കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയിൽ ശക്തമായ മഴ മുന്നറിയിപ്പ് നൽകിയ പശ്ചാത്തലത്തിൽ, പൊതുജനങ്ങൾ അത്യാവശ്യമല്ലാത്ത യാത്രകൾ പൂർണ്ണമായും ഒഴിവാക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി അധ്യക്ഷ കൂടിയായ കലക്ടർ ഡി.ആർ.മേഘശ്രീ അറിയിച്ചു. യാത്രക്കാരുടെ സുരക്ഷ മുൻനിർത്തി സംസ്ഥാനാന്തര യാത്രകൾക്കും ജില്ലാ ഭരണകൂടം നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
മറ്റു ജില്ലകളിൽ നിന്നും സംസ്ഥാനത്തിന് പുറത്തുനിന്നും വയനാട്ടിലേക്കെത്തുന്ന വാഹനങ്ങൾക്കും ചരക്ക് വാഹനങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തണമെന്ന് നീലഗിരി ജില്ലാ ഭരണകൂടത്തോട് അഭ്യർത്ഥിച്ചിട്ടുണ്ടെന്ന് കലക്ടർ വ്യക്തമാക്കി. കാലാവസ്ഥ അനുകൂലമാകുന്നതുവരെ ഈ നിയന്ത്രണങ്ങൾ കർശനമായി നടപ്പിലാക്കാൻ പൊലീസ്, മോട്ടർ വാഹന വകുപ്പ് എന്നിവയ്ക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
മഴക്കെടുതി രൂക്ഷമായതിനെ തുടർന്ന് ജില്ലയിൽ ഇതുവരെ 10 ദുരിതാശ്വാസ ക്യാംപുകൾ തുറന്നിട്ടുണ്ട്. ഇവിടെ 112 കുടുംബങ്ങളിലെ 408 പേരാണ് കഴിയുന്നത്.
ഇതിൽ 143 പുരുഷന്മാരും 152 സ്ത്രീകളും 113 കുട്ടികളും ഉൾപ്പെടുന്നു. വൈത്തിരി താലൂക്കിൽ നാലും, മാനന്തവാടിയിൽ അഞ്ചും, ബത്തേരിയിൽ ഒരു ക്യാംപുമാണ് നിലവിൽ പ്രവർത്തിക്കുന്നത്.
വൈത്തിരി താലൂക്കിൽ ഇടിയംവയൽ കമ്യൂണിറ്റി ഹാൾ, മേപ്പാടി ജയ്ഹിന്ദ് അങ്കണവാടി, തെക്കുംതറ എയുപി സ്കൂൾ, വെണ്ണിയോട് എസ്എഎൽപി സ്കൂൾ എന്നിവിടങ്ങളിലും, മാനന്തവാടി താലൂക്കിൽ പുളിഞ്ഞാൽ ഗവ.ഹൈസ്കൂൾ, മക്കിയാട് ഹോളിഫെയ്സ് സ്കൂൾ, കൈതകൊല്ലി ഗവ.എൽപി സ്കൂൾ, കുഞ്ഞോം എയുപി സ്കൂൾ, വള്ളിയൂർക്കാവ് എൻഎംയുപി സ്കൂൾ എന്നിവിടങ്ങളിലുമാണ് ക്യാംപുകൾ പ്രവർത്തിക്കുന്നത്. ബത്തേരി താലൂക്കിൽ ശ്രേയസിലാണ് ക്യാംപ് സജ്ജീകരിച്ചിട്ടുള്ളത്.
ജില്ലയിൽ കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കലക്ടർ ഡി.ആർ മേഘശ്രീ ഇന്ന് അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളജുകൾ, അംഗൻവാടികൾ, മതപഠന ക്ലാസുകൾ, ട്യൂഷൻ സെന്ററുകൾ, കോച്ചിങ് ക്ലാസുകൾ, സ്പെഷൽ ക്ലാസുകൾ എന്നിവയ്ക്കെല്ലാം അവധി ബാധകമാണ്.
എന്നാൽ, പൂർണ്ണമായും റസിഡൻഷ്യൽ സംവിധാനത്തിൽ പ്രവർത്തിക്കുന്ന സ്കൂളുകൾക്കും കോളജുകൾക്കും അവധി ബാധകമല്ല. മഴക്കെടുതിയുടെ പശ്ചാത്തലത്തിൽ അടിയന്തര ആരോഗ്യ സാഹചര്യങ്ങൾ നേരിടുന്നതിനും പകർച്ചവ്യാധികൾ പ്രതിരോധിക്കുന്നതിനുമായി ആരോഗ്യ വകുപ്പ് പ്രത്യേക കൺട്രോൾ റൂം തുറന്നിട്ടുണ്ട്.
എലിപ്പനി അടക്കമുള്ള ജലജന്യ രോഗങ്ങൾ പടരാതിരിക്കാൻ കൺട്രോൾ റൂം വഴി കർശന നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. പൊതുജനങ്ങൾക്കായി 04935 240390, 04936 206606, 8589001117 എന്നീ നമ്പറുകളിൽ ആരോഗ്യ വിഭാഗവുമായി ബന്ധപ്പെടാവുന്നതാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

