ഒന്നാം ലോകമഹായുദ്ധകാലത്ത് ബ്രിട്ടീഷ് ഭരണകൂടത്തിന് നൽകിയ വായ്പ പലിശ സഹിതം തിരികെ ലഭിക്കണമെന്ന ആവശ്യവുമായി മധ്യപ്രദേശിൽ നിന്നുള്ള കുടുംബം രംഗത്ത്. 1917-ൽ ഒന്നാം ലോകമഹായുദ്ധകാലത്ത് നൽകിയ 35,000 രൂപയുടെ വായ്പ ഇതുവരെ തിരിച്ചുകിട്ടിയിട്ടില്ലെന്ന് അവകാശപ്പെട്ട് മധ്യപ്രദേശിലെ സീഹോറിലെ റുഥിയ കുടുംബമാണ് ബ്രിട്ടീഷ് സർക്കാരിന് പരാതി നൽകിയത്.
നൂറ്റാണ്ടിലേറെ പഴക്കമുള്ള ഈ വായ്പ തിരികെ ആവശ്യപ്പെട്ടുകൊണ്ടുള്ള കുടുംബത്തിന്റെ ആവശ്യത്തോട് യുകെയുടെ ഡെബ്റ്റ് മാനേജ്മെന്റ് ഓഫീസ് പ്രതികരിച്ചതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. സീഹോറിലെ പ്രമുഖ വ്യാപാരിയായിരുന്ന സേത്ത് ജുമ്മാ ലാൽ റുഥിയയാണ് 1917 ജൂൺ 4-ന് ബ്രിട്ടീഷ് ഭരണകൂടത്തിന് ഈ തുക നൽകിയത്.
ഒന്നാം ലോകമഹായുദ്ധത്തിന്റെ പശ്ചാത്തലത്തിൽ സാമ്പത്തിക ബാധ്യത നേരിട്ട ബ്രിട്ടീഷ് ഭരണകൂടം ജനങ്ങളിൽ നിന്നും സാമ്പത്തിക സഹായം തേടിയിരുന്നു.
‘ഇന്ത്യൻ വാർ ലോൺ’ (Indian War Loan) പദ്ധതിയുടെ ഭാഗമായിട്ടാണ് സേത്ത് ജുമ്മാ ലാൽ റുഥിയ ബ്രിട്ടീഷ് സർക്കാരിന് പണം കൈമാറിയതെന്നാണ് കുടുംബത്തിന്റെ കൈവശമുള്ള രേഖകൾ വ്യക്തമാക്കുന്നത്. അന്നത്തെ ഭോപ്പാൽ പൊളിറ്റിക്കൽ ഏജന്റായ ഡബ്ല്യു.എസ്.
ഡേവിസിന്റെ ഒപ്പുള്ള രേഖകളും കുടുംബം ഇതിനോടകം പുറത്തുവിട്ടിട്ടുണ്ട്. വർഷങ്ങൾക്ക് ശേഷം കുടുംബത്തിന്റെ കൈവശമുള്ള പഴയ രേഖകളും വിൽപ്പത്രവും പരിശോധിച്ചപ്പോഴാണ് ബ്രിട്ടീഷ് സർക്കാരിന് നൽകിയ വായ്പയുടെ വിവരങ്ങൾ വീണ്ടും ശ്രദ്ധയിൽപ്പെട്ടതെന്ന് ജുമ്മാ ലാലിന്റെ കൊച്ചുമകൻ വിവേക് റുഥിയ വ്യക്തമാക്കി.
1937-ൽ ജുമ്മാ ലാൽ അന്തരിച്ചതിന് ശേഷവും തുക തിരിച്ചടച്ചതിന്റെ യാതൊരുവിധ രേഖകളും കുടുംബത്തിന് ലഭിച്ചിട്ടില്ല. പലിശയും മറ്റ് കണക്കുകൂട്ടലുകളും പരിഗണിച്ചാൽ ഈ തുക നിലവിൽ കോടികളായി ഉയർന്നേക്കാമെന്നാണ് കുടുംബത്തിന്റെ അവകാശവാദം.
ഇതിനിടെ, വായ്പയുമായി ബന്ധപ്പെട്ട യഥാർത്ഥ രേഖകൾ ഹാജരാക്കണമെന്ന് യുകെ ഡെബ്റ്റ് മാനേജ്മെന്റ് ഓഫീസ് കുടുംബത്തോട് ആവശ്യപ്പെട്ടതായി കുടുംബം അറിയിച്ചു.
109 വർഷം പഴക്കമുള്ള ഈ അവകാശവാദത്തിന്റെ ഔദ്യോഗിക പരിശോധനയ്ക്കാണ് ഇതുവഴി വഴിതുറന്നിരിക്കുന്നത്. റുഥിയ കുടുംബത്തെ സംബന്ധിച്ചിടത്തോളം ഇത് പണത്തിന്റെ മാത്രം പ്രശ്നമല്ലെന്നും, ചരിത്രപരമായ ഉത്തരവാദിത്വത്തിന്റെയും നീതിയുടെയും വിഷയമാണെന്നും വിവേക് റുഥിയ കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

