പെട്രോളിൽ 20 ശതമാനം എഥനോൾ അടങ്ങിയ ഇ20 ഇന്ധനത്തിന്റെ ഉപയോഗം വാഹനങ്ങളുടെ വിവിധ ഘടകങ്ങളെ പ്രതികൂലമായി ബാധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര സർക്കാരിന് നൽകിയ ഔദ്യോഗിക കത്ത് സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടമൊബീൽ മാനുഫാക്ചറേഴ്സ് (സിയാം) പിൻവലിച്ചു. ഉയർന്ന അളവിലുള്ള ക്ലോറൈഡിന്റെയും ഈർപ്പത്തിന്റെയും സാന്നിധ്യം വാഹനങ്ങൾക്ക് തകരാറുകൾ സൃഷ്ടിക്കുന്നുവെന്ന് വ്യക്തമാക്കി ജൂലൈ 28നാണ് കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന് സംഘടന കത്തയച്ചിരുന്നത്.
ഈ കത്തിലെ വിവരങ്ങൾ മാധ്യമങ്ങളിൽ ചർച്ചയാവുകയും പൊതുജനങ്ങളിൽ ആശങ്കകൾ ഉയരുകയും ചെയ്ത പശ്ചാത്തലത്തിലാണ് നടപടി. തുടർവിവരങ്ങൾ ശേഖരിച്ചതിനും പ്രമുഖ വാഹന നിർമാതാക്കളുമായി ചർച്ചകൾ നടത്തിയതിനും ശേഷം മാത്രമേ കത്തിൽ പരാമർശിച്ചിട്ടുള്ള വിവരങ്ങളും കണക്കുകളും ഔദ്യോഗികമായി സ്ഥിരീകരിക്കാനാകൂ എന്ന് സിയാം വ്യക്തമാക്കി.
ഇ20 ഇന്ധനത്തിലെ ക്ലോറൈഡിന്റെ അളവ് വർധിക്കുന്നത് ഫ്യൂവൽ പമ്പുകൾ, ഫ്യൂവൽ ഇൻജക്ടറുകൾ, എക്സോസ്റ്റ് ഗ്യാസ് റീസർക്കുലേഷൻ (ഇജിആർ) വാൽവുകൾ എന്നിവയ്ക്ക് കേടുപാടുകൾ വരുത്തുമെന്നായിരുന്നു പ്രാഥമിക കണ്ടെത്തൽ. ഇത് വാഹനങ്ങളുടെ എൻജിൻ ഭാഗങ്ങളിൽ തുരുമ്പ് രൂപപ്പെടുന്നതിനും തകരാറുകൾക്കും കാരണമാകുമെന്നും, അതിനാൽ ഇന്ധനത്തിലെ ക്ലോറൈഡിന്റെ അളവ് കർശനമായി നിയന്ത്രിക്കണമെന്നും പെട്രോൾ പമ്പുകളിൽ ഗുണനിലവാര പരിശോധന ശക്തമാക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടിരുന്നു.
എങ്കിലും, വ്യവസായ സംഘടനകൾ, എണ്ണ വിപണന കമ്പനികൾ, ഓട്ടോമൊബീൽ നിർമാതാക്കൾ, പരിശോധനാ ഏജൻസികൾ എന്നിവർ തമ്മിലുള്ള പതിവ് സാങ്കേതിക ചർച്ചകളുടെ ഭാഗമായാണ് കത്ത് നൽകിയതെന്ന് സിയാം ഇന്നലെ പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു. ഇ20 ഇന്ധനവുമായി ബന്ധപ്പെട്ട
സാങ്കേതിക ആശങ്കകൾ ദൂരീകരിക്കുന്നതിനായി കേന്ദ്ര സർക്കാരും വിവിധ എണ്ണക്കമ്പനികളും സ്വീകരിച്ചുവരുന്ന ക്രിയാത്മക നടപടികളെ സംഘടന അഭിനന്ദിച്ചു. രാജ്യത്തിന്റെ ഊർജ സുരക്ഷയിൽ അതീവ പ്രാധാന്യമുള്ള ഇ20 പദ്ധതിക്ക് ഇന്ത്യൻ വാഹന വ്യവസായ മേഖലയുടെ സമ്പൂർണ പിന്തുണയുണ്ടാകുമെന്ന് സിയാം കൂട്ടിച്ചേർത്തു.
നിലവിലെ സാഹചര്യത്തിൽ വാഹന ഉടമകൾ ആശങ്കപ്പെടേണ്ട യാതൊരു ആവശ്യവുമില്ലെന്നും സംഘടന വ്യക്തമാക്കിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

