സംസ്ഥാനത്ത് ഉണ്ടായ അതിതീവ്ര മഴ വ്യാപക നാശനഷ്ടങ്ങൾ വിതച്ചെങ്കിലും, പ്രധാന അണക്കെട്ടുകളിലെ ജലനിരപ്പ് ഉയർന്നത് കേരള സംസ്ഥാന വൈദ്യുതി ബോർഡിന് (കെഎസ്ഇബി) ആശ്വാസമാകുന്നു. എന്നാൽ, ഉടനടി വൈദ്യുതി ഉത്പാദനം വർദ്ധിപ്പിക്കേണ്ടതില്ലെന്നും വരാനിരിക്കുന്ന വേനൽക്കാലത്തേക്ക് വെള്ളം കരുതിവെക്കാനുമാണ് ബോർഡിന്റെ തീരുമാനം.
മഴക്കെടുതികളിൽ കെഎസ്ഇബിക്ക് കോടികളുടെ നഷ്ടം നേരിടേണ്ടി വന്നിട്ടുണ്ടെങ്കിലും, നിലവിലെ വൈദ്യുതി പ്രതിസന്ധികൾക്കിടയിലും ജലനിരപ്പ് ഉയരുന്നത് വലിയ ആശ്വാസമാണ് നൽകുന്നത്. ഈ മാസം ആദ്യ അഞ്ച് ദിവസങ്ങളിൽ 282 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള വെള്ളമാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും, 640 ദശലക്ഷം യൂണിറ്റ് വെള്ളമാണ് അണക്കെട്ടുകളിലേക്ക് ഒഴുകിയെത്തിയത്.
ബുധനാഴ്ച വരെയുള്ള കണക്കുകൾ പ്രകാരം സംസ്ഥാനത്തെ അണക്കെട്ടുകളിൽ ആകെ സംഭരണശേഷിയുടെ 48 ശതമാനം വെള്ളം ലഭ്യമാണ്. നിലവിൽ 1987.78 ദശലക്ഷം യൂണിറ്റ് ഉത്പാദിപ്പിക്കാനുള്ള വെള്ളമാണ് അണക്കെട്ടുകളിലുള്ളത്.
കഴിഞ്ഞ വർഷം ഇതേ ദിവസം ഇത് 3154 ദശലക്ഷം യൂണിറ്റ് ആയിരുന്നു. കഴിഞ്ഞ വർഷത്തെ അത്രയും അളവിൽ എത്തിയില്ലെങ്കിലും, മുൻ ആഴ്ചകളെ അപേക്ഷിച്ച് ജലത്തിന്റെ വരവ് മെച്ചപ്പെട്ടിട്ടുണ്ട്.
മഴ ശക്തമായ ദിവസങ്ങളിൽ സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗത്തിലും ഗണ്യമായ കുറവുണ്ടായി. ഒരാഴ്ച മുൻപ് പ്രതിദിനം 90 ദശലക്ഷം യൂണിറ്റ് ആയിരുന്ന ഉപഭോഗം ബുധനാഴ്ചയായപ്പോഴേക്കും 82.14 ദശലക്ഷം യൂണിറ്റ് ആയി കുറഞ്ഞു.
പുറത്തുനിന്ന് വൈദ്യുതി വാങ്ങുന്നതിന്റെ അളവിലും കുറവുണ്ടായിട്ടുണ്ട്. ഈ മാസത്തെ ആദ്യ ആഴ്ചയിൽ ശരാശരി 57.53 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് പുറത്തുനിന്ന് വാങ്ങിയത്.
കഴിഞ്ഞ മാസമിത് ശരാശരി 68.76 ദശലക്ഷം യൂണിറ്റ് ആയിരുന്നു. ചെറു അണക്കെട്ടുകൾ നിറഞ്ഞതിനെ തുടർന്ന് ജലവൈദ്യുത ഉത്പാദനം വർദ്ധിപ്പിച്ചിട്ടുണ്ട്.
നിലവിൽ ഉത്പാദനം ശരാശരി 20.17 ദശലക്ഷം യൂണിറ്റ് ആയാണ് ഉയർത്തിയത്. കഴിഞ്ഞ മാസം ഇത് ശരാശരി 15.25 ദശലക്ഷം യൂണിറ്റ് ആയിരുന്നു.
എന്നാൽ സംഭരണശേഷിയുടെ പകുതിയോളം മാത്രം വെള്ളമുള്ള വലിയ അണക്കെട്ടുകളിൽ ഉത്പാദനം കൂട്ടാൻ കെഎസ്ഇബി തയ്യാറല്ല. വരാനിരിക്കുന്ന മാസങ്ങളിൽ മഴ കുറയാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം.
കൂടാതെ, പ്രധാന വൃഷ്ടിപ്രദേശങ്ങളിൽ ശക്തമായ മഴ ലഭിച്ചിട്ടുമില്ല. പുറത്തുനിന്ന് കുറഞ്ഞ നിരക്കിൽ വൈദ്യുതി ലഭ്യമാകുന്ന സാഹചര്യത്തിൽ ജലം കരുതലോടെ ഉപയോഗിക്കാനാണ് ബോർഡിന്റെ നീക്കം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

