പത്തനംതിട്ടയിൽ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്ത നടപടിക്കെതിരെ ജീവനക്കാരുടെ സംഘടനകൾ പ്രതിഷേധം ശക്തമാക്കുന്നു. ഇതിന്റെ ഭാഗമായി വരുന്ന തിങ്കളാഴ്ച സംസ്ഥാന വ്യാപകമായി പ്രതിഷേധ ദിനം ആചരിക്കുമെന്ന് സംഘടനകൾ പ്രഖ്യാപിച്ചു.
പ്രതിഷേധത്തിന്റെ പ്രഥമ ഘട്ടമെന്ന നിലയിൽ ഉദ്യോഗസ്ഥർ കറുത്ത ബാഡ്ജ് ധരിച്ച് ഓഫീസുകളിൽ ഹാജരാകും. കൂടാതെ തിങ്കളാഴ്ച മുതൽ സംസ്ഥാനത്ത് പെറ്റി പിരിക്കില്ലെന്നും എഎംവിഐമാർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ വകുപ്പിന്റെ വാഹനങ്ങൾ ഓടിക്കില്ലെന്നും സംഘടനകൾ വ്യക്തമാക്കിയിട്ടുണ്ട്.
മോട്ടോർ വാഹന വകുപ്പിലെ പ്രമുഖ സംഘടനകളായ KAMVIA, KMVDGOA എന്നിവയുടെ സംയുക്ത നേതൃത്വത്തിലാണ് ഈ സമരപരിപാടികൾ സംഘടിപ്പിക്കുന്നത്. വരുന്ന ഓഗസ്റ്റ് 22-ന് ഗതാഗത കമ്മീഷണറേറ്റിന് മുൻപിൽ ശക്തമായ പ്രതിഷേധ ധർണ്ണ നടത്താനും തീരുമാനമായിട്ടുണ്ട്.
തിങ്കളാഴ്ച മുതൽ വാഹനങ്ങൾക്ക് ചലാൻ നൽകുന്ന നടപടികളിൽ നിന്നും ഉദ്യോഗസ്ഥർ പൂർണ്ണമായും വിട്ടുനിൽക്കും. സംസ്ഥാന വ്യാപകമായി ‘സീറോ ചലാൻ’ നടപ്പിലാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ഉദ്യോഗസ്ഥരുടെ ഔദ്യോഗിക ജോലികൾ റോഡ് സുരക്ഷാ പ്രവർത്തനങ്ങളിൽ മാത്രമായി ചുരുക്കുമെന്നും അറിയിച്ചിട്ടുണ്ട്. എഐ ക്യാമറകൾ വഴിയുള്ള പിഴ ചുമത്തലുകളും തിങ്കളാഴ്ച മുതൽ ഉണ്ടാകില്ല.
എഐ ക്യാമറ വഴിയുള്ള ചലാനുകൾക്ക് അന്തിമ അംഗീകാരം നൽകേണ്ടത് എംവിഐമാരാണ്, എന്നാൽ ഈ ചുമതലകളിൽ നിന്നും ഉദ്യോഗസ്ഥർ വിട്ടുനിൽക്കും. ഔദ്യോഗിക ഡ്രൈവർമാരുടെ അഭാവം മൂലം പലയിടങ്ങളിലും വകുപ്പ് വാഹനങ്ങൾ ഓടിച്ചിരുന്നത് എഎംവിഐമാരാണ്.
എന്നാൽ ഇനിമുതൽ ഉദ്യോഗസ്ഥർ വണ്ടിയോടിക്കേണ്ടതില്ലെന്നാണ് സംഘടനകളുടെ കർശന തീരുമാനം. കൂടാതെ, ഫെയ്സ് ആപ്പിലെ സാങ്കേതിക ആശങ്കകൾ ഇതുവരെ പരിഹരിക്കപ്പെടാത്തതിനാൽ ആപ്പ് വഴി ഹാജർ രേഖപ്പെടുത്തില്ലെന്നും സംഘടനകൾ അറിയിച്ചു.
പത്തനംതിട്ട അടൂരിൽ പ്രളയ രക്ഷാപ്രവർത്തനത്തിനെത്തിയ ജീപ്പിന് മോട്ടോർ വാഹന വകുപ്പ് പിഴയിട്ടെന്ന ആരോപണം വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് പിഴയിട്ട രണ്ട് ഉദ്യോഗസ്ഥരെ വകുപ്പ് സസ്പെൻഡ് ചെയ്തത്.
അടൂരിലെ എഎംവിഐമാരായ ബി.എസ്. ലൈജു, ഷം.
ഷമീർ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. എന്നാൽ പ്രളയ രക്ഷാപ്രവർത്തനത്തിനിടയിലല്ല, മറിച്ച് അടൂരിൽ പതിവ് വാഹനപരിശോധന നടത്തുന്നതിനിടയിലാണ് ഈ വാഹനത്തിന് പിഴയിട്ടതെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം.
വാഹനത്തിന് പിഴയിട്ട സംഭവം വിവാദമായതിനെ തുടർന്ന് ആറന്മുള എംഎൽഎ അബിൻ വർക്കി ഇടപെട്ട് പിഴ ഒഴിവാക്കി നൽകിയിരുന്നു.
ഇതിനുപിന്നാലെയാണ്, വാഹനത്തിന് പിഴ ചുമത്തിയത് അനൗചിത്യമാണെന്ന് ചൂണ്ടിക്കാട്ടി ഉദ്യോഗസ്ഥർക്കെതിരെ സസ്പെൻഷൻ നടപടി ഉണ്ടായത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

