പാക് അധീന കശ്മീരിലെ(പിഒകെ) രാഷ്ട്രീയ അന്തരീക്ഷത്തിൽ നിർണായക വഴിത്തിരിവ്. പിഒകെയിൽ അരങ്ങേറുന്ന പ്രക്ഷോഭങ്ങൾക്ക് പിന്നിൽ ഭീകരവാദികളാണെന്ന മുൻ നിലപാടിൽ നിന്ന് മലക്കംമറിഞ്ഞ് പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിന്റെ പാർട്ടിയായ പിഎംഎൽ(എൻ).
പ്രദേശത്ത് നിലവിലുള്ള സംഘർഷങ്ങളും പ്രതിഷേധങ്ങളും കണക്കിലെടുത്ത് ഭരണകക്ഷി നിലപാടിൽ വലിയ മാറ്റമാണ് ഉണ്ടായിരിക്കുന്നത്. നിരോധിത ഭീകരസംഘടനയായ തെഹ്റീകെ താലിബാൻ അംഗങ്ങൾ ഉൾപ്പെടെയുള്ളവരാണ് സമരങ്ങൾക്ക് പിന്നിലെന്നായിരുന്നു ഇതുവരെ പാർട്ടിയുടെ പ്രധാന ആരോപണം.
എന്നാൽ ഈ വാദങ്ങളെ പൂർണ്ണമായും തള്ളിക്കളയുന്ന പ്രസ്താവനയുമായി പാക് പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവും ഉന്നത പാർട്ടി നേതാവുമായ റാണാ സനാഹുള്ള രംഗത്തെത്തി. പിഒകെയിലെ പ്രതിഷേധക്കാരിൽ 99 ശതമാനവും ദേശസ്നേഹികളാണെന്നാണ് അദ്ദേഹം പുതിയതായി വ്യക്തമാക്കിയിരിക്കുന്നത്.
കൂടാതെ, പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകുന്ന ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റിയുമായി (ജെഎഎസി) ചർച്ച നടത്താൻ തയാറാണെന്നും അദ്ദേഹം അറിയിച്ചു. പിഒകെയിൽ മൂന്നാംഘട്ട
നിയമസഭ തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നതിനിടയാണ് ഭരണകക്ഷിയുടെ ഭാഗത്തുനിന്നും ഇത്തരത്തിലുള്ള അനുനയ നീക്കങ്ങൾ ഉണ്ടാകുന്നത്. തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവെയാണ് ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റി അംഗങ്ങളെ ദേശസ്നേഹികളെന്ന് റാണാ സനാഹുള്ള വിശേഷിപ്പിച്ചത്.
പിഒകെയിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ പിഎംഎൽ(എൻ) അധികാരത്തിലെത്തിയാൽ അവാമി കമ്മിറ്റി പ്രതിനിധികളുമായി ചർച്ചകൾ നടത്തി നിലവിലുള്ള പ്രശ്നങ്ങൾ പരിഹരിക്കുകയായിരിക്കും തങ്ങളുടെ ആദ്യ ദൗത്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട
തർക്കങ്ങളാണ് മേഖലയിൽ കനത്ത സംഘർഷങ്ങൾക്കും ഏറ്റുമുട്ടലുകൾക്കും കാരണമായത്. നിയമസഭയിൽ അഭയാർഥികൾക്കായി സംവരണം ചെയ്തിട്ടുള്ള 12 സീറ്റുകൾ പൂർണ്ണമായി ഒഴിവാക്കണമെന്നാണ് അവാമി ആക്ഷൻ കമ്മിറ്റിയുടെ പ്രധാന ആവശ്യം.
ഭരണകൂടം തങ്ങൾക്ക് അനുകൂലരായവരെ പിഒകെയിൽ പ്രധാനമന്ത്രി പദത്തിലെത്തിക്കാൻ ഈ സംവരണ സീറ്റുകൾ ദുരുപയോഗം ചെയ്യുന്നുവെന്നാണ് ഇവർ ഉന്നയിക്കുന്ന ആരോപണം. വ്യാപകമായ ക്രമക്കേടുകളുടെ പശ്ചാത്തലത്തിൽ പിഒകെയിലെ നിയമസഭ തെരഞ്ഞെടുപ്പ് നിർണായക ഘട്ടങ്ങളിലൂടെയാണ് കടന്നുപോകുന്നത്.
ജൂലായ് 27-ന് ആരംഭിച്ച തിരഞ്ഞെടുപ്പിന്റെ ആദ്യ രണ്ട് ഘട്ടങ്ങൾ പിന്നിട്ടപ്പോൾ ആകെയുള്ള 45 സീറ്റുകളിൽ 25 സീറ്റുകൾ നേടി പിഎംഎൽ(എൻ) കേവലഭൂരിപക്ഷം ഉറപ്പിച്ചിട്ടുണ്ട്. ഇതിനിടെ തിങ്കളാഴ്ച നാല് മണ്ഡലങ്ങളിലായി മൂന്നാംഘട്ട
വോട്ടെടുപ്പ് നടക്കുമെങ്കിലും ഏഴ് മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് അനിശ്ചിതകാലത്തേക്ക് നീട്ടിവെച്ചിട്ടുമുണ്ട്. അതേസമയം, തിരഞ്ഞെടുപ്പ് പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട് വലിയ തോതിലുള്ള ജീവഹാനി ഉണ്ടായതായി ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റി ആരോപിക്കുന്നു.
പ്രക്ഷോഭകാരികളെ അടിച്ചമർത്താൻ പാകിസ്ഥാൻ സൈന്യത്തെയും പൊലീസിനെയും വ്യാപകമായി വിന്യസിച്ചതിനെ തുടർന്നുണ്ടായ വെടിവെപ്പിൽ 40-ലേറെ പേർ കൊല്ലപ്പെട്ടതായാണ് ഇവരുടെ വാദം. മാത്രമല്ല, ജൂൺ മാസം മുതൽ ഇതുവരെ ഏകദേശം 400-ഓളം പ്രതിഷേധക്കാർ വിവിധ സംഭവങ്ങളിലായി കൊല്ലപ്പെട്ടെന്നും അവാമി ആക്ഷൻ കമ്മിറ്റി വ്യക്തമാക്കിയിട്ടുണ്ട്.
എന്നാൽ ഈ കണക്കുകളെല്ലാം പാകിസ്ഥാൻ സർക്കാർ പൂർണ്ണമായി നിഷേധിച്ചു. സമരക്കാർ അവകാശപ്പെടുന്ന രീതിയിൽ വലിയ തോതിലുള്ള ആൾനാശമുണ്ടായിട്ടില്ലെന്നും മരിച്ചവരുടെ കണക്കുകൾ പെരുപ്പിച്ചു കാണിക്കുകയാണെന്നുമാണ് സർക്കാരിന്റെ ഔദ്യോഗിക വിശദീകരണം.
മേഖലയിലെ അതീവ ഗുരുതരമായ സംഘർഷാവസ്ഥയിൽ ഐക്യരാഷ്ട്രസഭയും നേരത്തെ കടുത്ത ആശങ്ക രേഖപ്പെടുത്തിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

