പത്തനാപുരം താലൂക്കിലെ പിറവന്തൂരിൽ ജനവാസ മേഖലയിൽ ദിവസങ്ങളായി ആശങ്ക പരത്തിയിരുന്ന പുലി ഒടുവിൽ വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലകപ്പെട്ടു. പൈമാനന്തൂർ വാലുതുണ്ടിൽ വീടിന് സമീപത്താണ് സംഭവം.
പുലർച്ചെ അഞ്ച് മണിയോടെ വലിയ ശബ്ദവും മുരൾച്ചയും കേട്ട് വീട്ടുകാർ പുറത്തിറങ്ങി നോക്കിയപ്പോഴാണ് കൂട്ടിനുള്ളിൽ പുലിയെ കണ്ടത്. ഉടൻ തന്നെ വീട്ടുകാർ സമീപവാസികളെ വിവരമറിയിക്കുകയായിരുന്നു.
പിറവന്തൂർ അലിമുക്ക് ജംക്ഷനിൽ നിന്ന് ഏകദേശം ഒരു കിലോമീറ്റർ മാത്രം അകലെയാണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്. ജനവാസ മേഖലയിൽ പുലി ഇറങ്ങിയത് പ്രദേശത്ത് വലിയ ഭീതിക്ക് ഇടയാക്കിയിരുന്നു.
കഴിഞ്ഞ ദിവസങ്ങളിൽ ശാന്തയുടെ വീടിന്റെ തൊഴുത്തിൽ കെട്ടിയിരുന്ന രണ്ട് ആടുകളെ പുലി ആക്രമിച്ച് കൊലപ്പെടുത്തിയിരുന്നു. ആടുകളെ നഷ്ടപ്പെട്ടതിനെ തുടർന്ന് വൈകുന്നേരങ്ങളിൽ പോലും വീടിന് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയിലായിരുന്നു നാട്ടുകാർ.
ഇതേതുടർന്ന് വനം വകുപ്പ് അധികൃതർ പ്രദേശത്ത് കൂട് സ്ഥാപിക്കുകയായിരുന്നു. പുലി പിടിച്ച ആടുകളിൽ ഒന്നിന്റെ കുഞ്ഞായ മണിക്കുട്ടിയെയാണ് കൂട്ടിൽ ഇരയായി കെട്ടിയിരുന്നത്.
ശാന്ത മക്കളെപ്പോലെ സ്നേഹത്തോടെ വളർത്തിയിരുന്ന ആടുകളെയാണ് പുലി കൊലപ്പെടുത്തിയത്. ഈ സംഭവത്തിന് പിന്നാലെ മാനസികമായി തളർന്ന ശാന്തയ്ക്ക് ജ്യോതികുമാർ ചാമക്കാല എംഎൽഎ പിന്നീട് രണ്ട് ആടുകളെ സമ്മാനമായി നൽകിയിരുന്നു.
പിടിക്കപ്പെട്ടത് മൂന്നു വയസ്സ് പ്രായമുള്ള ആൺപുലിയാണെന്ന് ഡോ. സിബി വ്യക്തമാക്കി.
ആളുകൾ തടിച്ചുകൂടുന്നതിന് മുൻപ് തന്നെ റേഞ്ച് ഓഫിസർ എ. ഷൈജു, ഡപ്യൂട്ടി റേഞ്ച് ഓഫിസർ ശ്രീജിത്ത്, കറവൂർ ആർആർടി സംഘം എന്നിവരുടെ നേതൃത്വത്തിൽ പുലിയെ സ്ഥലത്തുനിന്നും മാറ്റുകയായിരുന്നു.
അമ്പനാർ ഡപ്യൂട്ടി റേഞ്ച് ഓഫിസിലെത്തിച്ച് ആരോഗ്യ പരിശോധനകൾ നടത്തിയ ശേഷം വൈകിട്ടോടെ ഉൾവനത്തിൽ തുറന്നുവിട്ടു. പുലി കൂട്ടിലകപ്പെട്ടതോടെ പ്രദേശവാസികളും ശാന്തയും വലിയ ആശ്വാസത്തിലാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

