അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിക്ക് എതിരായ ക്രിമിനൽ കുറ്റങ്ങൾ യുഎസ് കോടതി ഔദ്യോഗികമായി തള്ളി. ഗൗതം അദാനിക്കും മറ്റുമെതിരെ ചുമത്തിയ കൈക്കൂലിക്കേസ് അവസാനിപ്പിക്കാൻ യുഎസിലെ ട്രംപ് ഭരണകൂടത്തിന് കീഴിലുള്ള നിയമവകുപ്പ് തീരുമാനിച്ചിരുന്നു.
ഇതിന്റെ തുടർച്ചയായാണ് ബ്രൂക്ക് ലിൻ ആസ്ഥാനമായ യുഎസ് ഡിസ്ട്രിക്റ്റ് കോടതി ഈ നടപടി സ്വീകരിച്ചത്. വിധിയെ സ്വാഗതം ചെയ്തുകൊണ്ട് സാമൂഹിക മാധ്യമമായ എക്സിൽ ഗൗതം അദാനി പ്രതികരിച്ചു.
“സത്യത്തിലും നീതിയിലും നിയമവ്യവസ്ഥയിലും ഉറച്ചുനിന്നതിന്റെ നേട്ടമാണിത്” എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 2024ൽ ആയിരുന്നു ഗൗതം അദാനിക്കെതിരെ യുഎസ് നിയമവകുപ്പ് ക്രിമിനൽ കേസെടുത്തത്.
ഇന്ത്യയിൽ വൈദ്യുതി വിതരണക്കരാർ ലഭിക്കാനായി അദാനി ഗ്രൂപ്പ് സർക്കാർ ഉദ്യോഗസ്ഥർക്ക് കൈക്കൂലി കൊടുത്തെന്നും അതു മറച്ചുവച്ച് യുഎസിൽ നിന്ന് നിക്ഷേപം സമാഹരിച്ചെന്നുമായിരുന്നു പ്രസ്തുത കേസ്. തുടക്കം മുതലേ തനിക്കെതിരെയുള്ള ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നാണ് അദാനി നിലപാട് എടുത്തത്.
എന്നാൽ, കേസുമായി മുന്നോട്ടുപോകാനില്ലെന്ന് കഴിഞ്ഞ മേയിലാണ് യുഎസ് നിയമവകുപ്പ് വ്യക്തമാക്കിയത്. കുറ്റത്തിന് ആസ്പദമായ സംഭവം നടന്നത് വിദേശത്താണെന്നും ഇത് കോടതിയിൽ തെളിയിക്കുക പ്രയാസമാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഈ നിർണ്ണായക തീരുമാനം.
ഇതിനിടെ, യുഎസിൽ അദാനി 1000 കോടി ഡോളറിന്റെ അതായത് ഏകദേശം ഒരുലക്ഷം കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഈ നീക്കം കേസ് അവസാനിപ്പിക്കാനുള്ള തന്ത്രങ്ങളുടെ ഭാഗമാണെന്നും ചില കോണുകളിൽ നിന്ന് ആരോപണങ്ങൾ ഉയർന്നിരുന്നു.
എന്നാൽ ഇത് തെറ്റായ ആരോപണമാണെന്നാണ് അദാനി അന്ന് പ്രതികരിച്ചത്. കേസ് വരുന്നതിന് മുൻപ് തന്നെ പ്രഖ്യാപിച്ച നിക്ഷേപപദ്ധതിയാണിതെന്ന് അദാനി ഗ്രൂപ്പും ഔദ്യോഗികമായി വ്യക്തമാക്കിയിരുന്നു.
അതേസമയം, കോടതി നടപടികൾക്കിടെ ജഡ്ജിയും ഇക്കാര്യത്തിലെ സത്യാവസ്ഥ അദാനിയോട് ആരാഞ്ഞിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

