ജാർഖണ്ഡ് സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ (ജെഎസ്എസ്സി) പരീക്ഷകളിലെ ക്രമക്കേടുകൾക്കെതിരായ പ്രക്ഷോഭം സംസ്ഥാനത്ത് കൂടുതൽ തീവ്രമാകുന്നു. ഹേമന്ത് സോറൻ സർക്കാരുമായി വിദ്യാർഥി പ്രതിനിധികൾ ഞായറാഴ്ച നടത്തിയ ആറാം വട്ട
ചർച്ചയും പരാജയപ്പെട്ടതിനെ തുടർന്ന്, ആയിരക്കണക്കിന് വിദ്യാർഥികൾ റാഞ്ചി വിധാൻസഭയിലേക്ക് മാർച്ച് നടത്തുകയാണ്. സംസ്ഥാനത്തെ മുഴുവൻ വിദ്യാർഥികളും ഈ മാർച്ചിൽ അണിനിരക്കണമെന്ന് വിദ്യാർഥി നേതാവ് രവീന്ദ്ര പസ്വാൻ ആവശ്യപ്പെട്ടു.
സമരം തികച്ചും സമാധാനപരമായ രീതിയിലായിരിക്കും മുന്നോട്ടുപോവുകയെന്നും, പ്രസ്ഥാനത്തിന്റെ അന്തസ്സു തകർക്കാൻ ശ്രമിക്കുന്ന സാമൂഹിക വിരുദ്ധരെ പൊലീസിന് കൈമാറുമെന്നും അദ്ദേഹം വ്യക്തമാക്കി. വിദ്യാർഥി പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തിൽ റാഞ്ചി നഗരത്തിൽ കർശന സുരക്ഷയാണ് ഏർപ്പെടുത്തിയിട്ടുള്ളത്.
വിധാൻസഭയിലേക്കുള്ള റോഡിൽ ജഗന്നാഥ ക്ഷേത്രത്തിന് സമീപം കമ്പിവേലികൾ തീർത്ത് പൊലീസ് ഗതാതടം തടഞ്ഞു. വിധാൻസഭയുടെ 750 മീറ്റർ ചുറ്റളവിൽ ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 163 പ്രകാരം നിരോധനാജ്ഞ ഏർപ്പെടുത്തിയിട്ടുണ്ട്.
കൂടാതെ, ക്രമസമാധാന നില മുൻനിർത്തി റാഞ്ചിയിലെ ഭൂരിഭാഗം സ്കൂളുകൾക്കും തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചിരുന്നു. ഞായറാഴ്ച നടന്ന ചർച്ചയിൽ പ്രശ്നപരിഹാരത്തിനായി ഇരുവശത്തുനിന്നും ആത്മാർത്ഥമായ സമീപനമുണ്ടായില്ലെന്ന് ആരോപിച്ചാണ് ചർച്ച വഴിമുട്ടിയത്.
വിദ്യാർഥികളുടെ 98 ശതമാനം ആവശ്യങ്ങളും സർക്കാർ അംഗീകരിച്ചുവെന്ന വാദം തികച്ചും അടിസ്ഥാനരഹിതമാണെന്ന് വിദ്യാർഥി നേതാക്കൾ തുറന്നടിച്ചു. തങ്ങളുടെ ആവശ്യങ്ങൾ പൂർണ്ണമായി അംഗീകരിക്കുന്നത് വരെ സമരം തുടരുമെന്ന് ഇവർ ആവർത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്.
സംസ്ഥാനത്തെ റിക്രൂട്ട്മെന്റ് പരീക്ഷകളിലെ മുഴുവൻ ക്രമക്കേടുകളെക്കുറിച്ചും സിബിഐ അന്വേഷണം നടത്തുക, 2019-നു ശേഷം നടത്തിയ ജെപിപിഎസ്സി, ജെഎസ്എസ്സി പരീക്ഷകൾ റദ്ദാക്കുക, യുപിഎസ്സി, എസ്എസ്സി മാതൃകയിൽ കൃത്യമായ റിക്രൂട്ട്മെന്റ് കലണ്ടർ തയ്യാറാക്കുക, കാറ്റഗറി തിരിച്ചുള്ള കട്ട് ഓഫ് മാർക്കുകൾ, ഒഎംആർ കോപ്പികൾ, റെസ്പോൺസ് ഷീറ്റുകൾ എന്നിവ പരസ്യപ്പെടുത്തുക, പരീക്ഷാ തട്ടിപ്പിൽ പങ്കാളികളായവർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുക തുടങ്ങിയ സുപ്രധാന ആവശ്യങ്ങളാണ് വിദ്യാർഥികൾ ഉന്നയിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

