പശ്ചിമഘട്ട മലനിരകളുടെ മനോഹാരിത വിളിച്ചോതുന്ന ചൊക്രമുടിയിലെ കുറിഞ്ഞി സീസണെ വരവേൽക്കാനൊരുങ്ങി ജില്ലാ ഭരണകൂടവും വനംവകുപ്പും.
കയ്യേറ്റങ്ങൾ ഒഴിപ്പിച്ച് സർക്കാർ സ്വന്തമാക്കിയ ചൊക്രമുടിക്ക് പുറമേ, മീശപ്പുലിമല, എടലിമേട്, സെവൻമല, ഗുണ്ടുമല എന്നീ പ്രദേശങ്ങളിലും ഈ വർഷം നീലക്കുറിഞ്ഞി പൂത്തുതുടങ്ങും. പ്രശസ്തമായ ഇരവികുളം ദേശീയോദ്യാനത്തിന് പുറത്തുള്ള ഈ പ്രകൃതിദത്ത പുൽമേടുകളിൽ വരുന്ന സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ കുറിഞ്ഞിപ്പൂക്കൾ വൻതോതിൽ വിരിഞ്ഞുനിൽക്കുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ.
സീസൺ മുന്നിൽക്കണ്ടുകൊണ്ടുള്ള തയ്യാറെടുപ്പുകൾ നേരിട്ട് വിലയിരുത്തുന്നതിന്റെ ഭാഗമായി വരുന്ന 17ന് കലക്ടർ ചൊക്രമുടി സന്ദർശിക്കും. ഇതിന്റെ മുന്നോടിയായി ചൊക്രമുടിയിലേക്കുള്ള 30 മീറ്ററോളം വരുന്ന റോഡിന്റെ കോൺക്രീറ്റ് ജോലികൾ പുരോഗമിക്കുകയാണ്.
സന്ദർശകർക്കായി പ്രവേശന ഫീസ് ഏർപ്പെടുത്താനും തീരുമാനമായിട്ടുണ്ട്. ഇതനുസരിച്ച് മുതിർന്നവർക്ക് 200 രൂപയും, 5 മുതൽ 18 വയസ്സ് വരെയുള്ള കുട്ടികൾക്ക് 100 രൂപയുമാണ് ടിക്കറ്റ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്.
വിനോദസഞ്ചാരികൾക്കായി ഓൺലൈൻ സ്ലോട്ട് ബുക്കിംഗ് സംവിധാനം ഒരുക്കുന്നതിലൂടെ പ്രദേശത്തെ തിരക്ക് നിയന്ത്രിക്കാൻ സാധിക്കുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്. പരിസ്ഥിതി ലോല മേഖലയായ ഇവിടത്തെ ആവാസവ്യവസ്ഥയെ സന്ദർശകരുടെ തിരക്ക് ബാധിക്കാതിരിക്കാൻ ‘ക്യാരിയ്ങ് കപ്പാസിറ്റി’ (വഹണശേഷി) പഠനം നടത്തിയ ശേഷമായിരിക്കും കർശന നിയന്ത്രണങ്ങൾ നടപ്പിലാക്കുക.
സഞ്ചാരികളുടെ യാത്രാസൗകര്യത്തിനായി കൂടുതൽ കെഎസ്ആർടിസി സർവീസുകൾ ആരംഭിക്കാനുള്ള ആലോചനകളും നടക്കുന്നുണ്ട്. റവന്യൂ, വനം വകുപ്പുകൾക്ക് പുറമെ കെഎഫ്ഡിസി, ഡിടിപിസി തുടങ്ങിയ വിവിധ സർക്കാർ സംവിധാനങ്ങളും സന്നദ്ധ-പരിസ്ഥിതി സംഘടനകളും സംയുക്തമായാണ് ഈ വലിയ ദൗത്യത്തിനുള്ള ക്രമീകരണങ്ങൾ ഏകോപിപ്പിക്കുന്നത്.
കുറിഞ്ഞിച്ചെടികൾ പൂവിടാൻ വൈകുന്നതിന് കാരണം മഴ കാലവർഷത്തിന്റെ തുടക്കത്തിൽ മഴ കുറഞ്ഞുനിൽക്കുകയും, പിന്നീട് കനത്ത മഴ അനുഭവപ്പെടുകയും ചെയ്തതാണ് പശ്ചിമഘട്ട മലനിരകളിൽ നീലക്കുറിഞ്ഞി പൂവിടുന്നത് വൈകാൻ കാരണമെന്ന് വിദഗ്ധർ വ്യക്തമാക്കിയിട്ടുണ്ട്.
ജൂൺ മാസത്തിൽ ആവശ്യത്തിന് മഴ ലഭിക്കുകയും തുടർന്ന് വെയിൽ തെളിയുകയും ചെയ്തിരുന്നെങ്കിൽ ഈ സമയം കൊണ്ട് കുറിഞ്ഞികൾ പൂത്തുകഴിഞ്ഞേനെ. നിലവിൽ ചൊക്രമുടി ഉൾപ്പെടെയുള്ള മലനിരകളിൽ ചിലയിടങ്ങളിൽ ഒറ്റപ്പെട്ട
നിലയിൽ കുറിഞ്ഞിചെടികൾ പൂവിട്ടിട്ടുണ്ട്. തുടർച്ചയായി 10 ദിവസമെങ്കിലും വെയിൽ ലഭിച്ചാൽ മാത്രമേ മലനിരകളിൽ നീലക്കുറിഞ്ഞി വ്യാപകമായി പൂത്തുതുടങ്ങുകയുള്ളൂ.
എന്നാൽ മഴ തുടരുകയാണെങ്കിൽ ചെടികളുടെ മൊട്ടുകൾ വിരിയാതെ നശിച്ചുപോകാനും സാധ്യതയുണ്ട്. ഇതിനു മുൻപ് 2018 സെപ്റ്റംബറിലാണ് ഇരവികുളത്ത് വ്യാപകമായി നീലക്കുറിഞ്ഞികൾ പൂത്തത്.
പിന്നീട് 2020 ഓഗസ്റ്റിൽ പൂപ്പാറ തോണ്ടിമലയിലും, 2022 സെപ്റ്റംബറിൽ ശാന്തൻപാറ കള്ളിപ്പാറയിലും നീലക്കുറിഞ്ഞി പൂത്ത കാഴ്ചകൾക്കൊപ്പം സഞ്ചാരികൾ സാക്ഷ്യം വഹിച്ചിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

