സംസ്ഥാനത്ത് തെങ്ങുകൃഷി ലാഭകരമാണെന്നും മികച്ച വരുമാനമാണ് ഇതിലൂടെ ലഭിക്കുന്നതെന്നും വ്യക്തമാക്കി കേര കേസരി അവാർഡ് ജേതാവ് കെ.കെ.സേവ്യർ (മാമ്മച്ചൻ –74). കോഴിക്കോട് ജില്ലയിലെ ചക്കിട്ടപാറ പഞ്ചായത്ത് നാലാം വാർഡിൽ പൂഴിത്തോട് ഒഴുകയിൽമുക്കിലാണ് ഇദ്ദേഹത്തിന്റെ കൃഷിയിടം സ്ഥിതി ചെയ്യുന്നത്.
തന്റെ മൂന്നര ഏക്കർ ഭൂമിയിൽ രണ്ടേക്കറോളം വരുന്ന തെങ്ങിൻതോട്ടത്തിൽ 97 തെങ്ങുകളാണ് സേവ്യർ പരിപാലിക്കുന്നത്. വെറും 14-ാം വയസ്സിലാണ് ഇദ്ദേഹം കാർഷിക മേഖലയിലേക്ക് കടന്നുവരുന്നത്.
മുൻപ് ഇവിടെയുണ്ടായിരുന്ന റബർ മരങ്ങൾ വെട്ടിമാറ്റിയാണ് കുറ്റ്യാടി ഇനം തെങ്ങിൻ തൈകൾ നട്ടുപിടിപ്പിച്ചത്. ജലക്ഷാമം രൂക്ഷമായ ഈ പ്രദേശത്ത്, കടന്തറ പുഴയിൽ നിന്നും വെള്ളം ചുമന്നുകൊണ്ടുവന്ന് നനച്ചാണ് സേവ്യറും ഭാര്യ ആലീസും മക്കളും ചേർന്ന് തെങ്ങുകൾ വളർത്തിയെടുത്തത്.
ഏകദേശം 33 വർഷത്തോളം പഴക്കമുള്ള ഈ തെങ്ങുകളിൽ നിന്നും മികച്ച വിളവാണ് കർഷകന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഓരോ തെങ്ങിൽ നിന്നും വർഷംതോറും 500 തേങ്ങയോളം ഉൽപാദനമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
തെങ്ങിന് പുറമെ ഒന്നര ഏക്കർ സ്ഥലത്ത് റബർ കൃഷിയും ഇദ്ദേഹം ചെയ്യുന്നുണ്ട്. കൂടാതെ കമുക്, കുരുമുളക്, മറ്റ് ഫലവൃക്ഷങ്ങൾ എന്നിവയും ഈ കൃഷിയിടത്തെ സമ്പന്നമാക്കുന്നു.
പൂർണ്ണമായും ജൈവവളമാണ് കൃഷിക്കായി ഉപയോഗിക്കുന്നത്. കൃഷിയിടത്തിൽ കയ്യാല സ്ഥാപിച്ച് തടമൊരുക്കിയാണ് പ്രധാനമായും വളപ്രയോഗങ്ങൾ നടത്തുന്നത്.
വന്യമൃഗശല്യം രൂക്ഷമായ ഈ പ്രദേശത്ത് കൃഷിയിടത്തിന്റെ സുരക്ഷയ്ക്കായി ചുറ്റും ജിഐ വേലിയും നിർമിച്ചിട്ടുണ്ട്. ചക്കിട്ടപാറ കൃഷിഭവൻ ഉദ്യോഗസ്ഥരുടെയും പെരുവണ്ണാമൂഴി കൃഷി വിജ്ഞാന കേന്ദ്രം അധികൃതരുടെയും ഭാഗത്തുനിന്നും വിലയേറിയ നിർദ്ദേശങ്ങളും പിന്തുണയും ലഭിച്ചതായി കേര കേസരി അവാർഡ് ജേതാവ് കൂട്ടിച്ചേർത്തു.
മികച്ച കർഷകനായ കെ.കെ.സേവ്യറിന്റെ വീട്ടിലെത്തി ചക്കിട്ടപാറ പഞ്ചായത്ത് പ്രസിഡന്റ് മോളി ആയിത്തമറ്റം, വാർഡ് മെംബർ ജിനീഷ് കല്ലുംപുറത്ത് എന്നിവർ നേരിട്ട് അഭിനന്ദനങ്ങൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട
ഫോൺ നമ്പർ: 9605062042.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

