കോട്ടയം ഏറ്റുമാനൂരിൽ അതിഥി തൊഴിലാളികളെ ബന്ദികളാക്കി പണവും മൊബൈൽ ഫോണുകളും കവർന്ന സംഭവത്തിൽ നാല് പ്രതികൾ പോലീസിന്റെ പിടിയിലായി. പ്രായപൂർത്തിയാകാത്ത രണ്ട് പേർ ഉൾപ്പെടെയുള്ളവരാണ് അറസ്റ്റിലായത്.
ആകെ 15 പ്രതികളുള്ള കേസിൽ പശ്ചിമബംഗാൾ സ്വദേശി ബകീർ മണ്ടോൾ, കോട്ടയം വോളൂർ സ്വദേശി മിഥിൽരാജ് എന്നിവരും പ്രായപൂർത്തിയാകാത്ത മറ്റ് രണ്ട് മലയാളികളുമാണ് ഇപ്പോൾ പിടിയിലായത്. കഴിഞ്ഞ ശനിയാഴ്ച അർധരാത്രിയിലാണ് ഏറ്റുമാനൂർ പേരൂരിന് സമീപം പൂവത്തുംമൂട്ടിലെ ഇതരസംസ്ഥാന തൊഴിലാളികളുടെ ക്യാമ്പിൽ കവർച്ച അരങ്ങേറിയത്.
മുഖംമൂടി ധരിച്ച് ആയുധങ്ങളുമായെത്തിയ പതിനഞ്ചംഗ സംഘമാണ് ആക്രമണം നടത്തിയത്. ആ സമയത്ത് ക്യാമ്പിലുണ്ടായിരുന്ന 33 തൊഴിലാളികളെയും ആയുധങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തിയായിരുന്നു കവർച്ച.
ഏകദേശം ഒരു ലക്ഷത്തോളം രൂപയും എടിഎം കാർഡുകളും 15 മൊബൈൽ ഫോണുകളുമാണ് പ്രതികൾ കവർന്നത്. ശനിയാഴ്ച ദിവസങ്ങളിൽ തൊഴിലാളികൾക്ക് പണിക്കൂലി ലഭിക്കുന്നത് മനസ്സിലാക്കിയാണ് സംഘം കവർച്ചയ്ക്കായി എത്തിയത്.
അസം സ്വദേശികളായ തൊഴിലാളികൾ നാട്ടുകാരുടെ സഹായത്തോടെയാണ് പോലീസിൽ പരാതി നൽകിയത്. തുടർന്ന് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് നിർണ്ണായക വിവരങ്ങൾ ലഭിച്ചത്.
സമീപത്ത് തന്നെ താമസിക്കുന്ന ഇതരസംസ്ഥാന തൊഴിലാളികളും ഇവരുടെ സുഹൃത്തുക്കളായ മലയാളികളും ചേർന്ന് ആസൂത്രണം ചെയ്തതാണ് ഈ മോഷണം. ലഹരി ഇടപാടുകളിലൂടെ പരിചയത്തിലായവരാണ് ഈ സംഘത്തിലുള്ളതെന്ന് പോലീസ് വ്യക്തമാക്കി.
നിലവിൽ പിടിയിലായ നാല് പേരെയും വിശദമായി ചോദ്യം ചെയ്തുവരികയാണ്. ഒളിവിലുള്ള മറ്റ് പ്രതികളെക്കുറിച്ചുള്ള വ്യക്തമായ വിവരങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

