ഉരുൾപൊട്ടൽ സാധ്യത മുൻനിർത്തി കനത്ത ജാഗ്രതയിലാണ് കണ്ണൂർ ജില്ല. എതുനിമിഷവും പ്രകൃതിദുരന്തം ഉണ്ടായേക്കാവുന്ന അതിതീവ്ര മേഖലയിൽ 5 പഞ്ചായത്തുകളും, തീവ്ര മേഖലയിൽ 7 തദ്ദേശ സ്ഥാപനങ്ങളും, നേരിയ സാധ്യതയുള്ള 18 പ്രദേശങ്ങളുമാണ് ജില്ലയിലുള്ളത്.
ഈ മാസം ഒന്നിന് ഉച്ചയ്ക്ക് നടന്ന മണ്ണിടിച്ചിലും ഉരുൾപൊട്ടലുമാണ് ചെറുപുഴ പഞ്ചായത്തിൽ വലിയ നാശനഷ്ടങ്ങളുണ്ടാക്കിയത്. കഴിഞ്ഞ 50 വർഷത്തിനിടയിൽ ഇത്രയും ശക്തമായ മഴ ഈ പ്രദേശത്തുണ്ടായിട്ടില്ലെന്നാണ് നാട്ടുകാർ സാക്ഷ്യപ്പെടുത്തുന്നത്.
രാജഗിരി–ജോസ്ഗിരി ഭാഗങ്ങളിലെ കരിങ്കൽ ക്വാറികളാണ് ദുരന്തത്തിന് കാരണമെന്ന് പ്രദേശവാസികളിൽ ഒരു വിഭാഗം ആരോപിക്കുന്നു. നൂറോളം ഏക്കർ കൃഷിയിടമാണ് ഇവിടെ പൂർണ്ണമായും തരിശായി മാറിയത്.
പയ്യാവൂർ, അയ്യൻകുന്ന്, ആറളം, കൊട്ടിയൂർ, കോളയാട് എന്നീ പഞ്ചായത്തുകളാണ് അതിതീവ്ര മേഖലയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഇവിടെ ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ചില്ലെങ്കിൽ ചെറുപുഴയിലെ പോലെ വലിയ ദുരന്തങ്ങൾ ഉണ്ടായേക്കാമെന്ന് ദുരന്തനിവാരണ വിഭാഗം കർശന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ദുരിതമനുഭവിക്കുന്ന ചെറുപുഴ പഞ്ചായത്തിലെ മുഴുവൻ കുടുംബങ്ങൾക്കും ആവശ്യമായ സഹായങ്ങൾ എത്തിക്കുമെന്ന് ജനപ്രതിനിധികളുടെയും സന്നദ്ധ സംഘടനകളുടെയും യോഗത്തിൽ തീരുമാനമായിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിനിടയിൽ ജലാശയത്തിൽ ഒഴുക്കിൽപ്പെട്ട് ജീവൻ നഷ്ടമായ തിരുവനന്തപുരം സ്വദേശി ആർ.
രാജേഷിന്റെ കുടുംബത്തിന് സാമ്പത്തിക സഹായം നൽകാനും യോഗത്തിൽ ധാരണയായി. പഞ്ചായത്ത് പ്രസിഡന്റ് ലൈസമ്മ പനയ്ക്കൽ യോഗത്തിൽ അധ്യക്ഷത വഹിച്ചു.
റോഡുകൾ തകർന്നും കിണറുകൾ ചെളി മൂടിയും വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടും ദുരിതക്കയത്തിലാണ് ജോസ്ഗിരിയിലെ 150 കുടുംബങ്ങൾ. ചെറുപുഴയിൽ നിന്നും ജോസ്ഗിരിയിലേക്കുള്ള ഗതാഗതം രാജഗിരിക്ക് സമീപം പൂർണ്ണമായും സ്തംഭിച്ചിരിക്കുകയാണ്.
എസ് വളവിൽ വലിയ പാറക്കല്ലുകൾ റോഡിലേക്ക് പതിച്ചതാണ് ഗതാഗത തടസ്സത്തിന് കാരണം. മണ്ണുമാന്തിയന്ത്രങ്ങളും ജാക്ക് ഹാമറുകളും ഉപയോഗിച്ച് ഇവ നീക്കം ചെയ്യുന്ന പ്രവൃത്തികൾ പുരോഗമിക്കുന്നുണ്ടെങ്കിലും ഗതാഗതം പൂർവ്വസ്ഥിതിയിലാകാൻ ഒരാഴ്ചയിലേറെ സമയം വേണ്ടിവരും.
“ആറുദിവസമായി വൈദ്യുതിയില്ലാത്തതിനാൽ ശരിക്കും കഷ്ടപ്പെടുകയാണ് ഞങ്ങൾ. ശുദ്ധജലത്തിനാണ് ഏറ്റവും പ്രയാസം.
മിക്കവീടുകളിലെ കിണറും ചെളിവന്നു മൂടി. വൈദ്യുതിയില്ലാത്തതിനാൽ മോട്ടർ പ്രവർത്തിപ്പിക്കാൻ പറ്റുന്നില്ല.
മൊബൈൽ ചാർജ് ചെയ്യാൻ പറ്റാത്തിനാൽ പല വിവരങ്ങളും അറിയുന്നപോലുമില്ല” എന്ന് ജോസ്ഗിരി എസ് വളവിലെ റെജി അഗസ്റ്റിൻ കല്ലൂർ ദുരിതങ്ങൾ വിവരിച്ചു. രാത്രികാലങ്ങളിൽ അടിയന്തര സാഹചര്യങ്ങൾ ഉണ്ടായാൽ രോഗികളെ ആശുപത്രിയിലേക്ക് മാറ്റാൻ സാധിക്കാത്ത ഭയത്തിലാണ് നാട്ടുകാർ.
“ജോസ്ഗിരി–രാജഗിരി റോഡിലെ 2 ക്വാറികളാണ് ഈ നാട് ഇങ്ങനെ ദുരന്തം നേരിടാൻ കാരണം” എന്ന് രോഷത്തോടെയാണ് ചെറുപുഴയിലെ കർഷകനായ പുത്തൻപുരയ്ക്കൽ ജിജോ ജോയ് പ്രതികരിച്ചത്. “ക്വാറികൾക്കു ചുറ്റുമുള്ള സ്ഥലത്താണ് ഉരുൾപൊട്ടലുണ്ടായത്.
എല്ലാ കൊല്ലവും ഇവിടെ ശക്തമായ മഴയുണ്ടാകും. എന്നാൽ ക്വാറി തുടങ്ങിയതിനു ശേഷമാണ് അപകടങ്ങൾ പതിവായത്” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശക്തമായ മഴയിൽ കനത്ത നാശം നേരിട്ട ചെറുപുഴ പഞ്ചായത്തിലെ 8, 9 വാർഡുകളിലെ ജനങ്ങൾക്കും ക്വാറികളുടെ പ്രവർത്തനത്തിനെതിരെ ശക്തമായ പരാതികളാണുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

