അമേരിക്കയിലെ ടെക്സസിൽ പ്രവർത്തിക്കുന്ന പ്രമുഖ ഫാസ്റ്റ് ഫുഡ് റെസ്റ്റോറന്റ് ശൃംഖലയായ പോപ്പീസിനെതിരെ ദമ്പതികൾ കോടിക്കണക്കിന് രൂപയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചതോടെ പുതിയ ഭക്ഷ്യസുരക്ഷാ വിവാദം ലോക ശ്രദ്ധ നേടുന്നു. ജസ്റ്റിൻ ഹോവാർഡും ഡാനിയേൽ മക്കിന്നൺ എന്നീ ദമ്പതികളാണ് ഹൂസ്റ്റണിലെ ഔട്ട്ലെറ്റിൽ നിന്ന് വാങ്ങിയ ഫ്രൈഡ് ചിക്കനിൽ കോണ്ടം പോലുള്ള വസ്തു കണ്ടെത്തിയെന്ന് ആരോപിച്ച് നിയമനടപടി സ്വീകരിച്ചിരിക്കുന്നത്.
15 ലക്ഷം ഡോളറിലധികം (ഏതാണ്ട് 14 കോടിയോളം രൂപ) നഷ്ടപരിഹാരമാണ് ഇവർ ആവശ്യപ്പെടുന്നത്. പരാതിക്കാരായ ദമ്പതികൾ കോടതിയിൽ സമർപ്പിച്ച രേഖകൾ പ്രകാരം, ജൂലൈ 25 ന് സൗത്ത് സാം ഹ്യൂസ്റ്റൺ പാർക്ക്വേ വെസ്റ്റിലെ പോപ്പീസ് ഔട്ട്ലെറ്റിൽ നിന്നാണ് ഇവർ ഭക്ഷണം വാങ്ങിയത്.
കുടുംബത്തോടൊപ്പം ഈ ഭക്ഷണം കഴിക്കുന്നതിനിടയിലാണ് ചിക്കന്റെ ഉള്ളിൽ കാഴ്ചയിൽ കോണ്ടം പോലുള്ള അസാധാരണമായ വസ്തു ശ്രദ്ധയിൽപ്പെട്ടത്. ഈ സംഭവം തങ്ങൾക്ക് കടുത്ത മാനസിക ബുദ്ധിമുട്ടുകൾക്കും ആരോഗ്യഭീതിക്കും ഇടയാക്കിയെന്ന് പരാതിക്കാർ വ്യക്തമാക്കുന്നു.
ഭക്ഷണത്തിൽ അന്യവസ്തു കടന്നുകൂടിയത് വഴി മറ്റ് ഭക്ഷണഭാഗങ്ങളും മലിനമായിരിക്കാമെന്ന ആശങ്കയും ഇവർ ഹർജിയിൽ ഉന്നയിച്ചിട്ടുണ്ട്. ഭക്ഷണത്തിൽ നിന്നും ഈ വസ്തു കണ്ടെത്തിയതിനെ തുടർന്ന് ഉടൻ തന്നെ റെസ്റ്റോറന്റിൽ തിരിച്ചെത്തി വിവരം അറിയിച്ചെങ്കിലും ജീവനക്കാരുടെ ഭാഗത്തുനിന്നും മോശം സമീപനമാണ് ഉണ്ടായതെന്ന് ദമ്പതികൾ ആരോപിക്കുന്നു.
പരാതി ഗൗരവമായി കാണുന്നതിന് പകരം ജീവനക്കാർ പരിഹസിച്ച് സംസാരിക്കുകയാണുണ്ടായത്. തുടർന്ന് ഭക്ഷണം മാറ്റിനൽകാൻ മാത്രമാണ് ഇവർ തയാറായതെന്നും, നിരന്തരമായ ആവശ്യത്തിനൊടുവിലാണ് പണം തിരികെ നൽകിയതെന്നും ഹർജിയിൽ പറയുന്നു.
ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ റെസ്റ്റോറന്റിന്റെ ഭാഗത്തുനിന്നും ഗുരുതര വീഴ്ചയുണ്ടായെന്നും ജീവനക്കാർക്ക് മതിയായ മേൽനോട്ടവും പരിശീലനവും നൽകിയില്ലെന്നും പരാതിയിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. സംഭവത്തിൽ പ്രമുഖ ഫാസ്റ്റ് ഫുഡ് ശൃംഖലയുടെ മാതൃകമ്പനിയെയും പ്രാദേശിക ഫ്രാഞ്ചൈസിയെയും പ്രതിചേർത്താണ് കേസ് ഫയൽ ചെയ്തിരിക്കുന്നത്.
മാതൃ കമ്പനിയായ ബർഗർ കിംഗ്, ബ്രാൻഡ്സ് ഇന്റർനാഷണൽ, പോപ്പീസ് ലൂസിയാന കിച്ചൺ, പ്രാദേശിക ഫ്രാഞ്ചൈസി ഓപ്പറേറ്ററായ ആമാന ബിസിനസ്സസ് എന്നിവർക്കെതിരെയാണ് നിയമനടപടി. ശാരീരിക അസ്വസ്ഥതകൾ, മാനസികാഘാതം, ചികിത്സാ ചെലവുകൾ എന്നിവ ചൂണ്ടിക്കാണിച്ചാണ് കനത്ത നഷ്ടപരിഹാരം ആവശ്യപ്പെട്ടിരിക്കുന്നത്.
കേസിൽ റെസ്റ്റോറന്റ് അധികൃതരുടെ ഔദ്യോഗിക പ്രതികരണം ഇതുവരെ ലഭ്യമായിട്ടില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

