ഭാവിയിൽ യുപിഐ ഡിജിറ്റൽ പണമിടപാടുകൾക്ക് വ്യാപാരികളിൽ നിന്നും സർവീസ് ചാർജ് ഈടാക്കുന്നതിനുള്ള വ്യവസ്ഥകളടങ്ങിയ ബിൽ കേന്ദ്രസർക്കാർ ലോക്സഭയിൽ അവതരിപ്പിച്ചു. ഡിജിറ്റൽ പേയ്മെന്റ് സംവിധാനങ്ങളുടെ പരിപാലനത്തിനായി ബാങ്കുകളോ പേയ്മെന്റ് സേവനദാതാക്കളോ വ്യാപാരികളിൽ നിന്നും ഈടാക്കുന്ന തുകയാണ് മർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് അഥവാ എംഡിആർ.
നിലവിൽ ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾക്ക് എംഡിആർ ബാധകമാണെങ്കിലും, ഡിജിറ്റൽ ഇടപാടുകൾ ജനകീയമാക്കുന്നതിന്റെ ഭാഗമായി 2020 ജനുവരി മുതൽ യുപിഐ ഇടപാടുകൾക്കും റുപേയ് ഡെബിറ്റ് കാർഡുകൾക്കും എംഡിആർ പൂർണ്ണമായും ഒഴിവാക്കിയിരിക്കുകയായിരുന്നു. യുപിഐ വ്യാപകമായ പശ്ചാത്തലത്തിൽ, ഈ സംവിധാനം പരിപാലിക്കുന്നതിനും വരുമാനം കണ്ടെത്തുന്നതിനുമായി ഉയർന്ന തുകയുള്ള ഇടപാടുകളിൽ എംഡിആർ ഏർപ്പെടുത്തണമെന്ന് വിവിധ ബാങ്കുകളും പേയ്മെന്റ് കമ്പനികളും നിരന്തരം ആവശ്യപ്പെട്ടിരുന്നു.
നിലവിലുള്ള പേയ്മെന്റ് ആൻഡ് സെറ്റിൽമെന്റ് സിസ്റ്റംസ് നിയമപ്രകാരം യുപിഐയ്ക്കും റുപേയ് ഡെബിറ്റ് കാർഡുകൾക്കും എംഡിആർ ചുമത്താൻ സാധിക്കില്ലായിരുന്നു. എന്നാൽ പുതിയ ഭേദഗതിയിലൂടെ, ഏതൊക്കെ പേയ്മെന്റുകൾക്ക് എംഡിആർ ബാധകമല്ലെന്ന് വെറുമൊരു വിജ്ഞാപനത്തിലൂടെ തീരുമാനിക്കാൻ സർക്കാരിന് അധികാരം ലഭിക്കും.
ഫലത്തിൽ ഭാവിയിൽ എംഡിആർ നടപ്പിലാക്കാൻ പുതിയ നിയമഭേദഗതികളുടെ ആവശ്യമില്ലാതെ വരും. വ്യക്തികൾ തമ്മിലുള്ള പണമിടപാടുകളെ ഈ ഭേദഗതി ബാധിക്കില്ലെന്നതാണ് പ്രധാനപ്പെട്ട
മറ്റൊരു കാര്യം. നിയമഭേദഗതി പാസാക്കപ്പെട്ടാൽ തന്നെ യുപിഐക്ക് ഉടൻ തന്നെ ചാർജ് ഈടാക്കിതുടങ്ങും എന്നർത്ഥമില്ല.
എങ്കിലും ഭാവിയിൽ അത്തരമൊരു തീരുമാനമെടുക്കാൻ സർക്കാരിന് നടപടികൾ കൂടുതൽ ലളിതമാക്കാൻ ഈ നീക്കം സഹായകരമാകും. നിലവിൽ ക്രെഡിറ്റ് കാർഡ് ഇടപാടുകൾക്ക് സാധാരണയായി 1.5 ശതമാനവും ഡെബിറ്റ് കാർഡുകൾക്ക് 0.9% വരെയുമാണ് എംഡിആർ ഈടാക്കുന്നത്.
യുപിഐയുടെ കാര്യത്തിൽ പ്രധാനമായും രണ്ടു നിർദ്ദേശങ്ങളാണ് സർക്കാരിന്റെ പരിഗണനയിലുള്ളത്. ഒന്നുകിൽ നിശ്ചിത തുകയ്ക്ക് മുകളിലുള്ള ഇടപാടുകൾക്ക് എംഡിആർ ചുമത്തുക, അല്ലെങ്കിൽ വ്യാപാരിയുടെ വാർഷിക വിറ്റുവരവ് അടിസ്ഥാനമാക്കി ഫീസ് നിശ്ചയിക്കുക.
1.5 കോടി രൂപയിൽ കൂടുതൽ വാർഷിക വിറ്റുവരവുള്ള വ്യാപാരികളിൽ നിന്ന് 2,000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകൾക്ക് 0.3% മുതൽ 0.5% വരെ എംഡിആർ ചുമത്താൻ ആലോചനയുണ്ട്. ഈ സംവിധാനം നടപ്പിലായാൽ വ്യാപാരികൾക്ക് മേൽ വരുന്ന ബാധ്യത ഭാവിയിൽ ഉപയോക്താക്കളിലേക്ക് കൂടി എത്തിയേക്കാമെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

