ശതകോടീശ്വരൻ ഗൗതം അദാനി നയിക്കുന്ന അദാനി ഗ്രൂപ്പിനെതിരെ കടുത്ത വിമർശനവുമായി തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര വീണ്ടും രംഗത്ത്. വിമാനക്കമ്പനികളുടെ ഓഹരി പങ്കാളിത്തച്ചട്ടത്തിൽ ഭേദഗതി ആവശ്യപ്പെട്ട് കേന്ദ്രസർക്കാരിന് അദാനി ഗ്രൂപ്പ് കത്തയച്ച വിവാദത്തിലാണ് എംപിയുടെ പുതിയ നീക്കം.
കേന്ദ്രസർക്കാരിന് അദാനി ഗ്രൂപ്പ് അയച്ച കത്തും, ഇതുസംബന്ധിച്ച് പുറത്തുവന്ന വിവരങ്ങൾ നിഷേധിച്ച് സ്റ്റോക്ക് എക്സ്ചേഞ്ചുകൾക്ക് കമ്പനി നൽകിയ വിശദീകരണവും എക്സ് പ്ലാറ്റ്ഫോമിലൂടെ പങ്കുവെച്ചാണ് മഹുവ ആഞ്ഞടിച്ചത്. വിമാനത്താവള കമ്പനികളിൽ ഓഹരി പങ്കാളിത്തമുള്ളവർക്ക് വിമാന സർവീസ് കമ്പനികളിൽ 10 ശതമാനത്തിലധികം ഓഹരി പങ്കാളിത്തം നേടാൻ നിലവിലെ ചട്ടം അനുവദിക്കുന്നില്ല.
ഈ ചട്ടം ഭേദഗതി ചെയ്യണമെന്ന് ആവശ്യപ്പെട്ട് അദാനി കേന്ദ്രസർക്കാരിനെ സമീപിച്ചെന്നായിരുന്നു പ്രധാന വിവരങ്ങൾ. എന്നാൽ, വിമാനക്കമ്പനി തുടങ്ങാനൊരുങ്ങുന്നു എന്നതരത്തിലുള്ള വാർത്തകൾ അവാസ്തവവും അടിസ്ഥാനരഹിതവുമാണെന്നാണ് സ്റ്റോക്ക് എക്സ്ചേഞ്ചുകളോട് അദാനി ഗ്രൂപ്പ് പിന്നീട് പ്രതികരിച്ചത്.
ഇതുസംബന്ധിച്ച് മഹുവയുടെ പ്രതികരണം ഇങ്ങനെ: “Lying brazenly to Stock Exchanges – on 4/6 Adani writes to Chairman wants to own & invest in airlines as airport operator. Then same Company Secretary cc’d on June 4 letter writes to BSE /NSE on 24/7 denying news!” കേന്ദ്രത്തിന് അദാനി ഗ്രൂപ്പ് അയച്ച കത്തും സ്റ്റോക്ക് എക്സ്ചേഞ്ചുകൾക്ക് നൽകിയ മറുപടിയും തെളിവായി നിരത്തി, അദാനി ഗ്രൂപ്പ് ലജ്ജയില്ലാതെ കള്ളം പറയുകയാണെന്ന് മഹുവ ആരോപിച്ചു.
കേന്ദ്രത്തിന് നൽകിയ കത്തിന്റെ പകർപ്പ് കമ്പനി സെക്രട്ടറിക്കും നൽകിയിരുന്നു. എന്നാൽ ഇതേ കമ്പനി സെക്രട്ടറി തന്നെ സ്റ്റോക്ക് എക്സ്ചേഞ്ചുകൾക്ക് മുന്നിൽ വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് പറഞ്ഞ് പച്ചക്കള്ളം പ്രചരിപ്പിക്കുകയാണെന്നും അവർ കുറ്റപ്പെടുത്തി.
തിരുവനന്തപുരം, മംഗളൂരു, മുംബൈ, നവിമുംബൈ, ഗുവാഹതി, ലക്നൗ, അഹമ്മദാബാദ്, ജയ്പുർ എന്നീ പ്രധാന വിമാനത്താവളങ്ങളുടെ നിയന്ത്രണച്ചുമതല അദാനി ഗ്രൂപ്പിന് കീഴിലുള്ള അദാനി എയർപോർട്ട് ഹോൾഡിങ്സ് ലിമിറ്റഡിനാണ്. മുംബൈ വിമാനത്താവള കമ്പനിയിൽ 74 ശതമാനം ഓഹരി പങ്കാളിത്തവും ഗ്രൂപ്പിനുണ്ട്.
നിലവിലുള്ള നിയമങ്ങൾ അനുസരിച്ച് വിമാനക്കമ്പനികളിൽ 10 ശതമാനത്തിൽ കൂടുതൽ ഓഹരി സ്വന്തമാക്കാൻ അദാനിക്ക് തടസ്സങ്ങളുണ്ട്. ഈ പശ്ചാത്തലത്തിലാണ് മറ്റൊരു പരാമർശവും എംപി പങ്കുവെച്ചത്: “On July 24th, SAME Company Secretary of Adani Enterprises writes to BSE & NSE calling news reporting their desire to own & invest in airlines false & baseless!” നിലവിൽ ഇൻഡിഗോ, എയർ ഇന്ത്യ എന്നീ കമ്പനികളാണ് ഇന്ത്യൻ വിമാന സർവീസ് മേഖലയിൽ ആധിപത്യം പുലർത്തുന്നത്.
വിപണിയിലെ 90 ശതമാനത്തോളം വിഹിതവും ഇവരുടെ നിയന്ത്രണത്തിലാണ്. ജെറ്റ് എയർവേസ്, ഗോ എയർലൈൻസ് തുടങ്ങിയ കമ്പനികൾ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് പ്രവർത്തനം അവസാനിപ്പിച്ചിരുന്നു.
ആകാശ എയർ, സ്പൈസ് ജെറ്റ് തുടങ്ങിയവയ്ക്ക് വലിയ വെല്ലുവിളികൾ ഉയർത്താൻ സാധിക്കാത്ത സാഹചര്യത്തിൽ, ‘അദാനി എയർലൈൻസ്’ വിപണിയിലെത്തിയാൽ അത് നിലവിലെ പ്രമുഖ കമ്പനികൾക്ക് കനത്ത വെല്ലുവിളിയാകുമെന്ന വിലയിരുത്തലുകളാണ് ഇത്രയും വിവാദങ്ങൾക്ക് കാരണമായത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

