ഉയർത്തി നിർമിച്ച പുതിയ റോഡ് എന്ന വിശേഷണമുള്ള ആലപ്പുഴ – ചങ്ങനാശേരി (എസി) റോഡിൽ ഇത്തവണയും വെള്ളം കയറി. മുൻപും സമാനമായ രീതിയിൽ റോഡ് വെള്ളത്തിനടിയിലായിരുന്നു.
ആദ്യം കിടങ്ങറ പാലത്തിനു കിഴക്ക് പൂവം ഭാഗത്തും, കഴിഞ്ഞ ദിവസം മങ്കൊമ്പ് ബ്ലോക്ക് ജംക്ഷനിലുമാണ് ഗതാഗതം തടസ്സപ്പെടുന്ന രീതിയിൽ വെള്ളം ഉയർന്നത്. നിലവിൽ ട്രാക്ടറുകൾക്ക് മാത്രം സഞ്ചരിക്കാൻ കഴിയുന്നത്ര വലിയ വെള്ളക്കെട്ടാണ് ഈ ഭാഗങ്ങളിലുള്ളത്.
പൂവത്ത് ഒരു കിലോമീറ്ററോളം ദൂരത്തിലുണ്ടായിരുന്ന വെള്ളം പിന്നീട് അൽപം ഒഴുകിമാറിയതിനെ തുടർന്ന് ഇന്നലെ മുതൽ ചെറിയ വാഹനങ്ങൾ ഉൾപ്പെടെയുള്ളവ കടന്നുപോയി തുടങ്ങിയിട്ടുണ്ട്. എങ്കിലും, മഴ വീണ്ടും ശക്തമാകുമെന്ന കാലാവസ്ഥാ മുന്നറിയിപ്പുള്ളതിനാൽ യാത്രാദുരിതം പൂർണ്ണമായും ഒഴിഞ്ഞിട്ടില്ല.
കഴിഞ്ഞ വർഷവും ഈ പ്രദേശങ്ങളിൽ വെള്ളം കയറിയിരുന്നു. റോഡ് പുനർനിർമിക്കുന്ന ഘട്ടത്തിൽ ഈ ഭാഗത്ത് മേൽപാലം നിർമിക്കുമെന്നാണ് അധികൃതർ ആദ്യം അറിയിച്ചിരുന്നതെങ്കിലും പിന്നീട് അത് ഒഴിവാക്കുകയാണുണ്ടായത്.
ഇവിടെ റോഡിന് ആവശ്യത്തിന് ഉയരമില്ലെന്ന് പ്രദേശവാസികൾ ശക്തമായ പരാതി ഉന്നയിക്കുന്നുണ്ട്. കിടങ്ങറ ഈസ്റ്റ് പാലത്തിന്റെ ഭാഗത്തുനിന്ന് എസി കനാലിലൂടെ കിഴക്കോട്ടു തിരിഞ്ഞൊഴുകുന്ന വെള്ളത്തിന്റെ ശക്തമായ തള്ളലാണ് പൂവം ഭാഗത്ത് റോഡ് വെള്ളത്തിൽ മുങ്ങാൻ കാരണം.
ഇവിടെനിന്ന് വെള്ളം ഒഴുകിപ്പോകാൻ കാര്യക്ഷമമായ മറ്റ് മാർഗങ്ങളുമില്ല. മൂല പൊങ്ങമ്പ്ര പാടശേഖരത്തിലുണ്ടായ മടവീഴ്ചയാണ് മങ്കൊമ്പ് ഒന്നാംകര മേൽപാലത്തിനും മങ്കൊമ്പ് മേൽപാലത്തിനും ഇടയിലുള്ള ബ്ലോക്ക് ജംക്ഷനിൽ വെള്ളം കയറാൻ ഇടയാക്കിയത്.
ഇതിനെത്തുടർന്ന് ഈ വഴി വലിയ വാഹനങ്ങൾക്ക് മാത്രമാണ് യാത്രാനുമതിയുള്ളത്. മടവീഴ്ചയിൽ വൻതോതിൽ കൃഷിയും നശിച്ചിട്ടുണ്ട്.
തകർന്ന മട കുത്തിസ്ഥാപിക്കാൻ ഏറെ സമയം വേണ്ടിവരുമെന്നാണ് വിലയിരുത്തൽ.
റോഡ് നവീകരിക്കുന്നതിന് ഏതാനും വർഷം മുൻപും ഇവിടെ മടവീഴ്ചയെ തുടർന്ന് വെള്ളം കയറി ഏകദേശം ഒരു മാസത്തോളം ഗതാഗതം പൂർണ്ണമായി തടസ്സപ്പെട്ടിരുന്നു. ഈ പ്രദേശത്തും മേൽപാലം നിർമിക്കാൻ ആലോചനകൾ നടന്നിരുന്നെങ്കിലും പിന്നീട് നടപ്പായില്ല.
മൂന്നു വർഷം മുൻപ് പുനർനിർമാണം പൂർത്തിയായ കോട്ടയം ജില്ലയിലെ പാറയ്ക്കൽ ഭാഗത്തും സമാനമായ രീതിയിൽ വെള്ളം കയറിയിരുന്നു. റോഡ് നിർമാണത്തിനായി അടച്ച കലുങ്കുകൾ തുറക്കാൻ വൈകിയതാണ് അന്ന് വെള്ളം കയറാൻ കാരണമെന്നായിരുന്നു അധികൃതരുടെ വിശദീകരണം.
എന്നാൽ അത്തരം പ്രശ്നങ്ങൾ ഒന്നും ഇല്ലാത്ത മറ്റ് ഭാഗങ്ങളിലും പിന്നീട് വെള്ളം കയറുന്ന സ്ഥിതിയുണ്ടായി. അതേസമയം, മഴക്കാലത്ത് സ്ഥിരമായി വെള്ളം കയറിയിരുന്ന പല പ്രദേശങ്ങളിലും റോഡിന്റെ ഉയരം കൂട്ടിയതിലൂടെ വെള്ളക്കെട്ട് ഒഴിവാക്കാൻ സാധിച്ചിട്ടുണ്ട് എന്നത് വസ്തുവാണ്.
24 കിലോമീറ്റർ നീളമുള്ള എസി റോഡിന്റെ പുനർനിർമാണത്തിനും തുടർന്നുളള നിശ്ചിത കാലത്തെ പരിപാലനത്തിനുമായി ആകെ 671.66 കോടി രൂപയാണ് ചെലവഴിച്ചിട്ടുള്ളത്. 2020-ൽ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോഓപ്പറേറ്റീവ് സൊസൈറ്റിയാണ് ഈ നിർമാണ കരാർ സ്വന്തമാക്കിയത്.
അസർബൈജാൻ കമ്പനിയുമായി ചേർന്നു നടത്തിയ ജോലികളാണ് ഈ റോഡിൽ പൂർത്തിയാക്കിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

