കൂത്താട്ടുകുളം നഗരത്തിലെ അതിഥിത്തൊഴിലാളി ക്യാംപുകൾ കടുത്ത അനാരോഗ്യകരമായ സാഹചര്യത്തിലാണ് പ്രവർത്തിക്കുന്നത്. ടൗണിലെ ജയന്തി റോഡിൽ നിന്നു ശ്രീധരീയം ഭാഗത്തേക്ക് പോകുന്ന റോഡിൽ എംസിഎഫിന് സമീപമുള്ള അതിഥിത്തൊഴിലാളി ക്യാംപിന്റെ സ്ഥിതി അതീവ ദാരുണമാണ്.
പടുതയും ഷീറ്റും ഉപയോഗിച്ച് നിർമിച്ചിരിക്കുന്ന ഈ ഷെഡുകളിൽ ദുരിതപൂർണ്ണമായ ജീവിതമാണ് തൊഴിലാളികൾ നയിക്കുന്നത്. 500 സ്ക്വയർ ഫീറ്റോളം മാത്രം വിസ്തൃതിയുള്ള ഷെഡിൽ അൻപതിലധികം ആളുകളാണ് നിലവിൽ താമസിക്കുന്നത്.
മുൻപ് നൂറോളം പേർ ഇവിടെയുണ്ടായിരുന്നു. എന്നാൽ ആവശ്യത്തിന് അടിസ്ഥാന സൗകര്യങ്ങളോ ശുചിമുറികളോ ഇവിടെ ലഭ്യമല്ല.
ക്യാംപിൽ നിന്നുയരുന്ന മാലിന്യങ്ങൾ സമീപത്തുകൂടി ഒഴുകുന്ന ടൗൺ തോട്ടിൽ തള്ളുന്നതായി ഗുരുതര പരാതി ഉയർന്നിട്ടുണ്ട്. തോടിനോട് ചേർന്ന് തന്നെയാണ് സെപ്റ്റിക് ടാങ്ക് സ്ഥിതി ചെയ്യുന്നത്, ഇത് മൂലം ശുചിമുറി മാലിന്യങ്ങൾ നേരിട്ട് തോട്ടിലേക്ക് കലരുന്ന അവസ്ഥയുണ്ട്.
യാതൊരുവിധ നഗരസഭ നമ്പറും ലഭിക്കാത്ത കെട്ടിടത്തിലാണ് ഈ ക്യാംപ് പ്രവർത്തിക്കുന്നത്. സ്വകാര്യ വ്യക്തി തറ വാടകയ്ക്ക് നൽകിയ സ്ഥലത്ത് ഇതര സംസ്ഥാനക്കാരനായ വ്യക്തിയാണ് ഈ ക്യാംപ് നടത്തിവരുന്നത്.
അതിഥിത്തൊഴിലാളികൾക്കുള്ള ഭക്ഷണവും ഈ പരിമിതമായ സ്ഥലത്താണ് പാകം ചെയ്യുന്നത്. ഇവിടെയുള്ള ഇതരസംസ്ഥാനക്കാരനായ ബ്രോക്കർ ഒരാളിൽ നിന്നും താമസത്തിനായി ദിവസം 100 രൂപയും, ഊണിന് 50 രൂപയും, ചെറുകടികൾക്ക് 10 രൂപയും ഈടാക്കുന്നുണ്ട്.
കൂടാതെ പണി പിടിച്ചു നൽകുന്നതിന്റെ പേരിൽ ഒരാളിൽ നിന്ന് 50 രൂപയും ഈ ഈടാക്കുന്നു. സംഭവവുമായി ബന്ധപ്പെട്ട് നഗരസഭയുടെ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ സ്ഥലത്ത് പരിശോധന നടത്തി ക്യാംപ് നടത്തിപ്പുകാരന് നോട്ടിസ് നൽകിയിട്ടുണ്ട്.
എന്നാൽ ടൗണിൽ സമാനമായ രീതിയിൽ വൃത്തിഹീനമായ മറ്റ് ക്യാംപുകളും പ്രവർത്തിക്കുന്നുണ്ടെന്ന് നാട്ടുകാർ ചൂണ്ടിക്കാണിക്കുന്നു. അവിടങ്ങളിലും അടിയന്തരമായി പരിശോധന നടത്തി കർശന നടപടി സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
ഇതിനിടയിൽ അതിഥി തൊഴിലാളികൾക്കിടയിൽ രാസലഹരിയുടെ ഉപയോഗം വർദ്ധിച്ചുവരുന്നതായും ആക്ഷേപങ്ങൾ ഉയരുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

