിമ പ്രേമികൾ കാത്തിരിക്കുന്നത്.
2012 ൽ പുറത്തിറങ്ങിയ ആദ്യ ചിത്രത്തിൽ ആസിഫ് അലി, കലാഭവൻ മാണി, റഹ്മാൻ, ഇന്ദ്രജിത്ത്, വിനായകൻ, പൃഥ്വിരാജ്, നിത്യ മേനോൻ, രമ്യ നമ്പീശൻ തുടങ്ങിയ പ്രമുഖ താരനിര അണിനിരന്നിരുന്നു. അമൽ നീരദ് പ്രൊഡക്ഷൻസും ഫഹദ് ഫാസിൽ പ്രൊഡക്ഷൻസും അൻവർ റഷീദും ചേർന്നാണ് ഈ ബ്രഹ്മാണ്ഡ ചിത്രം നിർമ്മിക്കുന്നത്.
ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത് അപു പ്രഭാകർ ആണ്. വിവേക് ഹർഷൻ എഡിറ്റിംഗ് നിർവ്വഹിക്കുന്ന ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ക്രിസ്റ്റോ സേവ്യർ ആണ്.
അതേസമയം, കുഞ്ചാക്കോ ബോബൻ, ജ്യോതിർമയി, ഫഹദ് ഫാസിൽ എന്നിവർ പ്രധാന വേഷത്തിലെത്തി തിയേറ്ററുകളിൽ വിജയം കൈവരിച്ച ‘ബൊഗൈൻവില്ല’ ആണ് സംവിധായകൻ അമൽ നീരദിന്റേതായി അവസാനം പുറത്തിറങ്ങിയ ചിത്രം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

