കോട്ടയം പൊലീസ് സഹകരണ സംഘത്തിന്റെ ബഹുനില കെട്ടിട നിർമാണത്തിൽ വ്യാപക ചട്ടലംഘനം നടന്നതായി സഹകരണ വകുപ്പ് ഓഡിറ്റിൽ രൂക്ഷ വിമർശനം.
ഭരണാനുമതി ലഭിച്ച തുകയുടെ ഇരട്ടിയിലധികം തുക നിർമാണത്തിനായി ചെലവഴിച്ചെന്നാണ് പ്രധാന കണ്ടെത്തൽ. ഇതിനിടയിൽ, കനത്ത മഴയിൽ പുതിയ കെട്ടിടം ചോരാൻ തുടങ്ങിയതോടെ ഒരു വിഭാഗം പൊലീസുകാർ തന്നെ ഔദ്യോഗിക പരാതിയുമായി രംഗത്തു വന്നിട്ടുണ്ട്.
കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്താണ് ഈ കെട്ടിട നിർമാണം പൂർത്തീകരിച്ചത്.
സംഘത്തിന്റെ അക്കൗണ്ടിൽനിന്നു കെട്ടിടം പണിക്ക് 2.97 കോടി ഉപയോഗിക്കാനാണു സഹകരണ വകുപ്പിൽനിന്നു അനുമതി വാങ്ങിയിരുന്നത്. എന്നാൽ നിർമാണത്തിനായി ആകെ 6.77 കോടി രൂപയാണ് ചെലവഴിച്ചിട്ടുള്ളത്.
കലക്ടറേറ്റിനു പിൻവശം ജില്ലാ ജയിൽ റോഡരികിൽ ഈസ്റ്റ് പൊലീസ് സ്റ്റേഷനോടു ചേർന്നാണ് ജില്ലാ പൊലീസ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഈ പുതിയ കെട്ടിടം സ്ഥിതി ചെയ്യുന്നത്. അനുമതി ഇല്ലാതെ 3.79 കോടി രൂപ ചെലവഴിക്കുകയും കെട്ടിടത്തിന്റെ രൂപരേഖയിൽ മുൻകൂർ അനുമതി ഇല്ലാതെ മാറ്റം വരുത്തിയെന്നുമാണ് ഓഡിറ്റ് റിപ്പോർട്ടിലെ പ്രധാന വിമർശനം.
ഒരു വർഷം മുൻപ് ഉദ്ഘാടനം നടത്തിയ 4 നില കെട്ടിടത്തിന്റെ ചില ഭാഗങ്ങൾ കഴിഞ്ഞദിവസത്തെ മഴയിൽ ചോർന്നൊലിച്ചതോടെയാണു പരാതികൾ ശക്തമായത്. മഴയെ തുടർന്ന് സെർവർ മുറിയിൽ വെള്ളം കയറുകയും ബാങ്കിങ് സേവനങ്ങൾ 3 ദിവസം പൂർണ്ണമായി നിലനിൽക്കുകയും ചെയ്തു.
ആഭ്യന്തര വകുപ്പിന്റെ 10 സെന്റ് സ്ഥലം കെട്ടിടം പണിയുന്നതിനു കലക്ടറുടെ നേതൃത്വത്തിൽ 30 വർഷത്തേക്കു പാട്ടത്തിനു നൽകുകയായിരുന്നു. സംഘത്തിന്റെ ജനറൽ ഫണ്ടിൽ നിന്നും 2.20 കോടിയും കെട്ടിട
ഫണ്ടിൽ നിന്നും 76.98 ലക്ഷവും ഉൾപ്പെടെയാണ് 2.97 കോടിയുടെ അടങ്കൽ തുകയ്ക്കു ഭരണാനുമതി ലഭിച്ചത്. തൃശൂർ ജില്ലാ ലേബർ കോൺട്രാക്ട് സഹകരണ സംഘം 5.27 കോടി രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ 5.85 കോടി രൂപ ചെലവഴിച്ചു. കൂടാതെ എസ്റ്റിമേറ്റിൽ ഉൾപ്പെടാത്ത പണികൾക്കായി വീണ്ടും 91.62 ലക്ഷം രൂപയും ചെലവാക്കി.
വിവിധ കരാറുകാരാണു പണികൾ പൂർത്തിയാക്കിയത്. കെട്ടിടം പണിയെക്കുറിച്ചു സമഗ്രമായ അന്വേഷണം നടത്തണമെന്നാണ് നിലവിലുള്ള ശക്തമായ ആവശ്യം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

