ഗ്രാമീണ മേഖലകളിലെ മുഴുവൻ വീടുകളിലേക്കും സ്ഥാപനങ്ങളിലേക്കും ബിഎസ്എൻഎൽ ഭാരത് നെറ്റ് ഉദ്യമി (ബിഎൻയു) പദ്ധതിയുടെ സേവനങ്ങൾ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ബിഎസ്എൻഎല്ലും കുറ്റ്യാടി നിയോജക മണ്ഡലത്തിലെ ഗ്രാമ പഞ്ചായത്തുകളും തമ്മിൽ ഔദ്യോഗികമായി ധാരണയിലെത്തി. ഗവൺമെന്റ് സബ്സിഡിയോടുകൂടി സൗജന്യ വൈഫൈ മോഡവും ഇൻസ്റ്റലേഷനും ലഭ്യമാക്കുന്നതാണ് ഈ പദ്ധതി.
കുറ്റ്യാടി എംഎൽഎ പാറക്കൽ അബ്ദുല്ലയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് ഈ സുപ്രധാന തീരുമാനം കൈക്കൊണ്ടത്. പുതിയ ഇന്റർനെറ്റ് കണക്ഷനുകൾക്കായി ഉപയോക്താക്കൾക്ക് എളുപ്പത്തിൽ റജിസ്റ്റർ ചെയ്യാനുള്ള സൗകര്യം ഒരുക്കും.
ഗ്രാമസഭകൾ, വാർഡുതല സാമൂഹിക മാധ്യമ സംവിധാനങ്ങൾ, കുടുംബശ്രീ പരിപാടികൾ, കൂടാതെ ഗ്രാമ പഞ്ചായത്തുകളുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന മറ്റ് വിവിധ പൊതു പരിപാടികൾ എന്നിവ ഇതിനായി വേദിയാക്കി മാറ്റാനാണ് യോഗത്തിലെ തീരുമാനം. പദ്ധതിയിലൂടെ ഉപയോക്താക്കൾക്ക് 1 ജിബിപിഎസ് വരെ സ്പീഡുള്ള അതിവേഗ ഫൈബർ ഇന്റർനെറ്റ് കണക്ഷൻ ലഭ്യമാകും.
ഇതിനായി വളരെ മിതമായ പ്രതിമാസ വാടക മാത്രം അടച്ചാൽ മതിയാകും. മിതമായ നിരക്കിൽ അതിവേഗ ഇന്റർനെറ്റിനൊപ്പം സൗജന്യ ലാൻഡ് ഫോൺ സേവനവും ടിവി കണക്ഷനും ലഭ്യമാക്കുന്ന ഈ പദ്ധതി, ഗ്രാമ പഞ്ചായത്തുകളുടെ സമഗ്ര വികസനത്തിനും സാധാരണക്കാരുടെ സാമ്പത്തിക ആസൂത്രണത്തിനും ഏറെ സഹായകമാവുമെന്ന് യോഗം വിലയിരുത്തി.
പാറക്കൽ അബ്ദുല്ല എംഎൽഎയുടെ ആയഞ്ചേരിയിലുള്ള ക്യാംപ് ഓഫിസിൽ വെച്ചാണ് യോഗം ചേർന്നത്. ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് തയ്യിൽ ആസ്യ, മണിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ദിൻഷ, കുന്നുമ്മൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അശോകൻ, തിരുവള്ളൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സവിത മണക്കുനി, വേളം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലീല ആര്യൻകാവിൽ, ബിഎസ്എൻഎൽ കോഴിക്കോട് ഡിജിഎം എസ്.രാമചന്ദ്രൻ, എജിഎം, എസ്ഡിഇമാർ, മറ്റ് ജനപ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ സന്നിഹിതരായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

