ബെംഗളൂരുവിൽ സംഭവിച്ച ദാരുണമായ കെഎസ്ആർടിസി ബസ് അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് സർക്കാരിന്റെ ഭാഗത്തുനിന്നും അടിയന്തര സഹായവും പരിഗണനയും ഉറപ്പാക്കണമെന്ന് സിപിഐ കോഴിക്കോട് ജില്ലാ സെക്രട്ടറി പി.ഗവാസ് ആവശ്യപ്പെട്ടു. അപകടത്തിൽ മരണമടഞ്ഞ ഡ്രൈവർ മിഥിലേഷ് കെഎസ്ആർടിസിയിലെ താൽക്കാലിക ജീവനക്കാരനും, കണ്ടക്ടർ എൻ.എം.അരുൺ സ്ഥിരം ജീവനക്കാരനുമാണ്.
പരുക്കേറ്റ മുഴുവൻ ആളുകൾക്കും മികച്ച ചികിത്സയും ആവശ്യമായ പിന്തുണയും ലഭ്യമാക്കണം. സർവീസിൽ താൽക്കാലിക ജീവനക്കാരൻ എന്ന കാരണത്താൽ യാതൊരുവിധ ആനുകൂല്യങ്ങളും നിഷേധിക്കപ്പെടാൻ പാടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അപകടവുമായി ബന്ധപ്പെട്ട് കെഎസ്ആർടിസിക്കെതിരെ ഉയർന്നു വന്നിട്ടുള്ള ഗൗരവമേറിയ ആരോപണങ്ങളിൽ സമഗ്രമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ദീർഘദൂര സർവീസുകൾ സംബന്ധിച്ച ചട്ടങ്ങൾ കൃത്യമായി പാലിച്ചിരുന്നോ, ഡ്രൈവർക്ക് ആവശ്യമായ വിശ്രമം ലഭിച്ചിരുന്നോ, തുടർച്ചയായ ഡ്യൂട്ടികൾക്കിടയിൽ മതിയായ ഇടവേളകൾ അനുവദിച്ചിരുന്നോ, രണ്ടാമത്തെ ഡ്യൂട്ടി പെട്ടെന്ന് തന്നെ നൽകിയിരുന്നോ തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത വരേണ്ടതുണ്ട്.
ഇത്തരം ദുരന്തങ്ങൾ ഭാവിയിൽ ആവർത്തിക്കാതിരിക്കാൻ കർശനമായ സുരക്ഷാ മാനദണ്ഡങ്ങളും ശാസ്ത്രീയമായ ഡ്യൂട്ടി ക്രമീകരണങ്ങളും കെഎസ്ആർടിസിയിൽ നടപ്പിലാക്കേണ്ടതുണ്ട്. അപകടത്തിൽ മരിച്ചവരുടെ വസതികളിൽ സിപിഐ ജില്ലാ സെക്രട്ടറി പി.ഗവാസ്, സിറ്റി നോർത്ത് മണ്ഡലം സെക്രട്ടറി എം.കെ.പ്രജോഷ്, സെക്രട്ടേറിയറ്റ് അംഗങ്ങളായ കെ.രതിഷ്, കെ.സുജിത്ത്, നടക്കാവ് ലോക്കൽ സെക്രട്ടറി എസ്.സലീഷ്, സിറ്റി കമ്മിറ്റി അംഗം എസ്ര.മേശൻ, കോർപറേഷൻ കൗൺസിലർ ആഷിക ടീച്ചർ എന്നിവർ നേരിട്ടെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

