കണ്ണൂർ ജില്ലാ ആശുപത്രിയിൽ സൂക്ഷിക്കുന്ന അജ്ഞാത മൃതദേഹങ്ങൾ നടപടിക്രമങ്ങൾ പൂർത്തിയാക്കി സംസ്കരിക്കുന്നതിന് സംവിധാനമില്ലാത്തത് വലിയ പ്രതിസന്ധിയാകുന്നു. പയ്യാമ്പലത്ത് ബന്ധുക്കളുടെ സാന്നിധ്യത്തിൽ ഒരേസമയം പത്ത് മൃതദേഹങ്ങൾ വരെ സംസ്കരിക്കാനുള്ള ആധുനിക സൗകര്യങ്ങൾ കണ്ണൂർ കോർപറേഷനുണ്ട്.
എന്നാൽ നിയമപരമായ നടപടികൾ പൂർത്തിയാക്കി പൊലീസ് കൈമാറുന്ന അജ്ഞാത മൃതദേഹങ്ങൾ ഇവിടെ മറവുചെയ്യാൻ സാധിക്കില്ലെന്നതാണ് പ്രധാന തടസ്സം. ഇതുമൂലം ഇത്തരം മൃതദേഹങ്ങൾ മാസങ്ങളോളമാണ് ആശുപത്രിയിലെ മോർച്ചറി ഫ്രീസറുകളിൽ സൂക്ഷിക്കേണ്ടി വരുന്നത്.
“അജ്ഞാത മൃതദേഹങ്ങൾ പൊലീസ് തന്നെയാണു മറവുചെയ്യുന്നത്. ആംബുലൻസ് ഉൾപ്പെടെയുള്ള ചെലവായതിന്റെ ബിൽ ഹാജരാക്കുന്നതിനനുസരിച്ച് പൊലീസിന് ഈ തുക കോർപറേഷൻ അനുവദിച്ച് കൊടുക്കാറുണ്ട്.” – പി.ഇന്ദിര, മേയർ, കണ്ണൂർ.
നിയമപ്രകാരം എഴുപത്തിരണ്ട് മണിക്കൂർ അഥവാ മൂന്ന് ദിവസം മോർച്ചറിയിൽ സൂക്ഷിച്ചിട്ടും ബന്ധുക്കളെ കണ്ടെത്താൻ സാധിച്ചില്ലെങ്കിൽ ഔദ്യോഗിക നടപടിക്രമങ്ങൾ പാലിച്ച് ഇത്തരം മൃതദേഹങ്ങൾ സംസ്കരിക്കാവുന്നതാണ്. എന്നാൽ ഇതിനുള്ള അടിയന്തര സൗകര്യങ്ങൾ ലഭ്യമല്ലാത്തതിനാൽ ബന്ധുക്കളെ കണ്ടെത്തുന്നതുവരെ മൃതദേഹങ്ങൾ മോർച്ചറിയിൽ തന്നെ കാത്തുസൂക്ഷിക്കേണ്ട
ഗതികേടിലാണ് അധികൃതർ. ഇതിനായി മാസങ്ങൾ തന്നെ വേണ്ടി വരാറുണ്ട്.
ആകെ ആറ് ഫ്രീസറുകൾ മാത്രമുള്ള കണ്ണൂർ ജില്ലാ ആശുപത്രി മോർച്ചറിയിൽ എപ്പോഴും രണ്ടോ മൂന്നോ അജ്ഞാത മൃതദേഹങ്ങൾ ഉണ്ടാകാറുണ്ട്. ഇതിൽ പല ഫ്രീസറുകളും നിരന്തരം തകരാറിലാകുന്നതും സ്ഥിതി കൂടുതൽ വഷളാക്കുന്നുണ്ട്.
പോസ്റ്റ്മോർട്ടത്തിനായി എത്തിക്കുന്ന മറ്റ് സാധാരണ മൃതദേഹങ്ങൾ സൂക്ഷിക്കാൻ പോലും ഇവിടെ ഇടമില്ലാത്ത അവസ്ഥയാണ്. ഇതേത്തുടർന്ന് ദുരിതത്തിലാകുന്ന ബന്ധുക്കൾ മറ്റ് സ്വകാര്യ ആശുപത്രികളെ ആശ്രയിക്കാൻ നിർബന്ധിതരാകുന്നു.
മുൻപ് രണ്ട് മാസം ഫ്രീസറിൽ സൂക്ഷിച്ച ഒരു മൃതദേഹം എത്രയും പെട്ടെന്ന് തിരികെ എടുക്കണമെന്ന് ആവശ്യപ്പെട്ട് കോർപറേഷനും പൊലീസിനും ജില്ലാ ആശുപത്രി അധികൃതർ ഔദ്യോഗികമായി കത്ത് നൽകിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

