ഹരിയാനയിലെ സോണിപ്പട്ടിൽ വയോജന മന്ദിരത്തിൽ കഴിഞ്ഞിരുന്ന മുൻ ടെക്സ്റ്റൈൽ വ്യാപാരിയായ ശിവചരൺ റാം രത്തൻ ഗുപ്ത അന്തരിച്ചു. അദ്ദേഹത്തിന്റെ അന്ത്യകർമങ്ങളിൽ നേരിട്ട് പങ്കെടുക്കാൻ മക്കൾ എത്തിയില്ല.
നേപ്പാൾ, ഉത്തർപ്രദേശ്, മുംബൈ എന്നിവിടങ്ങളിൽനിന്ന് വിഡിയോ കോളിലൂടെയാണ് മക്കൾ പിതാവിന്റെ സംസ്കാര ചടങ്ങുകളിൽ പങ്കുചേർന്നത്. കഴിഞ്ഞ ഒന്നര വർഷമായി സോണിപ്പട്ടിലെ വെസ്റ്റ് റാം നഗറിലുള്ള സമാജ് കല്യാൺ ശിക്ഷാ സമിതി നടത്തുന്ന വയോജന മന്ദിരത്തിലാണ് ശിവചരൺ റാം താമസിച്ചിരുന്നത്.
ഭാര്യ മീന നേരത്തെ മരിച്ചു. ദീർഘനാളത്തെ അസുഖത്തെ തുടർന്ന് ചൊവ്വാഴ്ച പുലർച്ചെ 3:30 ഓടെയാണ് അദ്ദേഹം മരിച്ചത്.
വയോജന മന്ദിര അധികൃതർ മൂന്ന് പെൺമക്കളെയും വിവരമറിയിച്ചു. എങ്കിലും സംസ്കാര ചടങ്ങുകൾക്കായി സോണിപ്പട്ടിൽ എത്താൻ മക്കൾക്ക് കഴിഞ്ഞില്ല.
തുടർന്ന് വിഡിയോ കോളിലൂടെ അവർ അന്ത്യകർമങ്ങളിൽ പങ്കുചേരുകയായിരുന്നു. വയോജന മന്ദിര അധികൃതരുടെയും നാട്ടുകാരുടെയും സഹായത്തോടെയാണ് സംസ്കാര ചടങ്ങുകൾ നടത്തിയത്.
ആരോഗ്യസ്ഥിതി മോശമായ വിവരം 20 ദിവസം മുൻപ് തന്നെ മക്കളെ അറിയിച്ചിരുന്നെങ്കിലും അവർ കാണാൻ എത്തിയിരുന്നില്ലെന്ന് വയോജന മന്ദിരം അധികൃതർ വ്യക്തമാക്കി. മൂന്ന് പെൺമക്കൾക്കും ഉയർന്ന വിദ്യാഭ്യാസം നൽകാനാണ് അദ്ദേഹം ജീവിതം മാറ്റിവച്ചതെന്നും അധികൃതർ കൂട്ടിച്ചേർത്തു.
ഇതിൽ രണ്ട് മക്കൾ അധ്യാപകരാണ്. ഗുപ്തയുടെ മരണശേഷം അദ്ദേഹത്തിന്റെ കണ്ണുകൾ ദാനം ചെയ്തു.
അസുഖ ബാധിതനായശേഷം പിതാവുമായി മക്കൾ അധികം സംസാരിച്ചിരുന്നില്ല. നേപ്പാളിൽ അധ്യാപികയായി ജോലി ചെയ്യുന്ന അനിത എന്ന മകൾ ഓൺലൈനായി 5,100 രൂപ അയച്ചുകൊടുക്കുകയും പിതാവിന്റെ അന്ത്യകർമങ്ങൾ നടത്തണമെന്ന് അഭ്യർഥിക്കുകയും ചെയ്തു.
സംസ്കാര ചടങ്ങുകൾക്ക് ശേഷം ചടങ്ങുകളുടെ വിഡിയോകൾ അയച്ചു കൊടുക്കാനും മക്കൾ വയോജന മന്ദിരം അധികൃതരോട് ആവശ്യപ്പെട്ടിരുന്നു.

