പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രി മമത ബാനർജിയുടെ വാഹനവ്യൂഹത്തിനു നേരെ ആക്രമണമുണ്ടായി. പൊലീസ് കസ്റ്റഡിയിൽ മരണപ്പെട്ട
പാർട്ടി പ്രവർത്തകന്റെ കുടുംബത്തെ സന്ദർശിക്കാൻ യാത്ര തിരിക്കുന്നതിനിടയിൽ നോർത്ത് 24 പർഗാനാസ് ജില്ലയിൽ വെച്ചാണ് ഈ സംഭവം അരങ്ങേറിയത്. പ്രക്ഷോഭകരായ ഒരു സംഘം ആളുകൾ വാഹനം തടഞ്ഞു നിർത്തി പ്രതിഷേധം രേഖപ്പെടുത്തുകയായിരുന്നു.
‘കള്ളൻ, കള്ളൻ’ എന്ന് ആർക്കെതിരെയും വിളിച്ചുകൊണ്ടായിരുന്നു ജനക്കൂട്ടത്തിന്റെ പ്രതിഷേധ പ്രകടനം. വാഹനത്തിന്മേൽ ചെളി വാരിയെറിയുകയും, വാഹനവ്യൂഹത്തിന് നേരെ വെള്ളക്കുപ്പികളും ചെരിപ്പുകളും വലിച്ചെറിയുകയും ചെയ്തു.
കാറിന്റെ ഗ്ലാസ് തുറന്നിരുന്നെങ്കിൽ തന്റെ തല പൊട്ടുമായിരുന്നുവെന്നും തലനാരിഴയ്ക്കാണ് താൻ ആക്രമണത്തിൽ നിന്നും രക്ഷപ്പെട്ടതെന്നും മമത ബാനർജി വ്യക്തമാക്കി. രാഷ്ട്രീയ ജീവിതത്തിൽ ഇതുവരെ ഇങ്ങനെയൊരു സാഹചര്യത്തെ നേരിടേണ്ടി വന്നിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു.
സംഭവസ്ഥലത്തുണ്ടായിരുന്ന പൊലീസിനെതിരെയും മുൻ മുഖ്യമന്ത്രി കടുത്ത വിമർശനം ഉന്നയിച്ചു. തങ്ങൾക്ക് ആവശ്യമായ സുരക്ഷ ഉറപ്പാക്കാൻ പൊലീസിന് സാധിച്ചില്ലെന്നും ബിജെപിക്ക് മാത്രമാണ് സേന സംരക്ഷണം നൽകുന്നതെന്നും അവർ കുറ്റപ്പെടുത്തി.
തങ്ങളുടെ സന്ദർശന വിവരം മുൻകൂട്ടി അറിയിച്ചിരുന്നതാണെന്നും ഒരു ഗൂഢാലോചനയുടെ ഭാഗമായാണ് ഈ ആക്രമണം നടപ്പിലാക്കിയതെന്നും മമത ആരോപിച്ചു. എംപിമാരായ കല്യാൺ ബാനർജി, സോല സെൻ എന്നിവരും ഈ യാത്രയിൽ മമതയ്ക്കൊപ്പം ഉണ്ടായിരിന്നു.
അതേസമയം, ഈ സംഭവത്തെ ബിജെപിയുടെ സംസ്ഥാന നേതൃത്വം ശക്തമായി അപലപിച്ചു. പൊതുജനങ്ങളും ടിഎംസിയും തമ്മിലുള്ള അതൃപ്തിയാണ് ഇവിടെ പ്രകടമായതെന്നും ഇതിൽ ബിജെപിക്ക് യാതൊരുവിധ പങ്കുമില്ലെന്നും, കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും ബിജെപി ബംഗാൾ അധ്യക്ഷൻ സമിക് ഭട്ടാചാര്യ ആവശ്യപ്പെട്ടു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

