പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന നിവിൻ പോളി, മമിത ബൈജു എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഗിരീഷ് എ ഡി സംവിധാനം ചെയ്യുന്ന ‘ബത്ലഹേം കുടുംബ യൂണിറ്റ്’ എന്ന ചിത്രത്തിലെ പുതിയ വീഡിയോ ഗാനം അണിയറപ്രവർത്തകർ പുറത്തുവിട്ടു. ‘ഇല്ലേ ഇല്ല’ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നത് സുഹൈൽ കോയയാണ്.
വിഷ്ണു വിജയ് സംഗീതം പകർന്നിരിക്കുന്ന ഈ മനോഹര ഗാനം ആലപിച്ചിരിക്കുന്നത് കപിൽ കപിലനാണ്. മലയാളി സിനിമാപ്രേമികൾ ഏറെ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന കൂട്ടുകെട്ടാണ് ചിത്രത്തിലുള്ളതെന്ന് വ്യക്തമാക്കുന്നതാണ് പുറത്തുവന്ന വീഡിയോ സോംഗ്.
റൊമാന്റിക് കോമഡി വിഭാഗത്തിൽപ്പെടുന്ന ചിത്രം വരുന്ന ഓഗസ്റ്റ് 21-ന് തിയറ്ററുകളിലെത്തും. ‘തണ്ണീർ മത്തൻ ദിനങ്ങൾ’, ‘സൂപ്പർ ശരണ്യ’, ‘പ്രേമലു’ തുടങ്ങിയ വലിയ വിജയങ്ങൾ സമ്മാനിച്ച സംവിധായകനാണ് ഗിരീഷ് എ ഡി.
മലയാളത്തിലെ പ്രമുഖ ബാനറായ ഭാവന സ്റ്റുഡിയോസും നിവിൻ പോളിയും ആദ്യമായി ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഭാവന സ്റ്റുഡിയോസിന്റെ ആറാമത്തെ നിർമ്മാണ സംരംഭമാണിത്.
ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സംവിധായകനൊപ്പം കിരൺ ജോസിയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
സംഗീത് പ്രതാപ്, സുരേഷ് കൃഷ്ണ, ബിന്ദു പണിക്കർ, വിനയ് ഫോർട്ട്, റോഷൻ ഷാനവാസ്, ശ്യാം മോഹൻ, ഷമീർ ഖാൻ, ശ്രിന്ദ, പാർവതി അയ്യപ്പദാസ്, മീനാക്ഷി രവീന്ദ്രൻ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ചാലക്കുടി, പൊള്ളാച്ചി, ഗോവ, ഹൈദരാബാദ്, കുട്ടിക്കാനം എന്നിവിടങ്ങളിലായി നൂറിലധികം ദിവസങ്ങൾ എടുത്താണ് സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയത്.
അജ്മൽ സാബു ഛായാഗ്രഹണവും ആകാശ് ജോസഫ് വർഗ്ഗീസ് എഡിറ്റിംഗും നിർവ്വഹിച്ചിരിക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

