വിദേശത്തെ ഔദ്യോഗിക ജീവിതം പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങാൻ തയ്യാറെടുക്കുന്ന പ്രവാസികൾക്ക് തങ്ങളുടെ നിക്ഷേപങ്ങളും അക്കൗണ്ടുകളുമായി ബന്ധപ്പെട്ട് നിരവധി സംശയങ്ങളാണുള്ളത്. വിദേശ നിക്ഷേപങ്ങളിൽ നിന്നുള്ള വരുമാനത്തിന് ഇന്ത്യയിൽ നികുതി ബാധ്യതയുണ്ടോ എന്നതും, എൻആർഐ അക്കൗണ്ടുകൾ മാറ്റേണ്ടതിന്റെ ആവശ്യകതയും പരിശോധിക്കേണ്ടതുണ്ട്.
ഇന്ത്യയിൽ റസിഡന്റ് പദവി ലഭിച്ചുകഴിഞ്ഞാൽ, വിദേശത്തെ നിക്ഷേപങ്ങളിൽ നിന്ന് ലഭിക്കുന്ന പലിശ വരുമാനത്തിന് ആദായ നികുതി നിയമപ്രകാരം ഇന്ത്യയിൽ നികുതി നൽകേണ്ടതുണ്ട്. ചിലപ്പോൾ പ്രവാസി ജോലിയെടുത്ത രാജ്യത്തും ഈ വരുമാനത്തിന് നികുതി ബാധ്യത വന്നേക്കാം.
ഇത്തരം സന്ദർഭങ്ങളിൽ ഇന്ത്യയും ആ രാജ്യവും തമ്മിലുള്ള ഡബിൾ ടാക്സേഷൻ അവോയിഡൻസ് എഗ്രിമെന്റ് (ഡിടിഎഎ) എന്ന കരാറാണ് ബാധകമാകുന്നത്. ഈ കരാറിന്റെ വ്യവസ്ഥകൾ അനുസരിച്ച് ഏത് രാജ്യമാണ് ഈ വരുമാനത്തിന് നികുതി ഈടാക്കേണ്ടതെന്ന് കണ്ടെത്താൻ സാധിക്കും.
വിദേശത്താണ് നികുതി ബാധ്യതയെന്ന് കരാർ വ്യവസ്ഥ ചെയ്യുന്നുവെങ്കിൽ ഇന്ത്യയിലെ നികുതി ബാധ്യതയിൽ നിന്ന് ഇളവ് നേടാൻ അവസരമുണ്ട്. പ്രവാസജീവിതം അവസാനിപ്പിച്ച് സ്ഥിരമായി നാട്ടിലേക്ക് വരുമ്പോൾ കൈവശമുള്ള എൻആർഇ, എൻആർഒ അക്കൗണ്ടുകൾ റസിഡന്റ് സേവിങ്സ് അക്കൗണ്ടുകളായി മാറ്റുകയാണ് വേണ്ടത്.
പ്രവാസി പദവി മാറി കഴിഞ്ഞശേഷവും ഇത്തരം അക്കൗണ്ടുകൾ തുടരാൻ ചട്ടങ്ങൾ അനുവദിക്കുന്നില്ല. ഇത് അധികൃതരുടെ ശ്രദ്ധയിൽ പെട്ടാൽ പിഴ ഈടാക്കുന്നത് ഉൾപ്പെടെയുള്ള കടുത്ത നടപടികൾ ഉണ്ടായേക്കാം.
വിദേശത്തുനിന്ന് നാട്ടിലേക്ക് പണം അയയ്ക്കുമ്പോൾ യാതൊരുവിധ നികുതിയും ബാധകമല്ല. എന്നാൽ ഇതിന് വിപരീതമായി നാട്ടിൽനിന്ന് വിദേശത്തേക്ക് പണം അയയ്ക്കുന്ന ഘട്ടത്തിലാണ് ടാക്സ് കളക്റ്റഡ് അറ്റ് സോഴ്സ് (ടിസിഎസ്) എന്ന നികുതി ബാധകമായി വരുന്നത്.
മറ്റൊരു പ്രധാന സംശയം ഓഹരി നിക്ഷേപങ്ങളെക്കുറിച്ചാണ്. യുകെയിലേക്ക് പോകുന്ന ഒരാൾക്ക് സ്വന്തം പേരിലുള്ള ഓഹരികളും മ്യൂച്വൽഫണ്ട് എസ്ഐപി നിക്ഷേപങ്ങളും അമ്മയുടെ പേരിൽ പുതിയ അക്കൗണ്ട് തുടങ്ങി മാറ്റാൻ നിയമപരമായി സാധിക്കില്ല.
ഒരാൾക്ക് സ്വന്തം പേരിൽ മാത്രമേ നിക്ഷേപങ്ങൾ നടത്താൻ അനുമതിയുള്ളൂ. യുകെയിൽ താമസമാക്കുന്ന വ്യക്തി നിലവിലുള്ള എസ്ഐപി നിക്ഷേപങ്ങൾ നിർത്തിയ ശേഷം എൻആർഐ സ്റ്റാറ്റസിൽ പുതിയവ ആരംഭിക്കാവുന്നതാണ്.
നിലവിലുള്ള മ്യൂച്വൽഫണ്ട്, ഓഹരി നിക്ഷേപങ്ങൾ എൻആർഒ (നോൺ-റീപാട്രിയബിൾ) സ്റ്റാറ്റസിലേക്ക് മാറ്റേണ്ടതുണ്ട്. എൻആർഇ അക്കൗണ്ടിൽ നിന്ന് വിത്ത് റീപാട്രിയേഷൻ ബെനഫിറ്റോടെ നിക്ഷേപം തുടരാൻ എൻആർഐ റീപാട്രിയബിൾ സ്റ്റാറ്റസിലുള്ള ഡീമാറ്റ് അക്കൗണ്ട് എടുക്കണം.
സ്റ്റാറ്റസ് എൻആർഒയിലേക്ക് മാറ്റിയ ശേഷവും നിക്ഷേപങ്ങൾ തുടർന്നു കൊണ്ടുപോകാം. മ്യൂച്വൽഫണ്ട്, ഓഹരി മൂലധന നേട്ടനികുതി ഇന്ത്യയിൽ താമസിക്കുന്നവർക്കും പ്രവാസികൾക്കും ഒരുപോലെയാണ് ബാധകം.
എന്നാൽ പ്രവാസികൾക്ക് സ്രോതസ്സിലെ നികുതിയായ ടിഡിഎസ് (TDS) ഈടാക്കുന്നതാണ്. നിക്ഷേപകന്റെ ഇന്ത്യയിൽ നിന്നുള്ള ആകെ നികുതി ബാധകമായ വരുമാനം മൂന്നു ലക്ഷം രൂപയിൽ താഴെയാണെങ്കിൽ ആദായ നികുതി റിട്ടേൺ സമർപ്പിക്കുമ്പോൾ തുക തിരികെ ലഭിക്കുന്നതിന് (റീഫണ്ട്) അപേക്ഷിക്കാവുന്നതാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

