എലിവിഷം അകത്തുചെന്നു മരണമടഞ്ഞ കാസർകോട് കലക്ടറേറ്റിലെ സീനിയർ ക്ലാർക്ക് അതൃക്കുഴിയിലെ എ.ആശാലതയുടെ മൃതദേഹം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ ഔദ്യോഗിക ചടങ്ങുകളോടെ സംസ്കരിച്ചു. 8നു രാത്രി 9.30ന് ബന്ധുക്കളും എൻജിഒ യൂണിയൻ നേതാക്കളും ചേർന്നു മൃതദേഹം ഏറ്റുവാങ്ങി കാസർകോട് ജനറൽ ആശുപത്രിയിൽ എത്തിക്കുകയാണുണ്ടായത്.
തുടർന്നു നടന്ന പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ചെങ്കളയിലെ ഇ.കെ.നായനാർ സ്മാരക കോഓപ്പറേറ്റീവ് ഹോസ്പിറ്റലിലേക്കു മാറ്റുകയുണ്ടായി. ഇന്നലെ രാവിലെ 10ന് പൊതുദർശനത്തിനായി മൃതദേഹം കാസർകോട് സിവിൽ സ്റ്റേഷനിൽ എത്തിച്ചപ്പോൾ നൂറുകണക്കിന് ആളുകളാണ് പ്രിയ ജീവനക്കാരിക്ക് അന്ത്യോപചാരമർപ്പിക്കാൻ എത്തിയത്.
തുടർന്ന് അതൃക്കുഴിയിലെ ക്ലബ്ബിലെ പൊതുദർശനത്തിന് ശേഷം മൃതദേഹം വവസതിയിലെത്തിക്കുകയും പിന്നീട് വീട്ടുവളപ്പിൽ സംസ്കാരം നടത്തുകയും ചെയ്തു. റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ കലക്ടർ അർജുൻ പാണ്ഡ്യൻ ആശാലതയുടെ വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു.
കൂടാതെ കെ.നീലകണ്ഠൻ എംഎൽഎയും സിവിൽ സ്റ്റേഷനിലെത്തി അന്ത്യോപചാരം അർപ്പിച്ചു. മരണത്തെക്കുറിച്ചുള്ള അന്വേഷണം എഡിഎമ്മിന് എ.ആശാലതയുടെ മരണവുമായി ബന്ധപ്പെട്ട് സമഗ്രമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ എഡിഎമ്മിന് കലക്ടർ അർജുൻ പാണ്ഡ്യൻ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
വിദ്യാനഗർ പൊലീസ് നടത്തുന്ന ഔദ്യോഗിക അന്വേഷണത്തിന് പുറമേയാണിത്. വകുപ്പുതല അന്വേഷണത്തിൽ ഏതെങ്കിലും തരത്തിലുള്ള വീഴ്ചയോ കുറ്റക്കാരോ ഉണ്ടെന്ന് കണ്ടെത്തിയാൽ ശക്തമായ നടപടി സ്വീകരിക്കുമെന്നും കലക്ടർ വ്യക്തമാക്കി.
ചികിത്സയിലിരിക്കെ ആശാലത വിദ്യാനഗർ പൊലീസിന് നൽകിയ മൊഴിയുടെ വിവരങ്ങൾ ഇങ്ങനെയാണ്:
‘കഴിഞ്ഞ 7ന് രാവിലെ 10ന് 3 പാക്കറ്റ് എലിവിഷം (റാറ്റോൾ) പേസ്റ്റ് ഐസ്ക്രീമിൽ കലർത്തി കഴിച്ചത് എന്റെ സ്വന്തം ഇഷ്ടപ്രകാരമാണെന്നും ഇത് കഴിക്കാനുള്ള കാരണം ഞാൻ വീട്ടിലും ഓഫിസിലും ഒറ്റപ്പെട്ടുപോയെന്ന് തോന്നിയതും അതുമൂലമുള്ള മെന്റൽ സ്ട്രെസുമാണ്. കുറച്ചുദിവസമായി മാനസികമായി തകർന്ന നിലയിലാണ്.
ആർക്കെതിരെയും എനിക്ക് പരാതിയില്ല. ഞാൻ ഇത് സ്വന്തം ഇഷ്ടപ്രകാരം മരിക്കാൻ തീരുമാനിച്ച് ചെയ്തതാണ്.’ കഴിഞ്ഞ 7ന് ബന്ധുക്കളുടെ സാന്നിധ്യത്തിൽ ചെങ്കളയിലെ ആശുപത്രിയിൽ വെച്ചാണ് വിദ്യാനഗർ പൊലീസ് ഈ മൊഴി രേഖപ്പെടുത്തിയത്.
തുടർന്ന് 9ന് ഉച്ചയ്ക്ക് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം സംഭവിച്ചത്. കഴിഞ്ഞ മേയ് 12 മുതലാണ് ആശാലത കലക്ടറേറ്റിലെ എൻഡോസൾഫാൻ സ്പെഷൽ സെല്ലിൽ ജോലി ചെയ്തു വന്നിരുന്നത്.
ഈ സെല്ലിലെ പ്രവർത്തനങ്ങളിൽ വളരെ മികച്ച രീതിയിലാണ് അവർ സേവനം അനുഷ്ഠിച്ചിരുന്നതെന്ന് സഹപ്രവർത്തകരും ഉദ്യോഗസ്ഥരും സാക്ഷ്യപ്പെടുത്തുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

