എറണാകുളം ബോട്ട് ജെട്ടിക്കു സമീപം വാട്ടർ മെട്രോയുടെ പുതിയ ടെർമിനൽ നിർമാണത്തിന്റെ പ്രാരംഭ പ്രവർത്തനങ്ങൾക്കു തുടക്കമായി. സംസ്ഥാന ജലഗതാഗത വകുപ്പിന്റെ ബോട്ട് ജെട്ടിക്കും സുഭാഷ് പാർക്കിനും ഇടയിൽ ടി.കെ.രാമകൃഷ്ണൻ സ്മാരക ഹാളിനു മുൻവശത്തായാണ് ഈ പുതിയ ടെർമിനൽ യാഥാർത്ഥ്യമാക്കുന്നത്.
15,000 ചതുരശ്രയടി വിസ്തീർണത്തിൽ പണിയുന്ന ഈ ടെർമിനലിനു മുകളിൽ 5000 ചതുരശ്രയടി വാണിജ്യാവശ്യങ്ങൾക്കായി മാറ്റിവെച്ചിട്ടുണ്ട്. ജലഗതാഗത വകുപ്പിന്റെയും ടൂറിസം വകുപ്പിന്റെയും സ്ഥലം ഉൾപ്പെടെ ആകെ 40 സെന്റ് സ്ഥലത്താണ് ടെർമിനൽ നിർമാണം പുരോഗമിക്കുന്നത്.
ആകെ 30 കോടി രൂപയാണ് ഈ പദ്ധതിക്കായി പ്രതീക്ഷിക്കുന്ന ചെലവ്. ഹൈക്കോർട്ട് ജംക്ഷനിലെ പ്രധാന മെട്രോ ടെർമിനലിനു പുറമേയാണ് ബോട്ട് ജെട്ടിയിൽ ഈ പുതിയ സംവിധാനം കൂടി ഒരുക്കുന്നത്.
കുമ്പളം, ഇടക്കൊച്ചി തുടങ്ങിയ സ്ഥലങ്ങളിലേക്ക് വാട്ടർ മെട്രോ സർവീസുകൾ വ്യാപിപ്പിക്കുന്ന ഘട്ടത്തിൽ ഈ പുതിയ ടെർമിനൽ ഒരു പ്രധാന കേന്ദ്രമായി മാറുമെന്നാണ് വിലയിരുത്തൽ. നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായി ഇവിടെയുള്ള ജലഗതാഗത വകുപ്പിന്റെ മൂന്നു ചെറിയ കെട്ടിടങ്ങൾ പൊളിച്ചുമാറ്റും.
അതേസമയം, നിർമാണം ആരംഭിച്ചതിന് പിന്നാലെ വിവിധ കോണുകളിൽ നിന്ന് ആശങ്കകളും പരാതികളും ഉയരുന്നുണ്ട്. ബോട്ട് ജെട്ടി പരിസരങ്ങളിലെ വെള്ളം ഒഴുകിപ്പോകാനുള്ള കാനയ്ക്കു മുകളിൽ നിർമാണത്തിന്റെ ഭാഗമായി മണ്ണിട്ടു മൂടിയതായി പരാതി ഉയർന്നിരുന്നു.
തുടർന്ന് മണ്ണ് നീക്കം ചെയ്തെങ്കിലും, ഇത് എത്രത്തോളം ഫലപ്രദമാണെന്ന് വരും ദിവസങ്ങളിൽ മാത്രമേ വ്യക്തമാകൂ. കൂടാതെ, ഈ പ്രദേശത്തെ ഒട്ടേറെ മരങ്ങളും നിർമാണത്തിനായി മുറിച്ചുമാറ്റിയിട്ടുണ്ട്.
നിലവിലെ ബോട്ടുജെട്ടിയുടെ സമീപത്തായാണ് പുതിയ മെട്രോ ടെർമിനൽ വരുന്നത്. ജലഗതാഗത വകുപ്പിന്റെ ബോട്ട് ജെട്ടിയിൽ വലിയ ബോട്ടുകൾ അടുക്കുന്നതിന് ഭാവിയിൽ ഇതു തടസ്സങ്ങൾ സൃഷ്ടിച്ചേക്കാമെന്ന ആശങ്കയും അപകട
സാധ്യതകളും ജലഗതാഗത വകുപ്പ് ഉന്നയിച്ചിട്ടുണ്ട്. എന്നാൽ, ഈ വിഷയങ്ങളിൽ മെട്രോ അധികൃതരുടെ ഭാഗത്തുനിന്ന് ഇതുവരെ ഔദ്യോഗിക വ്യക്തത ലഭിച്ചിട്ടില്ലെന്ന് ബന്ധപ്പെട്ട
വൃത്തങ്ങൾ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

