കേരളത്തിൽ കുറച്ചു ദിവസത്തെ ഇടവേളയ്ക്ക് ശേഷം സ്വർണവിലയിൽ വലിയ വർധനവ് രേഖപ്പെടുത്തി. വിപണിയിൽ ഗ്രാമിന് 160 രൂപ വർധിച്ച് 13,360 രൂപയായാണ് നിരക്ക് ഉയർന്നിരിക്കുന്നത്.
പവന് 1,280 രൂപ കൂടി 1,06,880 രൂപയിലെത്തി. ഈ മാസത്തിൽ ആദ്യമായാണ് സംസ്ഥാനത്ത് ഇത്രയധികം വില വർധന ഉണ്ടാകുന്നത്.
ഇറാനും യുഎസും തമ്മിൽ സമാധാന കരാറിലെത്തുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിനു പിന്നാലെയാണ് വിപണിയിൽ ഈ മാറ്റം പ്രകടമായത്. ഹോർമുസ് കടലിടുക്ക് തുറക്കാനും 60 ദിവസത്തെ വെടിനിർത്തൽ കരാറിലെത്താനും യുഎസും ഇറാനും തമ്മിൽ ധാരണയായെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ് സൂചിപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ക്രൂഡോയിൽ വില ബാരലിന് 80 ഡോളറിൽ താഴെയായി കുറഞ്ഞു.
ഇരുരാജ്യങ്ങളും സമാധാന കരാറിലെത്തുന്നത് ആഗോളതലത്തിൽ എണ്ണവില കുറയാനും പണപ്പെരുപ്പ ഭീഷണി ഒഴിവാക്കാനും ഇടയാക്കും. ഈ സാഹചര്യമാണ് സ്വർണവില ഉയരുന്നതിന് പ്രധാന കാരണമായത്.
ക്രൂഡോയിൽ വിലയിടിവ് അമേരിക്കൻ ഡോളർ സൂചികയെ 100-ൽ താഴെ എത്തിച്ചു. യുഎസ് ട്രഷറി നിക്ഷേപങ്ങളിൽ നിന്നുള്ള നേട്ടവും കുറഞ്ഞതോടെ സ്വർണത്തിലേക്കുള്ള നിക്ഷേപകരുടെ താൽപര്യം വർധിച്ചു.
ഡോളർ സൂചികയിലുണ്ടായ ഈ വ്യത്യാസം മറ്റ് കറൻസികളിൽ സ്വർണം വാങ്ങുന്നതിനുള്ള ചെലവും ഗണ്യമായി കുറച്ചു. കഴിഞ്ഞ ദിവസങ്ങളിൽ ഔൺസിന് 4050 ഡോളർ നിലവാരത്തിലുണ്ടായിരുന്ന സ്വർണം ഇപ്പോൾ 4100 ഡോളറിനു മുകളിലേക്ക് ഉയർന്നിട്ടുണ്ട്.
ഇന്നലെ 4076 ഡോളറിൽ വ്യാപാരം അവസാനിപ്പിച്ച സ്വർണം ഇന്ന് 4130 ഡോളർ വരെയാണ് ഉയർന്നത്. നിലവിൽ 2.5 ശതമാനത്തോളം നേട്ടത്തോടെ 4129 ഡോളറിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
ഇനി പുറത്തുവരാനിരിക്കുന്ന യുഎസ് തൊഴിൽ കണക്കുകളിലാകും നിക്ഷേപകരുടെ പ്രധാന ശ്രദ്ധ. യുഎസ് ഫെഡ് റിസർവിന്റെ പലിശ നിരക്ക് സംബന്ധിച്ച തീരുമാനങ്ങൾ അറിയാൻ ഇതിലൂടെ സാധിക്കുമെന്നാണ് നിക്ഷേപകരുടെ വിലയിരുത്തൽ.
സംസ്ഥാനത്ത് ലൈറ്റ് വെയ്റ്റ് ആഭരണങ്ങൾ നിർമിക്കാൻ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വർണം ഗ്രാമിന് 135 രൂപ വർധിച്ച് 10,980 രൂപയിലെത്തി. കൂടാതെ, വെള്ളി വില ഗ്രാമിന് 5 രൂപ കൂടി 240 രൂപയായി ഉയർന്നു.
പുതുക്കിയ നിരക്കുകൾ പ്രകാരം ഒരു പവൻ സ്വർണാഭരണം വാങ്ങാൻ പത്തുശതമാനം പണിക്കൂലി ഉൾപ്പെടെ 1.21 ലക്ഷം രൂപയ്ക്ക് മുകളിൽ നൽകേണ്ടി വരും. ആഭരണങ്ങളുടെ ഡിസൈൻ വ്യത്യാസത്തിനനുസരിച്ച് വിലയിലും മാറ്റങ്ങൾ വരുന്നതാണ്.
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി/ഐപിഒ/സ്വർണം മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്.
നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക)
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

