ആലപ്പുഴ നഗരമധ്യത്തിൽ മുതിർന്ന ദമ്പതികളെ മുളകുപൊടിയെറിഞ്ഞ് ആക്രമിച്ച് സ്വർണാഭരണങ്ങളും പണവും കവർന്ന കേസിൽ പ്രതി മണിക്കൂറുകൾക്കകം പൊലീസിന്റെ വലയിലായി. കാസർകോട് ഏച്ചിക്കാനം ആനന്ദാശ്രമം ചാമക്കുറ്റി സ്വദേശി രാജ്മോഹൻ (42) ആണ് സൗത്ത് പൊലീസിന്റെ പിടിയിലായത്.
പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും പ്രതിയുടെ മൊബൈൽ ഫോൺ ലൊക്കേഷനും കേന്ദ്രീകരിച്ച് നടത്തിയ ഊർജിതമായ അന്വേഷണമാണ് പ്രതിയെ അതിവേഗം കുടുക്കിയത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ കൈതവന കണിയാംകുളം ‘അപർണ’യിൽ കെ.ആർ.സുദർശൻ (75), ഭാര്യ രത്നകുമാരി (65) എന്നിവരുടെ വീട്ടിലായിരുന്നു സംഭവം.
വീടിന്റെ മുകൾനില വാടകയ്ക്കു നൽകാനുണ്ടെന്ന പരസ്യം കണ്ടാണ് രാജ്മോഹൻ ഇവരെ സമീപിച്ചത്. വാടകക്കരാർ തയ്യാറാക്കാമെന്നു പറഞ്ഞ് വീട്ടിലെത്തിയ പ്രതി, സംസാരിക്കുന്നതിനിടെ മുൻ കയർഫെഡ് പർച്ചേസ് മാനേജരായ സുദർശന്റെ മുഖത്തേക്ക് മുളകുപൊടി എറിയുകയായിരുന്നു.
നിലവിളി കേട്ട് അടുക്കളയിൽ നിന്നുമെത്തിയ രത്നകുമാരിയെയും ആക്രമിച്ച ശേഷം, ഭീഷണിപ്പെടുത്തി 12 പവന്റെ സ്വർണാഭരണങ്ങളും പണവും കവർന്ന് ഇയാൾ കടന്നുകളഞ്ഞു. ആക്രമണത്തിൽ ദമ്പതികൾക്ക് പരുക്കേറ്റിട്ടുണ്ട്.
കവർച്ചയ്ക്ക് ശേഷം കളർകോട് വരെ നടന്നുപോയ പ്രതി, അവിടെനിന്ന് ഓട്ടോറിക്ഷയിൽ നഗരത്തിലെ ധനകാര്യ സ്ഥാപനത്തിലെത്തി 3.5 പവന്റെ മാല പണയം വച്ച് 2.5 ലക്ഷം രൂപ കൈക്കലാക്കി. ഈ തുകയിൽ നിന്ന് 50,000 രൂപ തന്റെ വാടകക്കുടിശിക തീർക്കാനായി അയച്ചുകൊടുത്തു.
തുടര്ന്ന് വൈകിട്ടോടെ വാടയ്ക്കലിലെ വാടകവീട്ടിലെത്തിയ പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാളിൽ നിന്ന് ബാക്കി സ്വർണാഭരണങ്ങളും 5000 രൂപയും പൊലീസ് കണ്ടെടുത്തു.
അന്വേഷണം വഴിതിരിച്ചുവിടാൻ പ്രതി ശ്രമം നടത്തിയിരുന്നു. ആക്രമണത്തിനിടെ സ്വന്തം ഷർട്ടിൽ മുളകുപൊടി വീണതിനാലും പൊലീസിനെ തെറ്റിദ്ധരിപ്പിക്കാനുമായി സുദർശന്റെ ഷർട്ട് ധരിച്ചാണ് ഇയാൾ മടങ്ങിയത്.
തന്റെ ഷർട്ട് ശവക്കോട്ട പാലത്തിൽ നിന്ന് താഴേക്കെറിഞ്ഞെന്നാണ് ഇയാൾ മൊഴി നൽകിയത്.
എറണാകുളത്ത് വാടകയ്ക്കെടുത്ത ഫ്ലാറ്റ് രണ്ടു പേർക്ക് ഒറ്റിക്കു നൽകി 15 ലക്ഷം രൂപ തട്ടിയ കേസിൽ റിമാൻഡിലായിരുന്ന ഇയാൾ രണ്ടാഴ്ച മുൻപാണ് ജാമ്യത്തിൽ ഇറങ്ങിയതെന്ന് സൗത്ത് പൊലീസ് അറിയിച്ചു. തട്ടിപ്പിലൂടെ ലഭിച്ച പണം ഉപയോഗിച്ച് ഇയാൾ എറണാകുളത്ത് കഫെ ആരംഭിച്ചെങ്കിലും കേസിനെ തുടർന്ന് പൂട്ടിപ്പോവുകയായിരുന്നു.
കഴിഞ്ഞ രണ്ടു വർഷത്തിലേറെയായി ആലപ്പുഴ വാടയ്ക്കലിലാണ് ഇയാൾ താമസിച്ചുവരുന്നത്. ആലപ്പുഴ ഡിവൈഎസ്പി ജി.ബി.മുകേഷ്, സൗത്ത് സിഐ വിനീഷ്, എസ്ഐ മുജീബ്, പൊലീസ് ഉദ്യോഗസ്ഥരായ ശ്യാം, വിപിൻ ബഷീർ, അരുൺ, വി.ജി.ബിജു എന്നിവരടങ്ങിയ സംഘമാണ് അന്വേഷണത്തിനു നേതൃത്വം നൽകിയത്.
പ്രതിയെ കവർച്ച നടന്ന വീട്ടിലെത്തിച്ച് തെളിവെടുപ്പു പൂർത്തിയാക്കി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

