വിമാനത്താവളങ്ങളിലെ ഭക്ഷണസാധനങ്ങളുടെ ഉയർന്ന വിലയും രാജ്യത്തെ വർധിച്ചുവരുന്ന ജീവിതച്ചെലവും സംബന്ധിച്ച് സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയ്ക്ക് തുടക്കം കുറിച്ചിരിക്കുകയാണ് ഒരു യാത്രികയുടെ കുറിപ്പ്. വിദേശരാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിൽ ഭക്ഷ്യവസ്തുക്കളുടെ വില അമിതമായി കുതിച്ചുയരുന്നുണ്ടോ എന്ന ആശങ്കയാണ് ഈ കുറിപ്പ് പങ്കുവെച്ചുകൊണ്ട് പലരും ഉന്നയിക്കുന്നത്.
പൂജ സൻവാൾ എന്ന യാത്രക്കാരിയാണ് എക്സ് (ട്വിറ്റർ) പ്ലാറ്റ്ഫോമിലൂടെ തന്റെ അനുഭവം പങ്കുവെച്ചത്. ‘ഹൈദരാബാദ് വിമാനത്താവളത്തിൽ നിന്ന് ഒരു ക്രോസന്റ് വാങ്ങിയപ്പോൾ 184 രൂപ (1.56 സ്വിസ് ഫ്രാങ്ക്) നൽകേണ്ടി വന്നു.
എന്നാൽ ഈ വർഷം ആദ്യം സൂറിച്ച് വിമാനത്താവളത്തിൽ വെച്ച് ഞാൻ ഇത് വാങ്ങിയത് വെറും 1.2 സ്വിസ് ഫ്രാങ്കിനാണ് (ഏകദേശം 142 രൂപ). ഇന്ത്യയിൽ കാര്യങ്ങൾ ഇത്ര വേഗത്തിൽ ഇത്രയധികം ചെലവേറിയതായി മാറുന്നത് എങ്ങനെയാണെന്ന് എനിക്ക് മനസ്സിലാകുന്നില്ല’ എന്നാണ് അവർ കുറിച്ചത്.
ഇതിനൊപ്പം ബില്ലിന്റെ സ്ക്രീൻഷോട്ടുകളും അവർ ചേർത്തിട്ടുണ്ട്. ഈ പോസ്റ്റിന് താഴെ നിരവധി പേരാണ് അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തെത്തിയത്.
ഇന്ത്യയിൽ പാർപ്പിടങ്ങൾ സ്വന്തമാക്കാൻ വൻ തുക ആവശ്യമുള്ള സാഹചര്യമാണെന്നും, ജനങ്ങളുടെ വരുമാന വളർച്ചയ്ക്ക് അനുസൃതമല്ല വിലക്കയറ്റമെന്നും വിമർശകർ അഭിപ്രായപ്പെടുന്നു. മുംബൈയിലെ ബാന്ദ്ര പോലെയുള്ള പ്രദേശങ്ങളിൽ ഒരു ക്രോസന്റിന് 380 രൂപയ്ക്ക് മുകളിൽ വില ഈടാക്കുന്നുണ്ടെന്നും ചിലർ ചൂണ്ടിക്കാണിച്ചു.
അതേസമയം, യൂറോപ്യൻ രാജ്യങ്ങളിൽ ക്രോസന്റ് വളരെ സാധാരണമായ ഒരു ബേക്കറി പലഹാരമാണെന്നും ഏത് ചെറിയ കടയിലും ഇത് കുറഞ്ഞ നിരക്കിൽ ലഭിക്കുമെന്നും ചിലർ മറുപടി നൽകി. എന്നാൽ ഇന്ത്യയിൽ ഇതൊരു പ്രീമിയം പലഹാരമായി കണക്കാക്കുന്നതിനാൽ വിലകൂടുന്നത് സ്വാഭാവികമാണെന്ന വാദവും ഉയരുന്നുണ്ട്.
സ്വിറ്റ്സർലൻഡിൽ ചെന്ന് നമ്മുടെ നാട്ടിലെ പലഹാരങ്ങൾ വാങ്ങിയാലും വലിയ തുക നൽകേണ്ടി വരുമെന്ന് ചൂണ്ടിക്കാണിച്ചവരുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

