ഗുരുവായൂരിൽ യുവതിയെ കൊലപ്പെടുത്താൻ പദ്ധതിയിട്ട് എത്തിയ കാമുകനും കൂട്ടാളികളും പൊലീസ് നടത്തിയ പരിശോധനയിൽ പിടിയിലായി. ആഗസ്റ്റ് 4-ാം തീയതി രാവിലെ പടിഞ്ഞാറേനടയിൽ ബൈക്കിൽ സ്ത്രീവേഷം ധരിച്ച് സംശയാസ്പദമായ രീതിയിൽ നിലയുറപ്പിച്ചയാളെയും സുഹൃത്തിനെയും പൊലീസ് ചോദ്യം ചെയ്തതോടെയാണ് ഗൂഢാലോചന പുറത്തായത്.
സ്ത്രീവേഷം ധരിച്ചിരുന്നത് തൊടുപുഴ മുട്ടം ചോലാമറ്റത്തിൽ പ്രസാദ് (43) ആണെന്നും ഇയാൾ ഇരുപതോളം ക്രിമിനൽ കേസുകളിൽ പ്രതിയാണെന്നും പൊലീസ് കണ്ടെത്തി. ഒപ്പമുണ്ടായിരുന്ന തൊടുപുഴ മുട്ടം ഒറ്റപ്ലാക്കൽ ആദർശ് (23) കൊലപാതകശ്രമം ഉൾപ്പെടെയുള്ള കേസുകളിൽ പ്രതിയാണെന്നും വ്യക്തമായിട്ടുണ്ട്.
തുടർന്ന് നടത്തിയ അന്വേഷണത്തിന്റെ ഭാഗമായി അന്നേ ദിവസം വൈകിട്ട് തൊടുപുഴ റജിസ്ട്രേഷനിലുള്ള കാറിൽ 16 ഗ്രാം കഞ്ചാവുമായി മറ്റ് മൂന്ന് യുവാക്കളെയും പൊലീസ് പിടികൂടി. തൊടുപുഴ മുട്ടം തൈപറമ്പിൽ ബിനീഷ് (26), മുട്ടം തോട്ടുകര തേങ്ങിൽ ഷാഹിദ് അലി (24), മണക്കാട് കാരക്കുന്നേൽ സ്റ്റീഫൻ (32) എന്നിവരാണ് പിടിയിലായത്.
തൃശൂരിൽ സ്പായിൽ ജോലി ചെയ്തുവരികയായിരുന്ന തൊടുപുഴ സ്വദേശിനിയായ യുവതി, പ്രസാദ് അല്ലാത്ത മറ്റൊരാളുമായി അടുപ്പത്തിലാണെന്ന് മനസ്സിലാക്കിയാണ് സംഘം ഗുരുവായൂരിലേക്ക് എത്തിയത്. പ്രസാദിനെ ഭയന്നാണ് പെൺകുട്ടി തൃശൂരിൽ നിന്നും ഗുരുവായൂരിലേക്ക് താമസം മാറ്റിയതെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

