തിരുവനന്തപുരം മേനംകുളം സായുധ വനിതാ പൊലീസ് ബറ്റാലിയൻ ഗ്രൗണ്ടിൽ നടന്ന പാസിങ് ഔട്ട് പരേഡിനൊടുവിൽ പൊലീസ് യൂണിഫോമിൽ തിളങ്ങിനിന്ന ഇരുപത്തിമൂന്നുകാരി സി.രാജി തന്റെ അമ്മ രാധയ്ക്ക് നൽകിയ ആ ബിഗ് സല്യൂട്ട് ജീവിതത്തോട് പൊരുതിജയിച്ച അമ്മയ്ക്കുള്ള സ്നേഹസമ്മാനമായി മാറി. “ഈ യൂണിഫോമിന് അമ്മയുടെ വിയർപ്പിന്റെ മണമുണ്ട്.
ദാരിദ്ര്യത്തോട് പൊരുതിയാണ് അമ്മ എന്നെ ഈ നിലയിൽ എത്തിച്ചത്. കഷ്ടപ്പാടുകളുടെ കനൽവഴികൾ താണ്ടി നേടിയെടുത്ത ഈ യൂണിഫോമിന് പൊന്നിനേക്കാൾ വിലയുണ്ട്.” പെരിയ ചാലിങ്കാൽ ഉന്നതിയിലെ പട്ടികവർഗ വിഭാഗത്തിൽപെട്ട
മാവില സമുദായത്തിൽനിന്നുള്ള രാജി വ്യക്തമാക്കി. ഏക മകൾ പിറന്നതിനു പിന്നാലെ ഭർത്താവ് ഉപേക്ഷിച്ചുപോയ നാളുകളിൽ രാധയുടെ മനസ്സിൽ ഒരേയൊരു തീരുമാനമേ ഉണ്ടായിരുന്നുള്ളൂ; പറക്കമുറ്റാത്ത കുഞ്ഞിനെ പൊന്നുപോലെ വളർത്തണം.
വിട്ടുമാറാതെ അലട്ടിയ രോഗങ്ങളും ദുരിതങ്ങളും അമ്മയെ തളർത്തിയില്ല. രാധ കൂലിപ്പണി ചെയ്ത് കിട്ടുന്ന തുച്ഛമായ വരുമാനമായിരുന്നു കുടുംബത്തിന്റെ ഏകാശ്രയം.
പെരിയ ഗവ. ഹയർസെക്കൻഡറി സ്കൂളിൽനിന്ന് പ്ലസ്ടുവും പെരിയ എസ്എൻ കോളജിൽനിന്ന് ഇക്കണോമിക്സിൽ ബിരുദവും പൂർത്തിയാക്കിയ രാജിക്ക് മുന്നിൽ തുടർപഠനത്തിന്റെ വഴികൾ അടഞ്ഞപ്പോൾ മകളെ പഠിപ്പിക്കണമെന്ന വാശിയിൽ രാധ കഠിനാധ്വാനം തുടർന്നു.
അമ്മയുടെ കഷ്ടപ്പാടുകൾ തിരിച്ചറിഞ്ഞ രാജി പിന്നീട് പിഎസ്സി പരീക്ഷാ പരിശീലനത്തിലേക്ക് തിരിഞ്ഞു. തനിക്കുവേണ്ടി വിയർപ്പൊഴുക്കിയ അമ്മയ്ക്ക് കൈത്താങ്ങാകുക എന്നതായിരുന്നു ലക്ഷ്യം.
ഫീസ് നൽകാൻപോലും ബുദ്ധിമുട്ടിയ പ്രതിസന്ധിഘട്ടത്തിൽ പുല്ലൂർ പെരിയ പഞ്ചായത്ത് മുൻ പ്രസിഡന്റ് സി.കെ.അരവിന്ദനും രാധയുടെ ബന്ധുക്കളുമുൾപ്പെടെയുള്ളവർ സഹായഹസ്തവുമായി ഒപ്പംനിന്നു. അതു വെറുതെയായില്ല.
വനിതാ പൊലീസിൽ സിലക്ഷൻ ലഭിച്ചതിനു പിന്നാലെ പിഎസ്സിയുടെ ബീറ്റ് ഫോറസ്റ്റ് ഓഫിസർ, എൽഡി ക്ലാർക്ക് റാങ്ക് ലിസ്റ്റുകളിലും രാജി മുൻനിരയിലെത്തി. ഒടുവിൽ പൊലീസ് ജോലിതന്നെ തിരഞ്ഞെടുക്കുകയായിരുന്നു.
കഴിഞ്ഞ നവംബർ 15ന് ആണ് മേനംകുളം പൊലീസ് ട്രെയ്നിങ് ക്യാംപിൽ രാജി പരിശീലനം ആരംഭിച്ചത്. പാസിങ് ഔട്ട് പരേഡിന് സാക്ഷ്യം വഹിക്കാൻ അമ്മ രാധയ്ക്കൊപ്പം അമ്മാവൻ മനോജ്, ബന്ധുക്കളായ ശരത്, നിധിൻ, നിധീഷ്, അഭിന, ശരണ്യ തുടങ്ങിയവരും ചാലിങ്കാൽ ഉന്നതിയിൽനിന്ന് എത്തിയിരുന്നു.
ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അഭിവാദ്യം സ്വീകരിച്ച ചടങ്ങിൽ, അഭിമാനത്തോടെ മകളെ നോക്കിനിന്ന അമ്മ രാധയുടെ കണ്ണുകളിൽ ആനന്ദക്കണ്ണീരുതിർന്നു. “പ്രതിസന്ധി ഘട്ടത്തിൽ താങ്ങായ എല്ലാവർക്കും നന്ദി.” പരേഡിനുശേഷം രാജി വികാരഭരിതയായി പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

