ന്യൂഡൽഹി: ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഇന്ത്യയിലിരുന്ന് സ്വന്തം രാജ്യത്തെ ജനങ്ങളെ അഭിസംബോധന ചെയ്തു. വരുന്ന ഡിസംബറോടെ മാതൃരാജ്യത്തേക്ക് തിരികെ പോകാനാണ് താൻ ഉദ്ദേശിക്കുന്നതെന്നും മടങ്ങിയെത്തുന്ന കൃത്യമായ സമയവും തീയതിയും എല്ലാവരെയും വൈകാതെ അറിയിക്കുമെന്നും അവർ വ്യക്തമാക്കി.
ബംഗ്ലാദേശിന്റെ ഭാഗമായ തന്നെ രാജ്യത്ത് നിന്ന് അടർത്തിമാറ്റാനാകില്ലെന്നും വിദൂരത്തിരുന്ന് നാട്ടിൽ നടക്കുന്ന കാര്യങ്ങൾ കാണുന്നുണ്ടെന്നും അവർ പറഞ്ഞു. രാജ്യത്ത് നടന്നത് ആസൂത്രിത ഗൂഢാലോചന
കഴിഞ്ഞ രണ്ട് വർഷമായി ബംഗ്ലാദേശിൽ ഞെട്ടിക്കുന്ന കാര്യങ്ങളാണ് സംഭവിക്കുന്നതെന്നും വലിയ ഭയപ്പാടിലാണ് രാജ്യമെന്നും ഹസീന ചൂണ്ടിക്കാട്ടി.
അന്ന് നടന്ന സംഭവങ്ങളിലെ യാഥാർത്ഥ്യം ജനങ്ങൾ തിരിച്ചറിയണം. നടന്നത് വെറുമൊരു വിദ്യാർത്ഥി പ്രക്ഷോഭമായിരുന്നില്ല.
സമരം അവസാനിപ്പിക്കാൻ താൻ പലതവണ ശ്രമിച്ചിരുന്നുവെങ്കിലും പ്രക്ഷോഭകരുടെ ലക്ഷ്യം വേറെയായിരുന്നു. വിദ്യാർത്ഥികളെ തെറ്റിദ്ധരിപ്പിച്ച് അക്രമത്തിലേക്ക് തിരിച്ചുവിടുകയായിരുന്നു.
അധികാരമാറ്റത്തിന് വേണ്ടി നടത്തിയ വലിയൊരു ഗൂഢാലോചനയായിരുന്നു ഇതെന്ന് മുഹമ്മദ് യൂനൂസ് തന്നെ സമ്മതിച്ച കാര്യമാണെന്നും അവർ തുറന്നടിച്ചു. തകർന്ന സമ്പദ്വ്യവസ്ഥയും അക്രമങ്ങളും
പ്രക്ഷോഭത്തിന്റെ മറവിൽ രാജ്യത്തെ പ്രമുഖ സ്ഥാപനങ്ങളും ആശുപത്രികളും തകർക്കപ്പെട്ടു.
ജയിലിൽ നിന്ന് കുറ്റവാളികളെ തുറന്നുവിട്ട അക്രമികൾ മാധ്യമങ്ങൾക്ക് നേരെയും കടന്നാക്രമണം നടത്തി.
അവാമി ലീഗ് പ്രവർത്തകരെ ക്രൂരമായി കൊലപ്പെടുത്തി. നീതിയല്ല, മറിച്ച് അധികാരം മാത്രമായിരുന്നു അവരുടെ ലക്ഷ്യം.
രാജ്യം ഇതുവരെ കൈവരിച്ച നേട്ടങ്ങളെല്ലാം അവർ തകർത്തു. ഇതുകാരണം സാധാരണക്കാരായ ജനങ്ങളാണ് ഇപ്പോൾ ദുരിതം അനുഭവിക്കുന്നത്.
രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉത്പാദനം (ജിഡിപി) താഴേക്ക് പതിച്ചു. നിക്ഷേപകർ ബംഗ്ലാദേശ് ഉപേക്ഷിച്ചു പോയി.
നിലവിൽ കടം വാങ്ങി പ്രവർത്തിക്കുന്ന സർക്കാരാണ് ഭരിക്കുന്നത്. അവാമി ലീഗിന് ഏർപ്പെടുത്തിയ നിരോധനം നീക്കണമെന്നും രാജ്യത്ത് ജനാധിപത്യ സ്വാതന്ത്ര്യം പുനഃസ്ഥാപിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
പിന്മാറില്ല, മടങ്ങിവരവ് ഉറപ്പ്
ഭയപ്പെടുത്തി തടയാമെന്ന് ആരും കരുതേണ്ടതില്ലെന്ന് വ്യക്തമാക്കിയ ഷെയ്ഖ് ഹസീന, ഏത് കള്ളക്കേസിൽ കുടുക്കി അറസ്റ്റ് ചെയ്താലും താൻ മടങ്ങിയെത്തുമെന്ന് പ്രഖ്യാപിച്ചു. മുൻപും ജയിൽവാസം അനുഭവിച്ചിട്ടുണ്ട്.
1981-ലും സമാനമായ പ്രതിസന്ധി ഘട്ടത്തിലൂടെയാണ് കടന്നുപോയത്. അതിനുശേഷവും ജയിലിലായിട്ടുണ്ട്.
എന്നാൽ ഒന്നുകൊണ്ടും തന്നെ തടഞ്ഞുനിർത്താനാകില്ല. തന്റെ വ്യക്തിപരമായ ഭാവിയേക്കാൾ ജനങ്ങളുടെ ഭാവിക്കാണ് താൻ പ്രാധാന്യം നൽകുന്നത്.
ജനങ്ങളുടെ പുരോഗതിക്കായി മടങ്ങിയെത്തുക എന്നത് തന്റെ കടമയാണെന്നും അതിൽ നിന്ന് പിന്നോട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു. അതേസമയം, ഇന്ത്യയിൽ ഷെയ്ഖ് ഹസീനയ്ക്ക് പൂർണ്ണ സുരക്ഷയുണ്ടെന്ന് വ്യക്തമാക്കിയ അവരുടെ മകൻ, ഹസീനയ്ക്ക് സംരക്ഷണം നൽകുന്ന മോദി സർക്കാരിന് നന്ദിയും രേഖപ്പെടുത്തി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

