തിരുവനന്തപുരം: വധശ്രമക്കേസിലെ പ്രതികളെ പിടികൂടുന്നതിനിടയിൽ പൊലീസിന് നേരെ നടന്ന ആക്രമണത്തിൽ രണ്ട് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. വിഴിഞ്ഞം പൊലീസ് സ്റ്റേഷനിലെ സിപിഒമാരായ രാകേഷ്, വിനയകുമാർ എന്നിവർക്കാണ് പരിക്കേറ്റത്.
പ്രതികൾ വിലങ്ങണിഞ്ഞ കൈകൊണ്ട് മർദ്ദിച്ചതിനെ തുടർന്ന് സിപിഒ രാകേഷിന്റെ മൂക്കിന്റെ പാലം തകർന്നു. ഇദ്ദേഹത്തെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയതായാണ് വിവരം.
കൂടാതെ, താക്കോൽ കൊണ്ടുള്ള കുത്തേറ്റ് വിനയകുമാറിന്റെ കഴുത്തിനും പരിക്കേറ്റിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് തിരുവല്ലം ശാന്തിപുരം സ്വദേശികളായ യദു (24), സഹോദരൻ അനന്തു (21) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
ഈ മാസം 4-ന് വെങ്ങാനൂർ സ്വദേശിയായ വിഷ്ണുവിനെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ ഒളിവിൽ കഴിയുകയായിരുന്നു പ്രതികൾ. പൂങ്കുളം ജംഗ്ഷനിൽ കാർ തയാറാക്കി നിർത്തി തൃശൂരിലേക്ക് കടക്കാൻ ഇരുവരും ബൈക്കിൽ എത്തിയപ്പോഴാണ് പ്രത്യേക പൊലീസ് സംഘം ഇവരെ തടഞ്ഞത്.
പ്രതികളെ പിടികൂടാൻ ശ്രമിക്കുന്നതിനിടെയാണ് വിനയകുമാറിന് നേരെ ആദ്യ ആക്രമണം ഉണ്ടായത്. തുടർന്ന് രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ സിപിഒ റെജിൻ നാട്ടുകാരുടെ സഹായത്തോടെ പിന്തുടർന്ന് പിടികൂടുകയായിരുന്നു.
എന്നാൽ ഇവരെ പൊലീസ് ജീപ്പിൽ കയറ്റിയപ്പോഴും ആക്രമണം തുടർന്നു. പിന്നീട് കൂടുതൽ പൊലീസ് സ്ഥലത്തെത്തിയാണ് സ്ഥിതി നിയന്ത്രണവിധേയമാക്കി പ്രതികളെ കസ്റ്റഡിയിലെടുത്തത്.
പരിക്കേറ്റ പൊലീസുകാർ വിദഗ്ധ ചികിത്സ തേടിയിട്ടുണ്ട്. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കുമെന്ന് അധികൃതർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

